IslamThouheed

കാഫിര്‍ എന്നതിൻറെ വിവക്ഷ ?

മൂടിവെച്ചു, മറച്ചുവെച്ചു എന്നൊക്കെ അര്‍ഥമുള്ള ‘കഫറ’ എന്ന പദത്തില്‍ നിന്നാണ് ‘കാഫിര്‍’ ഉണ്ടായത്. അതിനാല്‍ ‘മറച്ചുവെക്കുന്നവന്‍’ എന്നാണ് കാഫിര്‍ എന്ന പദത്തിന്റെ അര്‍ഥം. വിത്ത് മറച്ചുവെക്കുന്നവന്‍ എന്ന നിലയില്‍ കര്‍ഷകനെ കാഫിര്‍ എന്ന് വിശേഷിപ്പിക്കാം. വിശുദ്ധ ഖുര്‍ആന്‍ തന്നെ കര്‍ഷകരെക്കുറിച്ച് കാഫിറുകള്‍ (കുഫ്ഫാര്‍) എന്ന് പ്രയോഗിച്ചിട്ടുണ്ട്:

“അറിയുക: ഐഹികജീവിതം കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം പെരുമനടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും ദുരഭിമാനം കാണിക്കലും മാത്രമത്രെ. ഒരു മഴ പോലെ. അതു മൂലമുണ്ടാകുന്ന ചെടികള്‍ ‘കാഫിറു’കളെ വിസ്മയിപ്പിക്കുന്നു. പിന്നീട് അതിന് ഉണക്കം ബാധിക്കുന്നു. അപ്പോഴത് മഞ്ഞളിച്ചതായി നിനക്കു കാണാം. പിന്നീട് അത് തുരുമ്പായിത്തീരുന്നു” (57: 20).

ഇവിടെ ‘കാഫിറു’കളെന്നതിന്റെ വിവക്ഷ കര്‍ഷകരാണെന്നത് സുസമ്മതവും സുവിദിതവുമത്രെ. സത്യവും അസത്യവും വന്നെത്തിയ ശേഷം സത്യത്തെ ബോധപൂര്‍വം മറച്ചുവെക്കുന്നവനും അതിനെ അവിശ്വസിക്കുന്നവനും നിഷേധിക്കുന്നവനുമാണ് കാഫിര്‍. ‘നന്ദികെട്ടവന്‍’ എന്ന അര്‍ഥത്തിലും ഖുര്‍ആന്‍ ഈ പദം പ്രയോഗിച്ചിട്ടുണ്ട്. “അതിനാല്‍ നിങ്ങള്‍ എന്നെ സ്മരിക്കുക. എന്നോട് നന്ദിയുള്ളവരായിരിക്കുക. നന്ദികെട്ടവര്‍(കാഫിറുകള്‍) ആവാതിരിക്കുക”(2: 152).

തനിക്കു ലഭിച്ച ഉപകാരങ്ങളും ഔദാര്യങ്ങളും മറച്ചുവെക്കലാണല്ലോ നന്ദികേട്. അതിനാല്‍ ‘മറച്ചുവെക്കുക’ എന്നതില്‍നിന്നുതന്നെയാണ് നന്ദികേട് എന്ന അര്‍ഥവും സിദ്ധിച്ചത്. എന്നാല്‍, ‘സത്യത്തെ നിഷേധിച്ചവരും അവിശ്വസിച്ചവരും’ എന്ന അര്‍ഥത്തിലാണ് കാഫിറുകള്‍ എന്ന പദം കൂടുതലും പ്രയോഗിച്ചിട്ടുള്ളത്. ഖുര്‍ആനില്‍ ‘കഫറ’യും ‘കാഫിറു’മായി ബന്ധപ്പെട്ട പദങ്ങള്‍ അഞ്ഞൂറോളം സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. അവയിലൊരിടത്തുപോലും അമുസ്ലിം എന്ന അര്‍ഥത്തില്‍ അത് പ്രയോഗിച്ചിട്ടില്ല.

മനുഷ്യനെയും അവന്‍ ജീവിക്കുന്ന പ്രപഞ്ചത്തെയും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ദൈവത്തെയും അവന്‍ നല്‍കിയ സന്ദേശത്തെയും നിഷേധിക്കുന്നവനാണ് കാഫിര്‍. അവന്‍ പരമമായ സത്യത്തെ നിഷേധിക്കുന്നവനത്രെ. മനുഷ്യന് ജീവനും ജീവിതവും ജീവിത വിഭവങ്ങളും നല്‍കിയ സ്രഷ്ടാവില്‍ വിശ്വസിച്ച് അവന്റെ ഔദാര്യങ്ങള്‍ക്ക് നന്ദി കാണിക്കാത്തവനെന്ന നിലയിലും അവന്‍ കാഫിര്‍ തന്നെ. സത്യം വന്നെത്തിയിട്ടും അതംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യാതെ മറച്ചുവെക്കുന്നവനെന്ന നിലയിലും അത്തരക്കാര്‍ കാഫിറുകളാണ്. സത്യം വന്നെത്തുകയും മനസ്സിലാക്കുകയും ചെയ്യാത്തവര്‍ അതിനെ മറച്ചുവെക്കുന്ന പ്രശ്നം ഉദ്ഭവിക്കുന്നില്ലല്ലോ.

Also read: വിധിവിശ്വാസം: ഇസ് ലാമിക വീക്ഷണം

കാഫിര്‍ എന്ന പദം സംബോധനക്കുള്ള പേരെന്ന നിലയിലല്ല ഖുര്‍ആന്‍ പ്രയോഗിച്ചത്. പരിഹസിക്കാനോ ശകാരിക്കാനോ അധിക്ഷേപിക്കാനോ വേണ്ടിയുമല്ല. മറിച്ച്, ഒരവസ്ഥയെ വിശദീകരിക്കാനും അതിന്റെ പരിണതി അറിയിക്കാനുമാണ്. അതിനാല്‍, ഖുര്‍ആന്‍ ആരാണ് കാഫിര്‍ എന്ന് വിശദീകരിക്കുന്നു:

“അല്ലാഹുവെയും അവന്റെ ദൂതന്മാരെയും തള്ളിപ്പറയുന്നവരും, അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാനുദ്ദേശിക്കുന്നവരും, ‘ഞങ്ങള്‍ ചിലരെ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു’ വെന്ന് പറയുന്നവരും, വിശ്വാസത്തിനും നിഷേധത്തിനുമിടയില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കാനുദ്ദേശിക്കുന്നവരുമുണ്ടല്ലോ. അറിയുക: അവര്‍ തന്നെയാണ് യഥാര്‍ഥ സത്യനിഷേധികള്‍. അത്തരം സത്യനിഷേധികള്‍ക്കു നാം നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.” (4: 150,151).

ഖുര്‍ആനില്‍ ഒരിടത്തുമാത്രമേ ഭൂമിയിലെ കാഫിറുകളെ സംബോധന ചെയ്യുന്നുള്ളൂ; സൂറ അല്‍കാഫിറൂനില്‍. തീര്‍ത്തും പ്രത്യേകമായ പശ്ചാത്തലത്തില്‍ പ്രവാചകനോടുള്ള നിര്‍ദേശത്തിന്റെ ഭാഗമാണത്. ഇസ്ലാമിക പ്രബോധനത്തിനെതിരെ മക്കയിലെ ഖുറൈശിക്കൂട്ടം എതിര്‍പ്പിന്റെ കൊടുങ്കാറ്റഴിച്ചുവിട്ടു. മര്‍ദനത്തിന്റെ സമ്മര്‍ദത്തില്‍ പ്രവാചകനും അനുചരന്മാരും തങ്ങളുടെ നിര്‍ദേശങ്ങള്‍ക്കു വഴങ്ങുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. അങ്ങനെ അവര്‍ പലവിധ നിര്‍ദേശങ്ങളും പ്രവാചകന്റെ മുമ്പില്‍ സമര്‍പ്പിച്ചു. അവയിലൊന്ന് ഇതായിരുന്നു: “മക്കയിലെ ഏറ്റവും വലിയ സമ്പന്നനാകാന്‍ മാത്രമുള്ള സ്വത്ത് ഞങ്ങള്‍ താങ്കള്‍ക്കു തരാം. ഇഷ്ടമുള്ള ഏതു യുവതിയെയും കല്യാണം കഴിച്ചുതരാം. ഞങ്ങള്‍ താങ്കളെ പിന്തുടരാനും സന്നദ്ധമാണ്; താങ്കള്‍ ഞങ്ങളുടെ ഒരു ഉപാധി മാത്രം സ്വീകരിച്ചാല്‍ മതി: ഞങ്ങളുടെ ദൈവങ്ങളെ വിമര്‍ശിക്കരുത്. താങ്കള്‍ക്ക് ഇതു സ്വീകാര്യമല്ലെങ്കില്‍ ഞങ്ങള്‍ക്കും താങ്കള്‍ക്കും ഗുണകരമായ മറ്റൊരു നിര്‍ദേശം ഉന്നയിക്കാം.” പ്രവാചകന്‍ ചോദിച്ചു: “അതെന്താണ്?” അവര്‍ പറഞ്ഞു: “ഒരു കൊല്ലം താങ്കള്‍ ഞങ്ങളുടെ ദൈവങ്ങളായ ലാത്തയെയും ഉസ്സയെയും ആരാധിക്കുക. ഒരു കൊല്ലം ഞങ്ങള്‍ താങ്കളുടെ ദൈവത്തെ ആരാധിക്കാം” (ഇബ്നുജരീര്‍, ഇബ്നു അബീഹാതിം, ത്വബ്റാനി).

Also read: മലകുകള്‍: ആജ്ഞാനുസാരം പ്രവര്‍ത്തിപ്പിക്കുന്നവർ

ഇതിനുള്ള ദൈവിക പ്രതികരണമായാണ് പ്രസ്തുത അധ്യായം അവതീര്‍ണമായത്. അതിനാലിത് പൊതുവായ സംബോധനയോ പ്രബോധിതരോടുള്ള സംബോധനയോ അല്ല, തീര്‍ത്തും നിരര്‍ഥകമായ സന്ധിനിര്‍ദേശങ്ങളോടുള്ള നിരാസപരമായ വിടപറയലിന്റെ വേളയിലെ സംബോധനയാണ്.

സത്യപ്രബോധനം നടത്തേണ്ട ആവശ്യമില്ലാത്ത വിധം സത്യനിഷേധത്തില്‍ മൂടുറച്ചുപോയവര്‍ മാത്രമേ ‘കാഫിറുകളേ’ എന്ന സംബോധനക്ക് അര്‍ഹരാകുന്നുള്ളൂ എന്ന് വിശുദ്ധ ഖുര്‍ആന്‍ പരിശോധിക്കുമ്പോള്‍ ആര്‍ക്കും ബോധ്യപ്പെടും. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ ഒരിടത്തുപോലും അമുസ്ലിംകളെ ‘കാഫിറുകള്‍’ എന്ന് സംബോധന ചെയ്തിട്ടില്ല. പൊതുസമൂഹത്തെ സംബോധന ചെയ്യാനും പരിചയപ്പെടുത്താനും ഖുര്‍ആന്‍ സ്വീകരിച്ച പദം ‘ജനങ്ങള്‍’, ‘മനുഷ്യര്‍’ എന്നൊക്കെ അര്‍ഥമുള്ള ‘അന്നാസ്’ എന്നതാണ്. വിശുദ്ധ ഖുര്‍ആനിലെ കാഫിറുകളെ സംബന്ധിച്ച പരാമര്‍ശങ്ങളെല്ലാം അവര്‍ ആരെന്ന് വിശദീകരിക്കാനും അവരുടെ സമീപനം വ്യക്തമാക്കാനും അവരോട് സ്വീകരിക്കേണ്ട നയം പഠിപ്പിക്കാനും ഈ ലോകത്തും പരലോകത്തുമുള്ള അവരുടെ അവസ്ഥ വരച്ചുകാണിക്കാനുമാണ്.

കാഫിറുകള്‍ പരലോകത്ത് ശിക്ഷാര്‍ഹരാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നു. അതോടൊപ്പം സത്യസന്ദേശം ലഭിക്കാത്തവര്‍ ശിക്ഷിക്കപ്പെടുകയില്ലെന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു. ദൈവിക സന്മാര്‍ഗത്തെ സംബന്ധിച്ച് അറിയാത്തവര്‍ കാഫിറുകളല്ലെന്ന് ഇക്കാര്യവും സംശയാതീതമായി വ്യക്തമാക്കുന്നു.

Also read: ഇസ്‌ലാം അനുശാസിക്കുന്ന ദൈവവിശ്വാസം

അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഹിന്ദുക്കളെ മുസ്ലിംകള്‍ കാഫിറുകളെന്ന് വിളിക്കാന്‍ പാടില്ല. പത്ത് നൂറ്റാണ്ടുമുമ്പ് ഇന്ത്യ സന്ദര്‍ശിച്ച് പന്ത്രണ്ടു വര്‍ഷം ഇവിടെ താമസിച്ച് ഇന്ത്യയെയും ഇന്ത്യക്കാരെയും ഹിന്ദുക്കളെയും ഹിന്ദു ദര്‍ശനത്തെയും സംബന്ധിച്ച് ‘കിതാബുല്‍ ഹിന്ദ്’ എന്ന ശ്രദ്ധേയമായ ഗ്രന്ഥം രചിച്ച അബൂറയ്യാന്‍ അല്‍ബിറൂനി അക്കാലത്തുപോലും ഇവിടത്തെ അമുസ്ലിംകളെ ‘കാഫിറുകള്‍’ എന്ന് വിളിച്ചിട്ടില്ല. ‘ഹിന്ദുക്കള്‍’ (അല്‍ഹുനൂദ്) എന്നാണ് വിശേഷിപ്പിക്കുകയും വിളിക്കുകയും ചെയ്തത്.

You may also like

More in:Islam

Leave a reply

Your email address will not be published. Required fields are marked *