വിവാഹമോചനം
ഇസ്ലാമിക വീക്ഷണത്തിൽ വിവാഹം വിശുദ്ധമായ ഉടമ്പടിയാണ്. സുദൃഢമായ കരാർ. “സ്ത്രീകൾ നിങ്ങളിൽനിന്ന് ബലിഷ്ഠമായ കരാറാണ് വാങ്ങിയിരിക്കുന്നത്”(ഖുർആൻ: 4: 21).
മനുഷ്യൻ പാലിക്കാൻ ഏറ്റവുമേറെ കടപ്പെട്ട ഉടമ്പടിയും അതുതന്നെ. പ്രവാചകൻ പറയുന്നു: “സ്ത്രീ പുരുഷബന്ധം നിയമവിധേയമാക്കാൻ നിങ്ങൾ ചെയ്ത കരാറാണ് ഉടമ്പടികളിൽ നിറവേറ്റാൻ ഏറ്റം ബാധ്യസ്ഥമായത്”(ബുഖാരി).
വിവാഹത്തിലൂടെ അല്ലാഹു സ്ത്രീയെയും പുരുഷനെയും പരസ്പരം ബന്ധിപ്പിക്കുന്നു. അതിനുശേഷം അവരെ ഓരോരുത്തരെയും ‘ഇണ’യെന്നാണ് വിളിക്കുക. അതിനുമുമ്പ് അവർ ഒറ്റപ്പെട്ട വ്യക്തികളായിരുന്നു. വിവാഹത്തോടെ അവർ ഇണകളാകുന്നു. ഇരുവരും പരസ്പരം പ്രതിനിധീകരിക്കുന്നു. തന്നോടൊപ്പം മറ്റൊരാളുടെ കൂടി വേദനകളും പ്രതീക്ഷകളും സുഖ-ദുഃഖങ്ങളും പങ്കിടുന്നു. ഭരിക്കുന്നവൻ എന്നർഥം വരുന്ന ‘ഭർത്താവ്’, ഭരിക്കപ്പെടുന്നവളെന്നർഥമുള്ള ‘ഭാര്യ’ എന്നീ പദങ്ങൾ ഖുർആന്ന് തീർത്തും അന്യമാണ്. ഉയർന്ന സ്നേഹബന്ധത്തെയും പരസ്പര ലയനത്തെയും ഉൾച്ചേരലിനെയും പ്രതിനിധീകരിക്കുന്ന ‘ഇണ'(സൌജ്)കളെന്ന ഖുർആനിക പദപ്രയോഗം പോലും ഉന്നതമായൊരു സംസ്കൃതിയെയാണ് പ്രതിനിധീകരിക്കുന്നത്.
വിവാഹം
ലൈംഗിക വികാരങ്ങളുടെ പൂർത്തീകരണത്തിന് വ്യക്തമായ നിയന്ത്രണവും ക്രമവും അനിവാര്യമാണ്. അത്യപൂർവം അരാജകവാദികളല്ലാത്തവരൊക്കെയും ഇത് അംഗീകരിക്കുന്നു. താന്തോന്നികളും തെമ്മാടികളുമായ അത്തരക്കാരെ സമൂഹം എക്കാലവും അവഗണിക്കാറാണ് പതിവ്.
ഇണകളുടെ കൂട്ടുജീവിതത്തിനും ലൈംഗികവേഴ്ചക്കും സാമൂഹികാംഗീകാരവും വ്യവസ്ഥാപിതത്വവും നൽകുന്ന മഹത്കൃത്യമാണ് വിവാഹം. അത് തീർത്തും ദൈവനിർദിഷ്ഠവും മതപരവുമാണെങ്കിലും ഈശ്വരവിശ്വാസമില്ലാത്തവരും മതനിഷേധികളും പ്രായോഗിക ജീവിതത്തിൽ അത് അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വിവാഹബാഹ്യ ബന്ധങ്ങളെ അതിലേർപ്പെടുന്നവർ പോലും നിന്ദ്യമായി ഗണിക്കുന്നു.
സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകമാണ് കുടുംബം. അത് രൂപപ്പെടുന്നത് വിവാഹത്തിലൂടെയാണ്. പൊരുത്തമുള്ള ദാമ്പത്യമാണ് പക്വമായ തലമുറക്ക് തൊട്ടിലൊരുക്കുന്നത്. ദാമ്പത്യ ബന്ധത്തിലെ താളപ്പിഴകൾ കുടുംബഘടനയെ തകർക്കും. ആരോഗ്യകരമായ സാമൂഹിക സംവിധാനത്തിന് ഭദ്രമായ കുടുംബവ്യവസ്ഥ അനിവാര്യമാണ്.
Also read: ജിഹാദ്
കേവലമായ ലൈംഗികവേഴ്ചയല്ല ദാമ്പത്യം. തീർച്ചയായും ദാമ്പത്യത്തിൽ ഇണചേരലിന് വമ്പിച്ച പ്രാധാന്യമുണ്ട്. എന്നാൽ അത് വെറും ശാരീരിക ബന്ധമോ നൈമിഷികമായ ഏർപ്പാടോ അല്ല. ഭിന്നമായ സാഹചര്യങ്ങളിൽ വളർന്നുവരുന്ന രണ്ടു വ്യക്തികൾ ആയുഷ്കാലം മുഴുവനും ഒത്തൊരുമിച്ച് ജീവിക്കലാണ്. വരുംതലമുറയുടെ അസ്തിവാരമായി വർത്തിക്കലാണ്. അതുകൊണ്ടുതന്നെ ദാമ്പത്യം വലിയ കലയാണ്. അതിന് വഴിയൊരുക്കുന്ന വിവാഹം ഏറെ കരുതലോടെയും മുന്നൊരുക്കത്തോടെയും നിർവഹിക്കേണ്ട കാര്യവും.
ഇസ്ലാം മുന്നോട്ടുവെക്കുന്ന ദാമ്പത്യം ഭൌതികശാസ്ത്രമായ ഗണിതത്തിന്റെ മാനദണ്ഡങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമാണ്. കണക്കു പുസ്തകത്തിന്റെ ഭാഷയിൽ ഒന്നും ഒന്നും ചേർന്നാൽ രണ്ടാണല്ലോ. ഇസ്ലാം പഠിപ്പിക്കുന്ന ദാമ്പത്യത്തിന്റെ ലോകത്ത് ഒന്നും ഒന്നും ചേർന്നാൽ ‘ഇമ്മിണി വലിയ ഒന്നാ’ണ്. രണ്ടു മഹാ പ്രവാഹങ്ങൾ ചേർന്ന് ഒന്നാകുന്നപോലെ രണ്ടു ജീവിതങ്ങൾ ചേർന്ന് ഒന്നായി മാറുന്ന വിസ്മയകരവും വിവരണാതീതവുമായ പ്രക്രിയയാണത്. ഖുർആൻ പുരുഷനെ സ്ത്രീയുടെയും സ്ത്രീയെ പുരുഷന്റെയും വസ്ത്രമായി വിശേഷിപ്പിക്കാനുള്ള കാരണവും അതുതന്നെ (2: 187). വിവാഹ ബന്ധത്തിന്റെ അടിസ്ഥാനം സ്നേഹ-കാരുണ്യ- വാൽസല്യ വികാരങ്ങളായിരിക്കണമെന്ന് അതാവശ്യപ്പെടുന്നു (30: 21). സ്നേഹിക്കപ്പെടുന്നതിനുവേണ്ടി സർവതും സമർപ്പിക്കാൻ ഏതു മനുഷ്യനും സന്നദ്ധനായിരിക്കും. അതിനാൽ പാവനമായ സ്ത്രീ-പുരുഷ ബന്ധത്തിന് പക്വതയെത്തിയ പ്രേമമാണാവശ്യം. അതുണ്ടാകുമ്പോഴാണ് ഇണയുടെ ആവശ്യം അന്വേഷിച്ചറിഞ്ഞ് അത് പൂർത്തീകരിച്ചുകൊടുക്കാൻ ദമ്പതികൾ തിടുക്കം കാട്ടുക. പരസ്പര സ്നേഹമുള്ളവർ സ്വാർഥം വെടിഞ്ഞ് തന്റെ ഇണയുടെ സുഖത്തിലും സന്തോഷത്തിലും ശ്രദ്ധ പതിപ്പിക്കുന്നു. അന്യോന്യം ചേർന്നു നീങ്ങുന്നതിൽ നിതാന്തമായ നിർവൃതി കണെടത്തുന്നു. പക്വമായ സ്നേഹം ക്രമേണ വളരുകയാണ് ചെയ്യുക. പരസ്പര വിശ്വാസത്തിന്റെയും മറ്റു മാനുഷിക പരിഗണനകളുടെയും അടിത്തറയിൽ പടുത്തുയർത്തിയ സ്നേഹബന്ധം ദമ്പതികളെ അഭിപ്രായ വ്യത്യാസങ്ങൾ അവഗണിക്കാനും പ്രാരാബ്ധങ്ങൾ മനഃപ്രയാസമില്ലാതെ പരിഹരിക്കാനും പ്രേരിപ്പിക്കുന്നു.
ദാമ്പത്യം ധന്യമാകാൻ
കാലവർഷത്തിന് കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ പുരുഷന്റെ പ്രേമത്തിനും സൽപ്പെരുമാറ്റത്തിനും പ്രതീക്ഷ പുലർത്തുന്ന പ്രകൃതമാണ് പെണ്ണിന്റേത്. അതിനാൽ, അവരോടുള്ള സമീപനം അത്തരത്തിലായിരിക്കണമെന്ന് അല്ലാഹു അനുശാസിക്കുന്നു: “അവരോട് നിങ്ങൾ നല്ല നിലയിൽ വർത്തിക്കുക”(ഖുർആൻ 4: 19).
Also read: ഖുര്‍ആന്റെ യുദ്ധസമീപനം
സ്ത്രീകൾ പുരുഷന്മാരിൽ അർപ്പിക്കപ്പെട്ട അല്ലാഹുവിന്റെ അമാനത്താണ്. മുഹമ്മദ്നബി തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു: “സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹുവിൽനിന്നുള്ള അമാനത്തായാണ് അവർ നിങ്ങളിൽ അർപ്പിക്കപ്പെട്ടിരിക്കുന്നത്”(തിർമിദി).
അതിനാൽ, അവരുമായി ഏറ്റം നന്നായി വർത്തിക്കുന്നവരാണ് ഉൽകൃഷ്ടരും മാന്യന്മാരും. പ്രവാചകൻ പറയുന്നു: “നിങ്ങളിൽ ഏറ്റവും ഉത്തമർ തങ്ങളുടെ ഭാര്യമാരോട് ഏറ്റം നന്നായി പെരുമാറുന്നവരാണ്”(അഹ്മദ്, തിർമിദി).
പുരുഷനെ അപേക്ഷിച്ച് സ്ത്രീ അബലയാണ്. അതിനാൽ, അവളെ അടിച്ചമർത്തി ദ്രോഹിക്കാവതല്ല. “അവരെ കഷ്ടപ്പെടുത്താനായി നിങ്ങൾ അവരെ ദ്രോഹിക്കരുത്”(ഖുർആൻ 65: 6).
ഇസ്ലാമിക വീക്ഷണത്തിൽ വിവാഹബന്ധം അനശ്വരമാണ്. ഭാര്യാഭർത്താക്കന്മാർ എക്കാലവും ഒത്തുജീവിക്കാനുള്ള ശാശ്വതമായ കരാറാണത്. അതുകൊണ്ടുതന്നെ സമയനിർണയ ബന്ധമോ താൽക്കാലിക ഉടമ്പടിയോ ഇസ്ലാം അംഗീകരിക്കുന്നില്ല. ഒട്ടേറെ പ്രതീക്ഷകളും അവാച്യമായ അഭിലാഷങ്ങളുമായാണ് മനുഷ്യൻ വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്. അന്നോളം അപരിചിതമായ ആ ലോകത്തേക്ക് കടന്നുചെല്ലുമ്പോഴുണ്ടാകുന്ന ആഗ്രഹങ്ങളും അനുഭൂതികളും അവർണനീയം തന്നെ. തിങ്ങി വിങ്ങുന്ന വികാരവായ്പോടും അലതല്ലുന്ന ആവേശത്തോടും അനൽപമായ ആഹ്ളാദത്തോടുംകൂടിയാണ് ദാമ്പത്യാരാമത്തിലേക്ക് പ്രവേശിക്കുക. സുന്ദരസ്വപ്നങ്ങളും മധുരമോഹങ്ങളും സ്വാഭാവികം മാത്രമാണ്.
എന്നാൽ, എല്ലായ്പോഴും സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കപ്പെടണമെന്നില്ല. യാഥാർഥ്യങ്ങൾ സങ്കൽപങ്ങളിൽനിന്ന് ഭിന്നമായേക്കാം. പ്രായോഗികലോകത്തിന് പരിചയമില്ലാത്ത പ്രതീക്ഷകളുമായി വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെച്ചവർ സർവസാധാരണമായ സൌന്ദര്യപ്പിണക്കങ്ങളുടെ മുമ്പിൽ പകച്ചുനിൽക്കുന്നു. അഭിരുചികളിൽ അന്തരവും ആശയാഭിപ്രായങ്ങളിൽ വ്യത്യാസവും വീക്ഷണങ്ങളിൽ വൈജാത്യങ്ങളും ഉള്ളവർ ഒത്തുചേരുമ്പോൾ സ്വാഭാവികമായും ചില ഭിന്നതകളെല്ലാം ഉയർന്നുവന്നേക്കാം. ഈ ഘട്ടത്തിൽ ഇസ്ലാം ഇടപെടുന്നു. ദാമ്പത്യ ബന്ധത്തിന് തട്ടലും മുട്ടലുമേറ്റ് ആട്ടവും ഇളക്കവും സംഭവിച്ച് കീറലും പോറലും ഏൽക്കാൻ അനുവദിക്കാതെ കാത്തുസൂക്ഷിക്കുന്നു. സഹനവും വിട്ടുവീഴ്ചയും കാണിക്കാൻ ആവശ്യപ്പെടുന്നു: “നിങ്ങൾ മാപ്പ് നൽകുകയും വിട്ടുവീഴ്ച കാണിക്കുകയും തെറ്റുകൾ ക്ഷമിക്കുകയും ചെയ്യുന്നുവെങ്കിൽ അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു”(ഖുർആൻ 64: 14).
നബി പറയുന്നു: “ഒരു സത്യവിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്. അവളുടെ ഒരു സ്വഭാവം അയാളെ വെറുപ്പിച്ചാൽ മറ്റൊന്ന് തൃപ്തിപ്പെടുത്തുന്നതാണ്”(മുസ്ലിം).
എല്ലായ്പോഴും ഭാര്യയുടെ മുഴുവൻ ആവശ്യങ്ങളും പൂർത്തീകരിക്കാൻ ഭർത്താവിന് സാധിക്കണമെന്നില്ല. അപ്രകാരം തന്നെ അയാളുടെ പല പെരുമാറ്റ രീതികളും സ്വഭാവ സമ്പ്രദായങ്ങളും അവൾ സങ്കൽപലോകത്ത് കരുതിവെച്ച ജീവിതപങ്കാളിയുടേതിൽനിന്ന് ഭിന്നമായേക്കാം. അതോടെ അവളുടെ മനോഹരമായ മുഖത്തെ മന്ദഹാസം മാഞ്ഞുപോകുന്നു. അവിടം വീർക്കുകയും കറുക്കുകയും ചെയ്യുന്നു. അപ്പോഴേക്കും പുരുഷന്റെ കണ്ണ് ചുവക്കുന്നു. അധികം താമസിയാതെ അത് തെളിയണം. അതിനായി പെണ്ണിന്റെ മുഖത്തെ കാറ് നീങ്ങി പുഞ്ചിരി പ്രകടമാകണം. അതിനാൽ, ഇസ്ലാം അവളെ ഓർമപ്പെടുത്തുന്നു: “ഭർത്താവിന്റെ ദുർഗുണങ്ങൾ സഹിക്കാൻ സാധിക്കുന്ന സ്ത്രീക്ക് ഫറവോന്റെ ഭാര്യ ആസ്യയ്ക്ക് ലഭിക്കുന്ന മഹത്തായ പ്രതിഫലം കിട്ടും” (നബിവചനം).
Also read: ഖുര്‍ആന്‍പഠനത്തിനു ഒരു മുഖവുര
ഭാര്യയിൽ അനിഷ്ടകരമായ പെരുമാറ്റങ്ങൾ പ്രകടമാകുമ്പോൾ പുരുഷൻ കോപാകുലനാകുന്നു. അവന്റെ നാവ് നിയന്ത്രണാതീതമാകുന്നു. അത് ദാമ്പത്യവല്ലരി വാടാനിടയാക്കുന്നു. അതിനാൽ നബി പറയുന്നു: “ഭാര്യയെ അസഭ്യം പറയരുത്” (അഹ്മദ്, അബൂദാവൂദ്).
“നിങ്ങളിൽ ഏറ്റം നല്ലവൻ തന്റെ ഭാര്യയോട് നന്നായി വർത്തിക്കുന്നവനാണ്. നിങ്ങളിൽ തന്റെ കുടുംബത്തോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ് ഞാൻ” (മുസ്ലിം).
സ്ത്രീകളുടെ തരളപ്രകൃതിയുടെ ഫലമായി അവരിൽ പല പോരായ്മകളും പ്രകടമായേക്കാം. അത് പുരുഷനെ പ്രകോപിതനാക്കുകയും പകയോടെ പെരുമാറാൻ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. അത് ഒഴിവാക്കാനായി അലോസരപ്പെടുത്തുന്ന അത്തരം ദൌർബല്യങ്ങൾ അവഗണിച്ച് ആനന്ദദായകമായ കാര്യങ്ങൾ കണക്കിലെടുക്കാൻ ഇസ്ലാം ആവശ്യപ്പെടുന്നു: “അഥവാ നിങ്ങൾ അവരെ വെറുക്കുന്നുവെങ്കിൽ നിങ്ങൾ വെറുക്കുന്ന കാര്യത്തിൽ അല്ലാഹു ധാരാളം നന്മ നിശ്ചയിച്ചുവെച്ചെന്ന് വരാവുന്നതാണ്” (ഖുർആൻ 4: 19).
ദാമ്പത്യജീവിതത്തിൽ ഭാര്യാഭർത്താക്കന്മാർ വളരെ സ്നേഹത്തോടും സൌമനസ്യത്തോടും വർത്തിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. ഓരോരുത്തരും തങ്ങളുടെ ബാധ്യതകളെക്കുറിച്ച് ശരിക്കും ബോധവാന്മാരായിരിക്കണമെന്നും അത് ഉണർത്തുന്നു. തിരുമേനി അരുൾ ചെയ്യുന്നു: “നിങ്ങളെല്ലാം ഭരണാധികാരികളാണ്. തങ്ങളുടെ താഴെയുള്ളവരെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുന്നവരും….. പുരുഷൻ തന്റെ കുടുംബത്തിലെ മേൽനോട്ടക്കാരനാണ്. അയാൾ തന്റെ കീഴിലുള്ളവരുടെ കാര്യത്തിൽ വിചാരണക്ക് വിധേയനാകും. സ്ത്രീ ഭർത്തൃഗൃഹത്തിലെ കാര്യസ്ഥയാണ്. അവളും തന്റെ നിയന്ത്രണത്തിലുള്ളവരെ സംബന്ധിച്ച് ചോദിക്കപ്പെടും” (ബുഖാരി).
പ്രശ്നങ്ങളുണ്ടായാൽ
എന്തൊക്കെയായാലും ചിലപ്പോൾ ദാമ്പത്യബന്ധത്തിൽ വഴക്കും വക്കാണവും ഉണ്ടാവും. അത് വൈവാഹികജീവിതത്തിൽ വിള്ളലുണ്ടാക്കുകയും ചെയ്യും. മനുഷ്യർ വിവിധ പ്രകൃതക്കാരും വ്യത്യസ്ത സ്വഭാവക്കാരുമാണല്ലോ. ചില സ്ത്രീകൾ നിസ്സാര കാര്യങ്ങൾക്ക് കലമ്പലുകളുണ്ടാക്കും. പുരുഷനോട് പിണങ്ങി മുഖം വീർപ്പിച്ച് നടക്കും. അത്തരക്കാരോട് അതേ രീതിയിൽ പ്രതികരിച്ചാൽ അകൽച്ച വർധിക്കും. ബന്ധം അറ്റുപോവാൻ ഇടയാകും. ഇത്തരം ഘട്ടങ്ങളിൽ പുരുഷൻ കൂടുതൽ പക്വത കാണിക്കുകയും വിവേകപൂർവം പെരുമാറുകയും വേണം. സ്നേഹമസൃണമായ ശൈലിയിൽ സദുപദേശങ്ങൾ നൽകണം. തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊടുക്കണം. പോരായ്മകൾ അവരെ ബോധ്യപ്പെടുത്തണം. ദുർഗുണങ്ങൾ തുടർന്നാലുണ്ടാകുന്ന ദുരന്തങ്ങൾ വിശദീകരിക്കുകയും ഇരുലോകത്തും വന്നേക്കാവുന്ന വിപത്തുകളെക്കുറിച്ച് ഉണർത്തുകയും വേണം. “സ്ത്രീകൾ വഴങ്ങാതെ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങൾ ആശങ്കിക്കുന്നുവെങ്കിൽ അവരെ ഉപദേശിക്കുക”(4: 34).
Also read: വിധിവിശ്വാസം: ഇസ് ലാമിക വീക്ഷണം
നിരന്തരമായും അടുത്തടുത്തുമുള്ള ഗുണദോഷിക്കലുകൾ ചിലപ്പോൾ ഫലം ചെയ്തേക്കും. യുക്തിപൂർവമായ പെരുമാറ്റങ്ങളും ഗുണകാംക്ഷാനിരതമായ ഉപദേശങ്ങളും അവരുടെ അന്തരംഗത്ത് ആഴ്ന്നിറങ്ങുകയും തദ്ഫലമായി നേർവഴിക്കു വരുകയും ചെയ്യാൻ ഏറെ സാധ്യതകളുണ്ട്.
സമൂഹത്തിന് നേതാവും രാഷ്ട്രത്തിന് അധികാരിയുമെന്നപോലെ കുടുംബത്തിന് ഒരു നാഥനും അനിവാര്യമാണ്. ആപേക്ഷികമായി കൂടുതൽ കരുത്തുള്ളവനെന്ന നിലക്ക് പുരുഷനിലാണ് ഇസ്ലാം ഈ ചുമതല ഏൽപിക്കുന്നത്. അതുകൊണ്ടുതന്നെ ബന്ധം ശിഥിലമാകാതെ സൂക്ഷിക്കാനും അതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും പുരുഷൻ കൂടുതൽ ബാധ്യസ്ഥനാണ്.
സദുപദേശങ്ങൾ വിജയിക്കുന്നില്ലെങ്കിൽ കൂടുതൽ ശക്തവും ഫലപ്രദവുമായ രണ്ടാമത്തെ മാർഗം പ്രയോഗിക്കേണ്ടതാണ്. അത് തികച്ചും മനശ്ശാസ്ത്രപരവുമാണ്. കിടപ്പറയിൽ പിണക്കം കാണിച്ച് മാറിക്കിടക്കലാണത്. പുരുഷനെ പതുക്കെ ഇക്കിളിപ്പെടുത്തി തന്നിൽ താൽപര്യം ജനിപ്പിച്ച് ആകർഷിച്ചെടുക്കാനുള്ള കഴിവാണല്ലോ സ്ത്രീയുടെ കൈയിലെ കടുപ്പമുള്ള ആയുധം. വശീകരിച്ച് വഴിപ്പെടുത്താനുള്ള സ്ത്രീയുടെ വിദ്യയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. തയ്യാറായി ഭർത്താവിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടും, ഭോഗേച്ഛയുടെ കുതിച്ചുകയറ്റത്തിൽ പലപ്പോഴും എല്ലാം മറന്ന് തന്നിൽ ലയിച്ചുചേർന്ന പുരുഷൻ തൊട്ടരികിൽ തന്നെ തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ സുഖനിദ്രകൊള്ളുക; അതോടെ തന്റെ ആയുധത്തിന്റെ മൂർച്ച അദ്ദേഹത്തിന്റെ മനക്കരുത്തിന്റെയും ആത്മസംയമനശക്തിയുടെയും മുമ്പിൽ ഒന്നുമല്ലെന്ന ബോധം അവളുടെ അന്തരംഗത്ത് അങ്കുരിക്കുന്നു. ഭർത്താവിന് വിധേയയാകുകയല്ലാതെ മാർഗമില്ലെന്ന് മനസ്സിലാക്കുകയും അയാൾക്ക് വഴങ്ങുകയും ചെയ്യുന്നു. അതിനാൽ അനുസരണക്കേടും അലോസരപ്പെടുത്തുന്ന പെരുമാറ്റങ്ങളുമുള്ള സ്ത്രീകളോട് സ്വീകരിക്കേണ്ട രണ്ടാമത്തെ നടപടി ഇതാണ്: “കിടപ്പറയിൽ അവരുമായി അകന്നുനിൽക്കുക” (4: 34).
അനുരഞ്ജനശ്രമം
ദാമ്പത്യം നല്ല നിലയിൽ നിലനിർത്താൻ നിർദേശിച്ച എല്ലാ മാർഗങ്ങളും യുക്തവും സമർഥവുമായ നിലയിൽ പ്രയോഗിച്ചിട്ടും അസ്വാരസ്യം അവസാനിക്കാത്ത അവസ്ഥകളുണ്ടായേക്കാം. ഇങ്ങനെ പിണക്കം ശക്തമാവുകയും പരസ്പരം പൊരുത്തപ്പെട്ടുപോകാൻ പ്രയാസപ്പെടുകയും ചെയ്താലും പെട്ടെന്ന് വിവാഹമോചനത്തിലേക്ക് എടുത്തുചാടരുത്. അത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കേണ്ടതുണ്ട്. ഇരുവരുടെയും കുടുംബാംഗങ്ങളിൽനിന്ന് ഓരോ മധ്യസ്ഥന്മാരെ തെരഞ്ഞെടുക്കുകയും അവർ പ്രശ്നപരിഹാരത്തിനായി കഴിയാവുന്നത്ര യത്നിക്കുകയും വേണം. കുടുംബങ്ങളിലെ കാരണവന്മാരാണ് മധ്യസ്ഥന്മാരെ തെരഞ്ഞെടുക്കേണ്ടത്.
വിവാഹമോചനം തീരുമാനിക്കപ്പെടുന്നതിനു മുമ്പ് ഇത്തരം ഒരനുരഞ്ജനശ്രമം നടത്തൽ നിർബന്ധമാണ്. അത് ഐച്ഛികമല്ലെന്നും മറിച്ച്, അനിവാര്യമാണെന്നും ഖുർആൻ പഠിപ്പിക്കുന്നു: “ഭാര്യാഭർത്താക്കന്മാർക്കിടയിൽ വേർപിരിയലിനെക്കുറിച്ച് നിങ്ങൾ ആശങ്കിക്കുന്നുവെങ്കിൽ അവന്റെ പക്ഷത്തുനിന്ന് ഒരു മധ്യസ്ഥനെയും അവളുടെ പക്ഷത്തുനിന്ന് ഒരു മധ്യസ്ഥനെയും നിയോഗിക്കുക. ഇരുവിഭാഗവും അനുരഞ്ജനമാണ് കാംക്ഷിക്കുന്നതെങ്കിൽ അല്ലാഹു അവർക്കിടയിൽ ഐക്യത്തിന് വഴിവെക്കുന്നതാണ്. തീർച്ചയായും അല്ലാഹു അഭിജ്ഞനും സൂക്ഷ്മജ്ഞനുമത്രെ” (ഖുർആൻ 4: 35).
Also read: കാഫിര്‍ എന്നതിൻറെ വിവക്ഷ ?
മധ്യസ്ഥന്മാർ അവസാനനിമിഷംവരെ അനുരഞ്ജനത്തിനാണ് ശ്രമിക്കേണ്ടത്. വേർപിരിക്കൽ ലക്ഷ്യമാക്കരുത്. ഒരിക്കൽ, മധ്യസ്ഥ ശ്രമത്തിന് നിയോഗിക്കപ്പെട്ട ഉമർ തന്റെ ദൌത്യം വിജയിക്കുന്നില്ലെന്നറിയിച്ചപ്പോൾ നബി കോപിക്കുകയും ആത്മാർഥമായി തുടർന്നാൽ അല്ലാഹു വിജയിപ്പിക്കുമെന്ന് പറയുകയുമാണുണ്ടായത്. ഭർത്താവിന് ഭാര്യയെ സംബന്ധിച്ച് പരാതികളുണ്ടാവുന്നപോലെ ഭാര്യക്ക് ഭർത്താവിനെക്കുറിച്ചും ന്യായമായ ആവലാതികൾ ഉണ്ടാകാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ പരാതിക്ക് പരിഹാരം കാണാനും തനിക്ക് നിഷേധിക്കപ്പെട്ട നീതി ഉറപ്പുവരുത്തിക്കൊണ്ട് അനുരഞ്ജനം സാധിക്കാനും സ്ത്രീക്കുതന്നെ മധ്യസ്ഥശ്രമത്തിന് മുൻകൈയെടുക്കാവുന്നതാണ്.
ഇസ്ലാമിക ഭരണകൂടത്തിന്റെയും കോടതികളുടെയും അഭാവത്തിൽ പള്ളി മഹല്ല് ഭാരവാഹികളും ഖാദിമാരുമാണ് അനുരഞ്ജനശ്രമത്തിന് നേതൃത്വം നൽകേണ്ടത്.
കോപിഷ്ടമായ കാര്യം
മധ്യസ്ഥശ്രമം പൂർണമായും പരാജയപ്പെട്ടു. യോജിപ്പിനുള്ള സകല സാധ്യതകളും അവസാനിച്ചു. അതോടെ പിരിയുകയല്ലാതെ മാർഗമില്ലെന്നായി. ഇത് ഇരു വിഭാഗങ്ങൾക്കും ബോധ്യമായി. അതിനാൽ, ദാമ്പത്യം ബന്ധമെന്നതിനെക്കാൾ അതിവേഗം അഴിച്ചുമാറ്റേണ്ട ബന്ധനമായി മാറുന്നു. ഇത്തരം അനിവാര്യ സാഹചര്യങ്ങളിൽ ഇസ്ലാം വിവാഹമോചനം അനുവദിക്കുന്നു. എന്നാൽ, അതിന് ഇടവരാതിരിക്കാൻ ഇരുകക്ഷികളും പരമാവധി ശ്രദ്ധിക്കേണ്ടതാണ്. പ്രവാചകൻ പറയുന്നു: “അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന് ഏറ്റവും കോപിഷ്ടമായ കാര്യം വിവാഹമോചനമത്രെ” (അബൂദാവൂദ്, ഇബ്നുമാജ, ഹാകിം).
“അല്ലാഹു, വിവാഹമോചനത്തേക്കാൾ തനിക്കേറ്റം ക്രോധകരമായ ഒരു കാര്യവും അനുവദനീയമാക്കിയിട്ടില്ല”(ദാറഖുത്നി)
ഹദ്റത്ത് അലി പറയുന്നു: “നിങ്ങൾ വിവാഹം കഴിക്കുക; ത്വലാഖ് ചൊല്ലാതിരിക്കുക. കാരണം അത് ദൈവികസിംഹാസനത്തിൽ പോലും ഞെട്ടലുണ്ടാക്കും” (ഖുർതുബി, ഭാഗം: 18, പേജ് 149).
Also read: പരവതാനികളും വസ്ത്രങ്ങളും
ആസ്വാദനാവശ്യാർഥം മാറിമാറി കല്യാണം കഴിക്കുകയും വിവാഹമോചനം നടത്തുകയും ചെയ്യുന്നത് ഗുരുതരമായ പാപമാണ്. നബി അത് കടുത്ത ഭാഷയിൽ വിലക്കിയിട്ടുണ്ട്: “നിങ്ങൾ വിവാഹം കഴിക്കുക. മൊഴി ചൊല്ലാതിരിക്കുക. ആസ്വാദനാവശ്യാർഥം അങ്ങനെ ചെയ്യുന്ന സ്ത്രീപുരുഷന്മാരെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല” (ദാറഖുത്നി).
ന്യായമായ കാരണമില്ലാതെ വിവാഹമോചനം നടത്തിയ ഒരാളോട് പ്രവാചകൻ രൂക്ഷമായ ഭാഷയിൽ ചോദിച്ചു: “ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നിട്ടുകൂടി ദൈവികഗ്രന്ഥംകൊണ്ട് കളിക്കുകയോ?” (നസാഈ).
സാധുവാകാത്ത ത്വലാഖുകൾ
1. സ്വയം ഇഷ്ടമില്ലാതെ പിതാവിന്റെയോ ബന്ധുക്കളുടെയോ മറ്റാരുടെയുമെങ്കിലോ നിർബന്ധത്തിന് വഴങ്ങി നിർവഹിക്കുന്നവ.
2. ലഹരിബാധിതന്റെയോ ഭ്രാന്തന്റെയോ വിവാഹമോചനം.
3. കുപിതന്റെ ത്വലാഖ്. അമിതമായ ദേഷ്യത്താൽ താൻ എന്താണ് ചെയ്യുന്നതെന്നും പറയുന്നതെന്നും അറിയാത്ത അവസ്ഥയിൽ നടത്തുന്ന വിവാഹമോചനം സാധുവാകയില്ല. പ്രവാചകൻ പറയുന്നു: “മനസ്സ് മൂടപ്പെട്ട അവസ്ഥയിലെ അടിമത്ത വിമോചനവും മൊഴിചൊല്ലലും സാധുവാകയില്ല” (അഹ്മദ്, അബൂദാവൂദ്, ഹാകിം, ഇബ്നുമാജ).
അലി പറയുന്നു: “വാക്കേറ്റവും ദേഷ്യവും കാരണമായുള്ള ത്വലാഖ് വഴി ആരെങ്കിലും ഒരു പുരുഷനെയും അവന്റെ ഭാര്യയെയും വേർപെടുത്തുകയാണെങ്കിൽ അല്ലാഹു അന്ത്യദിനത്തിൽ അവനെയും അവന്റെ കൂട്ടുകാരെയും തമ്മിൽ അകറ്റുമെന്ന് പ്രവാചകൻ പറഞ്ഞിരിക്കുന്നു.”
4. തമാശയായി ചെയ്യുന്നവ: ബോധപൂർവമല്ലാതെ തമാശക്കോ അബദ്ധത്തിലോ വിവാഹമോചനം നടത്തിയാൽ അതിന് നിയമപ്രാബല്യമുണ്ടാവില്ലെന്നാണ് പ്രാമാണികരായ പല പണ്ഡിതന്മാരുടെയും അഭിപ്രായം-നമ്മുടെ നാട്ടാചാരം മറിച്ചാണെങ്കിലും!
5. പരിഭ്രാന്തി ബാധിച്ചവന്റെ വിവാഹമോചനം. യഥാർഥമായ വിവേചനബുദ്ധിയും കാര്യബോധവും നഷ്ടപ്പെടുംവിധം വിഭ്രാന്തി ബാധിച്ചവന്റെ ത്വലാഖ് സാധുവാകയില്ലെന്നാണ് മിക്ക പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്.
അതിനാൽ, അറിവും വിവേകവും സ്വാതന്ത്യ്രവുമുള്ള സന്ദർഭങ്ങളിൽ നിർവഹിക്കപ്പെടുന്ന വിവാഹമോചനങ്ങൾ മാത്രമേ സാധുവാകയുള്ളൂ.
Also read: ഇസ്‌ലാമിക നാഗരികതയും പരിസ്ഥിതിയും
നിഷിദ്ധഘട്ടങ്ങൾ
അനിവാര്യമായ അവസ്ഥ ഇല്ലെങ്കിൽ വിവാഹമോചനം നിഷിദ്ധവും നിരോധിക്കപ്പെട്ടതുമാണ്. അബ്ദുല്ലാഹിബ്നു അബ്ബാസ് പറയുന്നു: “വിവാഹമോചനം അനിവാര്യഘട്ടങ്ങളിൽ മാത്രമാണ്.”
എന്നാൽ, അത് അനുവദനീയമാകുന്ന അനിവാര്യ സാഹചര്യങ്ങൾ ഉണെടങ്കിലും തോന്നുന്ന ഏത് സമയത്തും ധൃതിയിൽ ചെയ്യാവതല്ല. യോജിപ്പിനുള്ള സകല ശ്രമങ്ങളും നിഷ്ഫലമായാൽ അനുയോജ്യമായ അവസരം തെരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്.
ഇസ്ലാമിക നിയമമനുസരിച്ച് വിവാഹമോചനത്തിന് ഏറ്റം പറ്റിയ സമയം സ്ത്രീ ശുദ്ധിയായിരിക്കുമ്പോഴാണ്. ആർത്തവമോ പ്രസവരക്തമോ ഇല്ലാത്ത സമയമാണത്. ആ ശുദ്ധിയുടെ ഘട്ടത്തിൽ അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുകയും വേണം. ഗർഭിണിയാണെന്ന് വ്യക്തമായിട്ടില്ലെങ്കിലാണിത്.
ആർത്തവത്തിന്റെയും പ്രസവരക്തത്തിന്റെയും സമയത്ത് ഭർത്താവ് ഭാര്യയിൽനിന്ന് അകന്നുനിൽക്കൽ നിർബന്ധമാണ്. ലൈംഗികബന്ധം നിഷിദ്ധമായ ഈ ഘട്ടത്തിൽ നിസ്സാരകാര്യങ്ങൾ പോലും ചില ഭർത്താക്കന്മാരെ അരിശം കൊള്ളിച്ചേക്കും. അതിനാലാണ് ശുദ്ധിയാവുന്നതുവരെ കാത്തിരിക്കാൻ കൽപിക്കുകയും പിന്നീട് അവളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിനു മുമ്പായിരിക്കണമെന്ന നിബന്ധന നിശ്ചയിക്കുകയും ചെയ്തത്. ആർത്തവഘട്ടത്തിലും ലൈംഗിക ബന്ധത്തിലേർപ്പെട്ട ശുദ്ധിയുടെ കാലത്തും വിവാഹമോചനം നിഷിദ്ധമാണ്. ശുദ്ധിയുടെ ഘട്ടത്തിലുണ്ടാവുന്ന ബന്ധത്തിലൂടെ അവൾ ഗർഭം ധരിക്കുകയും അത് ഭർത്താവ് അറിയുകയും ചെയ്യുന്നത് വേർപിരിയാനുള്ള തീരുമാനത്തെ മാറ്റിയേക്കുമെന്നത് ഈ നിബന്ധനയുടെ നേട്ടമാണ്. അവളുടെ ഗർഭാശയത്തിലുള്ള അവന്റെ ഭ്രൂണം ഒന്നിച്ച് കഴിയാൻ അവരെ പ്രേരിപ്പിച്ചെങ്കിൽ!
ശുദ്ധിയായിട്ടും അവളെ സ്പർശിക്കാതിരിക്കുകയോ ഗർഭിണിയാണെന്ന് വ്യക്തമായിട്ടും വിവാഹമോചനത്തിന് മുതിരുകയോ ചെയ്യുന്നുവെങ്കിൽ അകൽച്ച അടുക്കാനാവാത്ത വിധം ശക്തമാണെന്ന് വ്യക്തം. താൽക്കാലിക വിരോധത്തിന്റെ ഫലമല്ലെന്നർഥം. അത്തരം സന്ദർഭങ്ങളിൽ ത്വലാഖ് ആകാവുന്നതാണ്. അല്ലാഹു ആജ്ഞാപിക്കുന്നു: “നിങ്ങൾ സ്ത്രീകളെ വിവാഹമോചനം നടത്തുമ്പോൾ അവരെ ശുദ്ധിയുടെ ഘട്ടത്തിൽ ത്വലാഖ് ചൊല്ലുക.”
പ്രവാചകന്റെ കാലത്ത് അബ്ദുല്ലാഹിബ്നു ഉമർ തന്റെ ഭാര്യയെ ആർത്തവഘട്ടത്തിൽ വിവാഹമോചനം നടത്തി. വിവരം പിതാവ് തിരുമേനിയെ അറിയിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: “അവളെ മടക്കിയെടുക്കാൻ കൽപിക്കുക. പിന്നീട് അവൾ ശുദ്ധിയായാൽ അവളെ സ്പർശിക്കുന്നതിനു മുമ്പ് അവന് അത്യാവശ്യമെങ്കിൽ വിവാഹമോചനം നടത്തിക്കൊള്ളട്ടെ” (നസാഈ, ഇബ്നുമാജ).
തന്റെ ഭാര്യയെ വിവാഹമോചനം നടത്തുമെന്ന് പറഞ്ഞ് സത്യം ചെയ്യലും അവളെ ഭീഷണിപ്പെടുത്തലും വിലക്കപ്പെട്ട കാര്യങ്ങളാണ്. ഇപ്രകാരം തന്നെ ‘നീ ഇന്ന കാര്യം ചെയ്താൽ വിവാഹമോചിതയാകുമെ’ന്ന് അവളോട് പറയലും നിഷിദ്ധം തന്നെ.
Also read: പ്രബോധനം: ആധുനിക കാലഘട്ടത്തില്‍
സാക്ഷികൾ
വിവാഹത്തെപ്പോലെത്തന്നെ വിവാഹമോചനത്തിനും രണ്ട് സാക്ഷികൾ അനിവാര്യമാണെന്ന് പ്രമുഖരായ ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കിടപ്പറയിൽവെച്ചോ, കോപം വരുന്ന ഏതെങ്കിലും ദുർബലനിമിഷത്തിലോ ധൃതിപിടിച്ച് ചെയ്യുന്ന ഒന്നാവരുത് ത്വലാഖ് എന്ന കാര്യത്തിൽ ഇസ്ലാമിന് ഏറെ നിർബന്ധമുണ്ട്. അതിനാൽ, വിവാഹമോചനം നടത്താൻ തീരുമാനിച്ചാൽ നീതിയുക്തരായ രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ അത് നിർവഹിക്കുന്നതാണുത്തമം. വാചികമായാലും എഴുതിയറിയിച്ചാലും ത്വലാഖ് സാധുവാകുന്നതാണ്. ഭാഷ ഏതായിരുന്നാലും പ്രശ്നമല്ല. സുഗ്രഹമായിരിക്കണമെന്നേയുള്ളൂ.
ചുരുക്കത്തിൽ, നീതിമാന്മാരായ രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ വ്യക്തമായ ഭാഷയിൽ വിവാഹമോചനം നടത്തുന്നതാണ് നല്ലത്. സാക്ഷികൾ നിർബന്ധമില്ലെന്ന് അധിക കർമശാസ്ത്ര പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണെടങ്കിലും ശരി. അല്ലാഹു പറയുന്നു: “പിന്നീട് അവർക്ക് അവധിയായിക്കഴിഞ്ഞാൽ നല്ല നിലക്ക് അവരെ സ്വീകരിക്കുക. അല്ലെങ്കിൽ മാന്യമായി വേർപിരിയുക. നിങ്ങളിലുള്ള നീതിമാന്മാരായ രണ്ടാളുകളെ സാക്ഷിനിർത്തുക” (65: 2).
ഒരിക്കൽ വിവാഹമോചനം നടത്തിയ ഒരാളോട് അലി ചോദിച്ചു: “താങ്കൾ അല്ലാഹു കൽപിച്ചപോലെ രണ്ട് സാക്ഷികളെ നിർത്തിയിട്ടുണേടാ?” ഇല്ലെന്ന അയാളുടെ മറുപടി കേട്ടപ്പോൾ അലി പറഞ്ഞു: “താങ്കൾക്ക് പോകാം. താങ്കളുടെ ത്വലാഖ് സാധുവല്ല.”
Also read: ഇസ്‌ലാമിക ദര്‍ശനം ആധുനിക ലോകത്ത്
ഭർത്തൃഗൃഹത്തിൽ
വിവാഹമോചിതയായ സ്ത്രീ ദീക്ഷാകാലത്ത് ഭർത്തൃഗൃഹത്തിലാണ് താമസിക്കേണ്ടത്. സാധാരണനിലയിൽ അത് മൂന്ന് ആർത്തവം പൂർത്തിയാകുംവരെയുള്ള കാലമാണ്. “വിവാഹമുക്തകളായ സ്ത്രീകൾ മൂന്ന് തവണ ആർത്തവം ഉണ്ടാവുന്നതുവരെ കാത്തിരിക്കേണ്ടതാണ്. അവരുടെ ഗർഭാശയങ്ങളിൽ അല്ലാഹു സൃഷ്ടിച്ചത് മറച്ചുവെക്കാൻ അവർക്ക് അനുവാദമില്ല; അവർ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കിൽ” (2: 228).
മൂന്നാമത്തെ ആർത്തവം കഴിഞ്ഞ് ശുദ്ധിയാകുന്നതുവരെയാണ് ഇദ്ദ അഥവാ ദീക്ഷാകാലം. എന്നാൽ, ഗർഭിണികളുടേത് പ്രസവം വരെയാണ്. “ഗർഭിണികളുടെ ദീക്ഷാകാലം അവർ പ്രസവിക്കുന്നതുവരെയാണ്”(65: 6).
രോഗം, വാർധക്യം പോലുള്ള കാരണങ്ങളാൽ ആർത്തവം നിലച്ചവരുടെ ദീക്ഷാകാലം മൂന്നുമാസമാണ്. “ആർത്തവത്തെ സംബന്ധിച്ച് നിരാശരായ സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ സംശയിക്കുന്നുവെങ്കിൽ അവരുടെ ദീക്ഷാസമയം മൂന്നു മാസമാണ്; തീരെ ആർത്തവമുണ്ടാകാത്ത സ്ത്രീകളുടേതും” (65: 4).
ഇദ്ദയുടെ കാലത്ത് സ്ത്രീ ഭർത്താവിനെ സംബന്ധിച്ചേടത്തോളം ഭാര്യയല്ല. എന്നാൽ അന്യയുമല്ല.
വിവാഹമോചിതയായ സ്ത്രീ ഇദ്ദയുടെ കാലത്ത് അതേവരെ താമസിച്ചിരുന്ന സ്ഥലത്തുതന്നെയാണ് നിൽക്കേണ്ടത്. ന്യായമായ കാരണം കൂടാതെ അവളെ വീട്ടിൽനിന്ന് പുറത്താക്കാൻ ഭർത്താവിന് അവകാശമില്ല. പോകാൻ അവൾക്കും അനുവാദമില്ല. പ്രസ്തുത കാലത്ത് അവളെ മടക്കിയെടുക്കാനും ദാമ്പത്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ഭർത്താവിന് അവകാശവും കടപ്പാടുമുണെടന്നതാണ് ഇതിന് കാരണം.
മൊഴിചൊല്ലിയ ശേഷവും ഭാര്യ തന്റെ അടുത്തുതന്നെ ഉണ്ടാവുകയെന്നത് അയാളുടെ ആസക്തിയെ ഇളക്കിവിടാനും വികാരത്തെ ഇക്കിളിപ്പെടുത്താനും ഉപകരിക്കും. അകൽച്ച അവസാനിപ്പിക്കുന്നതിനെ സംബന്ധിച്ച് ആലോചിക്കാൻ അത് അവസരമൊരുക്കും. ഗർഭധാരണമുണേടാ എന്ന് അറിയാനും, മടക്കിയെടുക്കാനുള്ള ഭർത്താവിന്റെ അവകാശങ്ങളും ദാമ്പത്യത്തിന്റെ ആദരണീയതയും പരിരക്ഷിക്കാനും വേണ്ടിയുള്ള ഈ കാലയളവിൽ ഭാര്യ ഭർത്തൃഗൃഹത്തിൽതന്നെ കഴിയേണ്ടതുണ്ട്. ഭർത്തൃഗൃഹത്തിൽ താമസിക്കുമ്പോൾ ഇരുവരുടെയും മനസ്സ് മാറുകയും അകം ശാന്തമാവുകയും കോപം ശമിക്കുകയും അങ്ങനെ ബന്ധത്തിലേക്ക് തിരിച്ചുപോകാൻ ഇടവരുത്തുകയും ചെയ്തേക്കാം. ഇത് സംബന്ധമായി വിശുദ്ധ ഖുർആൻ പറയുന്നു: “നിങ്ങളുടെ നാഥനായ അല്ലാഹുവെ സൂക്ഷിക്കുക. ആ സ്ത്രീകളെ അവർ താമസിച്ചിരുന്ന വീടുകളിൽനിന്ന് നിങ്ങൾ പുറത്താക്കരുത്. അവർ സ്വയം പുറത്തുപോവുകയും അരുത്. എന്നാൽ അവർ വ്യക്തമായ ദുർന്നടപടികളിൽ ഏർപ്പെട്ടിട്ടുണെടങ്കിൽ അതിന് വിരോധമില്ല”(65: 1).
ദമ്പതിമാർക്കിടയിൽ വേർപിരിയൽ അനിവാര്യമാണെങ്കിൽ അത് അന്യോന്യം ബുദ്ധിമുട്ടിക്കാതെയും വ്യാജാരോപണം നടത്താതെയും അവകാശലംഘനം വരുത്താതെയും മര്യാദയോടെയും ആകണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു: “നല്ല നിലയിൽ അവരെ നിലനിർത്തുക; അല്ലെങ്കിൽ ഏറ്റവും ഉത്തമമായ വിധത്തിൽ അവരുമായി വിട്ടുപിരിയുക”(65: 2).
“ഒന്നുകിൽ നല്ല നിലയിൽ അവളെ നിലനിർത്തുക. അല്ലെങ്കിൽ വളരെ മാന്യമായി അവളെ വിട്ടയക്കുക”(2: 241)
ഉഭയ കക്ഷിസമ്മതത്തോടെ ആയിരിക്കണം വിവാഹമോചനം എന്നതാണ് ഇസ്ലാം ആഗ്രഹിക്കുന്നത്; അവ്വിധം അനുശാസിക്കുന്നില്ലെങ്കിലും. എങ്കിൽ മാത്രമല്ലേ വിവാഹമുക്തയായ സ്ത്രീക്ക് ഭർത്തൃഗൃഹത്തിൽ ഇദ്ദയുടെ കാലം താമസിക്കാൻ സാധിക്കുകയുള്ളൂ.
Also read: മലകുകള്‍: ആജ്ഞാനുസാരം പ്രവര്‍ത്തിപ്പിക്കുന്നവർ
ദീക്ഷാകാലം കഴിയുന്നതിനുമുമ്പ് മടക്കിയെടുക്കാൻ അവകാശമുള്ളതുപോലെത്തന്നെ അതിനുശേഷം അവളെ പുനർവിവാഹം ചെയ്യാനും ഭർത്താവിന് അനുവാദമുണ്ട്. ഒന്നാമത്തെ വിവാഹമോചനത്തിനുശേഷം വീണ്ടും ബന്ധത്തിലേക്ക് മടങ്ങുകയും പിന്നീട് അവർക്കിടയിൽ അകൽച്ചയും വെറുപ്പും രണ്ടാമതും സംഭവിക്കുകയും നന്നാകാനുള്ള എല്ലാ മാർഗങ്ങളും പരാജയപ്പെടുകയും ചെയ്താൽ നേരത്തെ വിവരിച്ചപോലെ അനുയോജ്യമായ സമയത്ത് രണ്ടാമതും വിവാഹമോചനം നടത്താവുന്നതാണ്. അയാൾക്ക് അവളെ വീണ്ടും, ഇദ്ദയുടെ കാലത്ത് പുതിയ വിവാഹം കൂടാതെയും ഇദ്ദക്കുശേഷം പുതിയ വിവാഹത്തിലൂടെയും ജീവിതപങ്കാളിയാക്കാവുന്നതാണ്.
മൂന്നാമതും വിവാഹമോചനം നടത്തുകയാണെങ്കിൽ അവർക്കിടയിലെ അകൽച്ച അപരിഹാര്യമാണെന്നതിന് വേറെ തെളിവുകൾ ആവശ്യമില്ല. അതിനാൽ, മൂന്നാമത്തെ വിവാഹമോചനാനന്തരം അവളെ മടക്കിയെടുക്കാനോ പുനർവിവാഹം നടത്താനോ അനുവാദമില്ല. മറ്റൊരു ഭർത്താവ് തനിക്കുവേണ്ടി ശരിയാംവിധം വിവാഹം കഴിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം അന്യോന്യം അകന്ന് മേൽപറഞ്ഞ ഘട്ടങ്ങളെല്ലാം പൂർത്തിയാക്കി യോജിപ്പ് സാധ്യമല്ലെന്ന് ഉറപ്പായി മൊഴിചൊല്ലിയ ശേഷമല്ലാതെ ആദ്യഭർത്താവിന് അവൾ ഒരു നിലക്കും അനുവദനീയയായിത്തീരുകയില്ല. അല്ലാഹു പറയുന്നു: “മൂന്നാമതും അവളെ വിവാഹമോചനം നടത്തുകയാണെങ്കിൽ പിന്നീട് അവൾ അവന്ന് അനുവദനീയയല്ല; മറ്റൊരു ഭർത്താവിനെ വരിക്കുന്നതുവരെ. അനന്തരം അയാൾ അവളുമായി ബന്ധം വിടർത്തുന്നുവെങ്കിൽ അവളും ആദ്യഭർത്താവും പൂർവബന്ധത്തിലേക്ക് തിരിച്ചുവരുന്നതിൽ ഇരുവർക്കും കുറ്റമില്ല; അല്ലാഹുവിന്റെ പരിധികൾ പാലിക്കുമെന്ന് അവർ വിശ്വസിക്കുന്നുവെങ്കിൽ! ഇത് ദൈവിക പരിധികളാകുന്നു. മനസ്സിലാക്കുന്ന മനുഷ്യർക്കായി അവൻ അത് വിവരിക്കുന്നു”(2: 230).
ഇസ്ലാമിന്റെ ആഗമനത്തിനുമുമ്പ് അറബികളിൽ നിലനിന്നിരുന്ന കടുത്ത ഒരു സാമൂഹിക ദുരാചാരത്തെ ദൂരീകരിക്കുകയാണ് ഇസ്ലാം ഈ നിർദേശം വഴി ചെയ്യുന്നത്. ഭാര്യയെ എത്ര തവണയും ത്വലാഖ് ചൊല്ലാനുള്ള അനുവാദം അവർക്ക് ഉണ്ടായിരുന്നു. അതിനാൽ, ഇഷ്ടമില്ലാത്ത ഭാര്യയെ നിരന്തരം വിവാഹമോചനം നടത്തിയും മടക്കിയെടുത്തും വിഷമിപ്പിക്കുന്ന സമ്പ്രദായം അക്കാലത്ത് സർവസാധാരണമായിരുന്നു. തദ്ഫലമായി സ്ത്രീകൾക്ക് തങ്ങളെ ഒഴിവാക്കുന്ന ഭർത്താക്കന്മാരിൽനിന്ന് മോചനം നേടാനോ പുതിയ ബന്ധത്തിലേർപ്പെടാനോ സാധിച്ചിരുന്നില്ല. ഈ കിരാതവൃത്തിയുടെ കവാടം കൊട്ടിയടക്കുകയാണ് വിശുദ്ധ ഖുർആൻ ചെയ്തത്. മൂന്നാമതും വിവാഹമോചനം നടത്തുന്നവർക്ക് ഭാര്യയെ തിരിച്ചെടുക്കാനുള്ള അവകാശം അത് നിഷേധിച്ചു. അതിനാൽ തന്റെ ഭാര്യ തനിക്ക് ശാശ്വതമായി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ചുകൊണ്ട് മാത്രമേ ഭർത്താവ് ഇത്തരം സാഹസത്തിന് മുതിരുകയുള്ളൂ.
അറബികളുടെ സമ്പ്രദായത്തെ സംബന്ധിച്ച് ആഇശ പറയുന്നു: “പുരുഷൻ വിവാഹമോചനം നടത്താൻ ആഗ്രഹിച്ചാൽ അവൻ മൊഴി ചൊല്ലിയിരുന്നു. പിന്നീട് ഇദ്ദയുടെ കാലത്ത് മടക്കിയെടുത്താൽ അവൾ അയാളുടെ തന്നെ ഭാര്യയാകുമായിരുന്നു. നൂറോ അതിലധികമോ തവണ ത്വലാഖ് ചൊല്ലിയാലും അതുതന്നെയായിരുന്നു സ്ഥിതി. ഒരിക്കൽ ഒരാൾ തന്റെ ഭാര്യയോട് പറഞ്ഞു: ‘നിന്നെ ഞാൻ വിവാഹമോചനം നടത്തി ഒഴിവാക്കുകയില്ല; അതോടൊപ്പം കൂടെ നിർത്തി സംരക്ഷിക്കുകയുമില്ല.’ അപ്പോൾ ആ സ്ത്രീ അത് എങ്ങനെയാണെന്ന് അന്വേഷിച്ചു. അയാൾ പറഞ്ഞു: ‘ഞാൻ നിന്നെ ത്വലാഖ് ചൊല്ലും. ഇദ്ദ കഴിയാറാകുമ്പോൾ മടക്കിയെടുക്കും. വീണ്ടും അത് ആവർത്തിക്കും.” അങ്ങനെ ആ സ്ത്രീ ആഇശയുടെ അടുത്ത് വന്ന് വിവരം ധരിപ്പിച്ചു. എന്നാൽ, നബിതിരുമേനി വരുന്നതുവരെ അവർ മറുപടി ഒന്നും പറഞ്ഞില്ല. പ്രവാചകൻ എത്തിയപ്പോൾ വിവരം തിരുമേനിയെ അറിയിച്ചു. അൽപനേരത്തെ നിശ്ശബ്ദതക്കു ശേഷം ഈ ഖുർആൻ വാക്യം അവതീർണമായി: “വിവാഹമോചനം രണ്ട് പ്രാവശ്യമാകുന്നു. പിന്നീട് മര്യാദയോടെ ഭാര്യയായി നിർത്തുകയോ അല്ലെങ്കിൽ മാനമായി പിരിച്ചയക്കുകയോ ചെയ്യേണ്ടതാണ്”(2: 229)(റാസി, ഭാഗം: രണ്ട്, പേജ് 247).
അഥവാ രണ്ടാംതവണ വിവാഹമോചനം നടത്തുന്നവർ സൂക്ഷിക്കുക. അവസരം അവസാനിക്കുകയാണ്. ഇപ്പോൾ ഭാര്യയെ മടക്കിയെടുത്ത് മാനമായി ജീവിക്കാം. മൂന്നാം പ്രാവശ്യവും ഇത് ആവർത്തിച്ചാൽ അവൾ അന്യരുടേതായിത്തീരും. തനിക്ക് പുനർവിവാഹം വിലക്കപ്പെടുകയും ചെയ്യും.
Also read: മനുഷ്യരുടെ മാര്‍ഗദര്‍ശനാര്‍ഥം നൽകിയ വേദങ്ങള്‍
അഭിശപ്തമായ അനാചാരം
ഇസ്ലാം മൂന്ന് ത്വലാഖ് കൊണ്ട് വിവക്ഷിച്ചത് നേരത്തെ വിവരിച്ചപോലെ മൂന്നു തവണ വിവാഹം കഴിച്ച് മൊഴിചൊല്ലലാണ്. മറിച്ച്, ഇന്ന് കാണപ്പെടുന്നപോലെ മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലലല്ല. ഇത് അത്യന്തം അപഹാസ്യവും അഭിശപ്തവുമായ അനാചാരമാണ്. നബി അതിനെ അതിനിശിതമായി ആക്ഷേപിച്ചിട്ടുണ്ട്. ഒരിക്കൽ ഒരാൾ തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ഒറ്റവാക്കിൽ ചൊല്ലിയ വിവരം തിരുമേനിയെ അറിയിച്ചു. അപ്പോൾ നബി ചോദിച്ചു: “ഞാൻ നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കെ, നിങ്ങൾ ദൈവിക ഗ്രന്ഥംകൊണ്ട് കളിക്കുകയോ?” ഉടനെ ഒരാൾ എഴുന്നേറ്റുനിന്ന് ചോദിച്ചു: “ഞാൻ അയാളുടെ കഥ കഴിക്കട്ടെയോ?”(നസാഈ).
ഇബ്നു അബ്ബാസ് ഉദ്ധരിക്കുന്നു: “റുകാനത്ത് തന്റെ ഭാര്യയെ ഒരേ സദസ്സിൽ വെച്ച് മൂന്ന് ത്വലാഖും ചൊല്ലി. പിന്നീട് അദ്ദേഹത്തിന് അതിൽ അത്യധികം ദുഃഖംതോന്നി. അങ്ങനെ വിവരം തിരുമേനിയെ അറിയിച്ചു. അപ്പോൾ അവിടന്ന് അന്വേഷിച്ചു: ‘നിങ്ങൾ എങ്ങനെയാണ് ത്വലാഖ് ചൊല്ലിയത്?’ അദ്ദേഹം പറഞ്ഞു: ‘ഞാൻ മൂന്നും ചൊല്ലി.”
‘ഒരേ സദസ്സിൽവെച്ചാണോ?’ നബി ചോദിച്ചു. ‘അതെ.’ അദ്ദേഹം പറഞ്ഞു. ‘എങ്കിൽ അത് ഒന്നേ ആവുകയുള്ളൂ. അതിനാൽ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവളെ മടക്കിയെടുത്തുകൊള്ളുക”(സുബുലുസ്സലാം 3: 213).
“മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയാൽ ഒന്നുപോലും നടക്കുകയില്ലെന്ന് അഭിപ്രായമുള്ള പണ്ഡിതന്മാരുമുണ്ട്. കാരണം അത് അനാചാരമാണ്. അനാചാരം നിയമമാവുകയില്ല” (അൽ ഇസ്ലാം വൽ മർഅതുൽ മുആസ്വിറ, പേജ്.117).
യഥാർഥത്തിൽ മൂന്നും ഒന്നിച്ച് ചൊല്ലിയാലും ഒന്ന് മാത്രമേ പ്രബലമാവുകയുള്ളൂ എന്ന അഭിപ്രായമാണ് പ്രാമാണികം. ഖുർആൻ വാക്യം അതാണ് വ്യക്തമാക്കുന്നത്. റുകാനയിൽനിന്ന് ഉദ്ധരിക്കപ്പെട്ട സംഭവവും അതുതന്നെ തെളിയിക്കുന്നു. മുസ്ലിം ഉദ്ധരിക്കുന്ന മറ്റൊരു പ്രമാണവും ഈ വീക്ഷണത്തെയാണ് പ്രബലപ്പെടുത്തുന്നത്. അബുസ്സ്വഹ്ബാഅ് ഇബ്നു അബ്ബാസിനോട് ചോദിച്ചു: “നബിയുടെയും അബൂബക്റിന്റെയും കാലത്തും ഉമറിന്റെ ആദ്യഘട്ടത്തിലും മൂന്നെണ്ണം ഒന്നായിട്ടല്ലേ പരിഗണിച്ചിരുന്നത്?” അദ്ദേഹം പറഞ്ഞു: ‘അതെ”(മുസ്ലിം).
“നബിയുടെയും അബൂബക്റിന്റെയും കാലത്തും ഉമറിന്റെ ആദ്യത്തെ രണ്ട് വർഷവും ഒന്നിച്ചുള്ള മൂന്ന് ത്വലാഖുകൾ ഒന്നായാണ് പരിഗണിച്ചിരുന്നത്”(ഫിഖ്ഹുസ്സുന്ന ഭാഗം 8, പേജ് 69).
സമുദായത്തിൽ നടക്കുന്ന വിവാഹമോചനങ്ങളിൽ അധികവും ശരിയല്ലെന്നും അനീതിപരമാണെന്നും അഭിപ്രായമുള്ളവരാണ് പല മതപണ്ഡിതന്മാരും പരിഷ്കരണപ്രസ്ഥാനങ്ങളും. അത്തരം വീഴ്ചകൾക്കു കാരണം വ്യക്തിനിയമത്തിലെ പഴുതുകളാണെന്നതും ശരിതന്നെ. അതിനാൽ, മുസ്ലിം വ്യക്തിനിയമം ഖുർആനിനും പ്രവാചകചര്യക്കുമനുസരിച്ച് പുനഃക്രോഡീകരിക്കേണ്ടത് അനിവാര്യമാണ്.
Also read: പ്രവാചകന്‍മാര്‍ – അന്‍ബിയാക്കൾ
വിവാഹമുക്തയുടെ അവകാശങ്ങൾ
വിവാഹമോചന വാചകം ഉച്ചരിക്കപ്പെടുന്നതോടെ ഭാര്യാഭർത്താക്കന്മാർ തികച്ചും അന്യരായിത്തീരുന്നുവെന്ന തെറ്റായ ധാരണ സമൂഹത്തിലിന്ന് നിലനിൽക്കുന്നുണ്ട്. എന്നാൽ, നേരത്തെ വിവരിച്ച പ്രകാരം ദീക്ഷാകാലത്ത് സ്ത്രീ ഭർത്തൃഗൃഹത്തിലാണ് താമസിക്കേണ്ടത്. ആ ഘട്ടത്തിൽ അവളുടെ സകലവിധ സംരക്ഷണവും പുരുഷനാണ് ഏറ്റെടുക്കേണ്ടത്. മാനമായ നിലയിൽ ഭക്ഷണവും വസ്ത്രവും മറ്റു സൌകര്യങ്ങളും നൽകാൻ അയാൾ ബാധ്യസ്ഥനാണ്. മാത്രമല്ല, ഗർഭിണിയെങ്കിൽ പ്രസവം വരെ ചെലവിന് നൽകാനും അനന്തരം, കുട്ടിയുടെ മുലകുടിക്കാലത്തെ ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കാനും അയാൾ കടപ്പെട്ടവനായിരിക്കും. അതോടൊപ്പം മോശമായി പെരുമാറാനും പാടില്ല. വിവാഹമുക്തയായ സ്ത്രീയെ പുരുഷൻ തന്റെ വീട്ടിൽ സകലവിധ ജീവിതവിഭവവും നൽകി ഏകദേശം മൂന്ന് മാസക്കാലം താമസിപ്പിക്കണമെന്ന് അനുശാസിക്കുന്ന നിയമവ്യവസ്ഥ ഇസ്ലാമിക ശരീഅത്തല്ലാതെ ലോകത്തെവിടെയും കാണുക സാധ്യമല്ല. അല്ലാഹു പറയുന്നു: “നിങ്ങൾ നിവസിക്കുന്നേടത്ത് അവരെയും താമസിപ്പിക്കുക. അവരെ പ്രയാസപ്പെടുത്താനായി ദ്രോഹിക്കരുത്. അവർ ഗർഭിണികളാണെങ്കിൽ പ്രസവം വരെയും ചെലവിന് നൽകുക. പിന്നീട് നിങ്ങൾക്കുവേണ്ടി അവർ മുലകൊടുക്കുമ്പോൾ അവർക്ക് അതിന് പ്രതിഫലം നൽകുക. നല്ല നിലയിൽ പരസ്പരം കൂടിയാലോചിക്കുക. നിങ്ങൾക്ക് വിഷമമനുഭവപ്പെടുന്നുവെങ്കിൽ അയാൾക്കുവേണ്ടി മറ്റൊരു സ്ത്രീ മുലകൊടുക്കട്ടെ”(65: 6).
മടക്കിയെടുക്കാൻ അനുവാദമുള്ള ഇദ്ദയുടെ കാലത്ത് ഭാര്യ മരിച്ചാൽ ഭർത്താവിനും ഭർത്താവ് മരിച്ചാൽ ഭാര്യക്കും അനന്തരാവകാശം ലഭിക്കുന്നതാണ് (ത്വബ്രി 2: 265).
കല്യാണം കഴിക്കുമ്പോൾ നൽകുന്ന വിവാഹമൂല്യം ഭാര്യക്ക് അവകാശപ്പെട്ടതാണ്. കൂടുതലായാലും കുറച്ചായാലും അത് തിരിച്ചുവാങ്ങാവതല്ല. “നിങ്ങൾ ഒരു ഭാര്യയെ ഒഴിവാക്കി മറ്റൊരുവളെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് നിങ്ങൾ സമ്പത്തിന്റെ വലിയൊരു ശേഖരം തന്നെ നൽകിയിട്ടുണെടങ്കിലും നിങ്ങൾ ഒന്നുംതന്നെ മടക്കിവാങ്ങരുത്. വ്യാജാരോപണമുന്നയിച്ച് നിങ്ങൾ അത് തിരിച്ചെടുക്കുകയോ? സ്പഷ്ടമായ പാപമാണത്”(ഖുർആൻ 4: 20).
എന്നാൽ , ഭാര്യയെ സ്പർശിക്കുന്നതിനു മുമ്പാണ് വിവാഹമോചനമെങ്കിൽ പാതികൊടുത്താൽ മതിയാകുന്നതാണ്. പക്ഷേ, ഉദാരപൂർവം പെരുമാറലാണ് ഉത്തമം. “അവർക്ക് വിവാഹമൂല്യം നിശ്ചയിച്ചു കഴിഞ്ഞിരിക്കെ, നിങ്ങൾ അവരുമായി ബന്ധപ്പെടുന്നതിനുമുമ്പ് വിവാഹമോചനം നടത്തുന്നുവെങ്കിൽ നിങ്ങൾ നിശ്ചയിച്ചതിന്റെ പാതി അവർക്ക് നൽകേണ്ടതാണ്. സ്ത്രീകളോ പുരുഷന്മാരോ വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കിൽ! പുരുഷന്മാർ വിട്ടുവീഴ്ച ചെയ്യുന്നതാണ് കൂടുതൽ ഭക്തമായ നിലപാട്. നിങ്ങൾക്കിടയിലെ ഔദാര്യം വിസ്മരിക്കരുത്. നിങ്ങൾ ചെയ്യുന്നതെല്ലാം കാണുന്നവനാണ് അല്ലാഹു” (ഖുർആൻ 2: 237).
അഥവാ, വിവാഹമൂല്യം മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലെങ്കിൽ അത് നൽകാൻ പുരുഷൻ കടപ്പെട്ടവനല്ല. എങ്കിലും മാനമായ എന്തെങ്കിലും ആസ്വാദനവിഭവം നൽകേണ്ടതാണ്. “സ്ത്രീകളെ സ്പർശിക്കുകയോ അവർക്ക് വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങൾ അവരെ മൊഴി ചൊല്ലുന്നുവെങ്കിൽ മഹ്റിന്റെ കാര്യത്തിൽ നിങ്ങൾക്ക് ബാധ്യതയില്ല. എന്നാൽ, അവർക്ക് അനുഭവിക്കാൻ നിങ്ങൾ വല്ലതും നൽകേണ്ടതാണ്; ധനവാൻ തന്റെ കഴിവനുസരിച്ചും ദരിദ്രൻ തന്റെ അവസ്ഥക്കൊത്തും. സജ്ജനങ്ങളുടെ കടമയാണത്” (2: 236).
ഇത്തരം സന്ദർഭങ്ങളിൽ ഇദ്ദ ആചരിക്കേണ്ടതില്ല. “സത്യവിശ്വാസികളേ, വിശ്വാസിനികളെ നിങ്ങൾ വിവാഹം ചെയ്ത് അവരെ സ്പർശിക്കുംമുമ്പ് ത്വലാഖ് ചൊല്ലിയാൽ നിങ്ങൾക്കുവേണ്ടി അവർ ഇദ്ദ ആചരിക്കേണ്ടതില്ല. അതിനാൽ , അവർക്ക് എന്തെങ്കിലും വിഭവങ്ങൾ നൽകുകയും മാനമായ നിലയിൽ അവരുമായുള്ള ബന്ധം വിടർത്തുകയും ചെയ്യുക”(33: 49).
Also read: സാങ്കേതിക പദങ്ങള്‍/പ്രയോഗങ്ങള്‍
പ്രയാസപ്പെടുത്തൽ
ദീക്ഷാകാലം വർധിപ്പിച്ച്, മറ്റാരെങ്കിലുമായി വിവാഹബന്ധത്തിലേർപ്പെടുന്നത് തടയാനായി ഇദ്ദ കഴിയുന്നതിനുമുമ്പ് സ്ത്രീകളെ മടക്കിയെടുക്കാൻ പാടില്ല. അത് അനിസ്ലാമികവും കടുത്ത പാതകവുമാണ്. വിശുദ്ധ ഖുർആൻ രൂക്ഷമായ ഭാഷയിൽ പറയുന്നു: “നിങ്ങൾ സ്ത്രീകളുമായുള്ള ബന്ധം വിടർത്തുകയും ഇദ്ദയുടെ അവധി അടുക്കുകയും ചെയ്താൽ അവരെ നല്ല നിലയിൽ കൂടെ താമസിപ്പിക്കുക. അന്യായമായി ദ്രോഹിക്കാൻ വേണ്ടി മാത്രം നിങ്ങൾ അവരെ പിടിച്ചുവെക്കരുത്. അങ്ങനെ ആരെങ്കിലും ചെയ്താൽ ആ അക്രമം തന്നോടുതന്നെയാണ്. ദൈവകൽപനകളെ നിങ്ങൾ പരിഹാസ്യമാക്കരുത്” (ഖുർആൻ 2: 231).
ഇദ്ദയുടെ കാലം കഴിഞ്ഞാൽ അവളുടെ പുനർവിവാഹം തടയാൻ ഭർത്താവിനോ മറ്റാർക്കെങ്കിലുമോ ഒരവകാശവുമില്ല. നിയമവും മര്യാദയുമനുസരിച്ച് അവളും അന്വേഷകനും ഇഷ്ടപ്പെടുന്നേടത്തോളം കാലം അവരുടെ അഭിലാഷങ്ങളുടെ കാര്യത്തിൽ ആരും വിഘാതം വരുത്താവതല്ല.
വിവാഹമോചകൻ മോചിതയെ തന്റെ വരുതിയിൽ നിർത്താനും പുനർവിവാഹം നടത്തുന്നതിൽനിന്ന് അവളെയും കുടുംബത്തെയും തടയാനും അനിസ്ലാമിക കാലത്തെ അറബികൾ ശ്രമിച്ചിരുന്നു. ഈ രീതിയെ ഇസ്ലാം നിശിതമായി നിരോധിച്ചു.
ത്വലാഖ് ചൊല്ലിയ ആൾ വിവാഹമുക്തയെ പുനർവിവാഹത്തിന് ആഗ്രഹിക്കുകയും അവർ പരസ്പരം അത് അംഗീകരിക്കുകയും അന്യോന്യമുള്ള അകൽച്ചകൾ അവസാനിക്കുകയും ചെയ്താൽ അവളുടെ അടുത്ത ബന്ധുക്കളും രക്ഷാധികാരികളും അത് തടയരുത്. വാശിയുടെയും പൊങ്ങച്ചത്തിന്റെയും പേരിൽ അങ്ങനെ ചെയ്യുന്നത് കടുത്ത പാതകമാണ്.
Also read: ഇസ്‌ലാമിക കല
മഅ്ഖലുബ്നു യസാർ പറയുന്നു: “എനിക്ക് ഒരു സഹോദരിയുണ്ടായിരുന്നു. പിതൃവ്യപുത്രൻ അവളെ വിവാഹാലോചന നടത്തി. ഞാൻ അവളെ അദ്ദേഹത്തിന് കല്യാണം കഴിച്ചുകൊടുക്കുകയും ചെയ്തു. കുറേ കാലത്തെ ദാമ്പത്യ ജീവിതത്തിനുശേഷം അവളെ വിവാഹമോചനം നടത്തി. ഇദ്ദ കഴിയുന്നതിനു മുമ്പ് മടക്കിയെടുത്തതുമില്ല. അങ്ങനെ ദീക്ഷാകാലം കഴിഞ്ഞശേഷം അവൾക്ക് അദ്ദേഹത്തോടും അദ്ദേഹത്തിന് അവളോടും അനുരാഗം ജനിച്ചു. അതിനാൽ, മറ്റു വിവാഹാന്വേഷകരോടൊപ്പം അദ്ദേഹവും വന്നു. ഞാൻ ചോദിച്ചു: ‘വിഡ്ഢീ! നിന്നെ മാനിച്ച് ഞാൻ എന്റെ സഹോദരിയെ കല്യാണം കഴിച്ചുതന്നു. എന്നിട്ട് നീ ബന്ധം വിടർത്തി. ഇപ്പോൾ വീണ്ടും വിവാഹാലോചനക്ക് വരുകയോ? അല്ലാഹുവാണ! അവൾ നിന്റെ അടുത്തേക്ക് തിരിച്ചുവരികയില്ല.’ പിന്നീട്, ആ പ്രശ്നത്തിൽ ഖുർആൻ വചനമവതരിച്ചു. തുടർന്ന് ഞാൻ സത്യം ചെയ്തതിന് പ്രായശ്ചിത്തം നൽകുകയും പിതൃവ്യപുത്രനെ വരുത്തി സഹോദരിയെ അദ്ദേഹത്തിനു വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു” (ബുഖാരി, തിർമിദി, നസാഇ).
പ്രസ്തുത ഖുർആൻ വാക്യമിതാണ്: “നിങ്ങൾ സ്ത്രീകളെ വിവാഹമോചനം നടത്തുകയും അവരുടെ ദീക്ഷാകാലം എത്തുകയും ചെയ്താൽ, അവർ അന്യോന്യം ആലോചിച്ച് അംഗീകരിച്ചതാണെങ്കിൽ അവർ സംതൃപ്തിയോടെ ഭർത്താക്കന്മാരെ വിവാഹം ചെയ്യുന്നതിന് നിങ്ങൾ തടസ്സം നിൽക്കരുത്. നിങ്ങളിൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് നൽകപ്പെടുന്ന അനുശാസനമാണിത്. ഇതാണ് നിങ്ങൾക്ക് ഏറ്റം പ്രയോജനകരവും പാവനവുമായ പാത. അല്ലാഹു അറിയുന്നു. നിങ്ങൾ മനസ്സിലാക്കുന്നുമില്ല” (2: 232).
യഥാർഥത്തിൽ പുനർവിവാഹത്തിന് മറ്റാരെക്കാളും അർഹനും അനുയോജ്യനും ആദ്യഭർത്താവ് തന്നെയാണ്: “അവരെ തിരിച്ചെടുക്കാൻ ഏറ്റം അർഹർ അവരുടെ ഭർത്താക്കന്മാരാകുന്നു; അവർ ബന്ധം നന്നാക്കാൻ സന്നദ്ധരെങ്കിൽ” (2: 228).
വിവാഹമുക്തകളായ സ്ത്രീകൾ ദീക്ഷാകാലം ഭർത്തൃഗൃഹത്തിൽ കഴിച്ചുകൂട്ടി കാലാവധി കഴിയുമ്പോൾ വേർപിരിയുകയല്ലാതെ നിർവാഹമില്ലെങ്കിൽ അങ്ങനെ ആകാവുന്നതാണ്. എന്നാൽ, പുരുഷൻ വളരെ മര്യാദയോടും മാനമായുമാണ് അവളെ പിരിച്ചയക്കേണ്ടത്. ജീവിതത്തിന്റെ ഏറ്റം അനർഘവും ആനന്ദദായകവുമായ നിമിഷങ്ങൾ തന്നോടൊത്ത് പങ്കിടുകയും സുഖദുഃഖങ്ങളിൽ ഭാഗഭാക്കാവുകയും പരസ്പരം അലിഞ്ഞുചേരുകയും ചെയ്ത തന്റെ പങ്കാളിയെ ഗത്യന്തരമില്ലാതെ പറഞ്ഞയക്കുമ്പോൾ സാധ്യമായ എല്ലാ നന്മയും പുലർത്തിക്കൊണ്ടായിരിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. അതുകൊണ്ടുതന്നെയാണ് സ്ത്രീയുടെ മനഃപ്രയാസം ലഘൂകരിക്കുമാറ് മാനമായ പാരിതോഷികം നൽകണമെന്ന് വിശുദ്ധ ഖുർആൻ കൽപിച്ചത്. അല്ലാഹു പറയുന്നു: “വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾക്ക് മര്യാദപ്രകാരം എന്തെങ്കിലും ആസ്വാദനവിഭവം നൽകേണ്ടതാണ്. അത് ദൈവഭക്തന്മാർക്കുള്ള ബാധ്യതയത്രെ” (2: 241).
Also read: ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം
ദുരുപയോഗം
ഇസ്ലാം വിവാഹത്തെ വിശുദ്ധവും സുദൃഢവുമായ കരാറായി വിശേഷിപ്പിക്കുകയും ബന്ധവിച്ഛേദനത്തെ കഠിനമായി വെറുക്കുകയും ചെയ്തിട്ടുണെടങ്കിലും മുസ്ലിംകളിന്ന് വളരെ നിസ്സാര കാരണങ്ങൾക്കുപോലും വിവാഹമോചനം നടത്താറുണ്ട്. യഥാർഥത്തിൽ മറ്റൊരു മാർഗവുമില്ലാതെ ഗതിമുട്ടുന്ന നിസ്സഹായാവസ്ഥകളിൽ മാത്രം എടുക്കേണ്ട നടപടിയാണത്. “ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപ്പെടുത്താൻ പാടില്ലെ”ന്ന വീക്ഷണം ഇസ്ലാമിനില്ല. ദൈവാനുമതിയോടെ മനുഷ്യൻ ചേർക്കുന്ന ബന്ധത്തെ അവന്റെ നിയമങ്ങൾക്ക് വിധേയമായി വിടർത്താവുന്നതാണ്. പരസ്പര പകയും വെറുപ്പും നിലനിൽക്കുന്ന കുടുംബവും വീടും നരകതുല്യമായിരിക്കുമെന്നതിനാൽ ആജീവനാന്തം അതിൽ കിടന്ന് പ്രയാസപ്പെടണമെന്ന് ഇസ്ലാം നിർബന്ധിക്കുന്നില്ല.
എന്നാൽ, വിവാഹം സ്ത്രീപുരുഷന്മാർക്കിടയിൽ മരണം വരെ നീണ്ടുനിൽക്കേണ്ട വൈകാരികമായ സംയോജനവും പാവനമായ ഉടമ്പടിയുമാണ്. നിസ്സാര കാരണങ്ങളുടെ പേരിൽ അത് ദുർബലപ്പെടുത്തുന്നത് ആരോഗ്യകരമോ ക്ഷന്തവ്യമോ അല്ല. പ്രശ്നങ്ങളും പ്രതിസന്ധികളും പ്രതിബന്ധങ്ങളും പരിഹരിച്ച് ദാമ്പത്യ ശകടം മുന്നോട്ടു നയിക്കാൻ കഴിയുന്നവനാണ് മാന്യനും കരുത്തനും. ഇരുവരിലും വന്നുപോകുന്ന തെറ്റുകളും കുറ്റങ്ങളും വീഴ്ചകളും വൈകല്യങ്ങളും വിശാലമനസ്കതയോടെ ക്ഷമിക്കുകയാണ് വേണ്ടത്. നിസ്സാര കാര്യങ്ങളുടെ പേരിലുണ്ടാകുന്ന വാക്കേറ്റവും കലഹവും ബന്ധവിച്ഛേദനത്തിൽ ചെന്നെത്തുന്നത് ഒട്ടും സഹ്യമല്ല. ജീവിതത്തിലെ അകൽച്ചയും അസംതൃപ്തിയുമെല്ലാം വിവാഹമോചന കാരണമാകാമെങ്കിലും സന്തോഷവും വെറുപ്പുമെല്ലാം ക്ഷണികമായ മാനസികാവസ്ഥകളാണ്. വളരെ വേഗത്തിൽ മാറാൻ സാധ്യതയുള്ള നൈമിഷിക വികാരത്തിന്റെ പ്രേരണയാൽ വിവാഹം പോലെ അഗാധസ്പർശിയായ ഒരാത്മീയ ബന്ധത്തെ അറുത്തുകളയാവതല്ല.
Also read: മാനവികമൂല്യങ്ങള്‍ ഖുര്‍ആനികദര്‍പ്പണത്തില്‍
സഹനശക്തിയും ക്ഷമാശീലവും അതോടൊപ്പം സന്താനസ്നേഹവുമുള്ളവർ സാധാരണഗതിയിൽ ബന്ധവിച്ഛേദനത്തിന് ബദ്ധപ്പാട് കാണിക്കില്ല. തങ്ങളുടെ താൽക്കാലിക താൽപര്യങ്ങൾ വിഗണിച്ചും അത്തരക്കാർ ഐക്യത്തോടെ ജീവിക്കാനും പരസ്പരം പൊരുത്തപ്പെടാനും പരമാവധി ശ്രമിക്കും. കുടുംബഭദ്രതക്കും ദാമ്പത്യബന്ധം ശിഥിലമാവുന്നത് ഹാനിവരുത്തുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ കുടുംബത്തെ സമൂഹത്തിന്റെ ആധാരശിലയായി കാണുകയും അതിന് അതിമഹത്തായ സ്ഥാനം കൽപിക്കുകയും ചെയ്യുന്ന ഇസ്ലാമിന്റെ അനുയായികൾ ദാമ്പത്യബന്ധത്തെ ഉലക്കുന്ന അതിശക്തമായ സമ്മർദങ്ങളുണ്ടായാൽപ്പോലും പിടിച്ചുനിൽക്കാൻ പരമാവധി ശ്രമിക്കേണ്ടതാണ്.
ദൌർഭാഗ്യവശാൽ മുസ്ലിംകൾ ഈ രംഗത്ത് അത്യന്തം അപഹാസ്യമായ അവസ്ഥയിലാണുള്ളത്. അതിനിസ്സാര കാര്യങ്ങൾക്കുപോലും മൊഴിചൊല്ലുന്ന ദുഃസ്ഥിതി പല പ്രദേശങ്ങളിലുമുണ്ട്. ഇസ്ലാം ആവശ്യപ്പെട്ട പ്രകാരമുള്ള ശ്രമങ്ങളൊന്നും നടത്തപ്പെടാറില്ല. അനുരഞ്ജനത്തിന് ഇരുവിഭാഗവും തീവ്രയത്നം നടത്തണമെന്ന ഖുർആനിക നിർദേശം പാലിക്കപ്പെടാറുമില്ല. മാത്രമല്ല, വിവാഹമുക്തയെ ഇദ്ദയുടെ കാലത്ത് ഭർത്തൃഗൃഹത്തിൽ താമസിപ്പിക്കണമെന്ന നിർദേശം ആരും അൽപംപോലും ഗൌനിക്കാറില്ല. സർവോപരി പലരും മൂന്ന് മൊഴിയും ഒന്നിച്ചുചൊല്ലാൻ തിടുക്കം കാണിക്കുന്നവരാണ്. ഇതെല്ലാം അനിസ്ലാമികവും അഭിശപ്തവുമാണെന്ന് നേരത്തെ വിവരിച്ചിട്ടുണ്ടല്ലോ. ചുരുക്കത്തിൽ, വിവാഹമോചന കാര്യത്തിൽ മുസ്ലിംകൾക്കിടയിൽ നിലനിൽക്കുന്നത് ഇസ്ലാമികാധ്യാപനങ്ങളല്ല. മറിച്ച്, തെറ്റായ നാട്ടാചാരങ്ങളാണ്.