ഇസ്ലാമിക വിശ്വസം: ഇമാം ശാഫിഈ സ്വീകരിച്ച അടിസ്ഥാനങ്ങള്‍
ഇസ്ലാമിക വിശ്വാസധാര ശക്തിപ്പെടുത്താന്‍ മഹാനായ ഇമാം ശാഫിഈ സ്വീകരിച്ച അഹ്ലുസുന്നത്തി വല്‍ജമാഅത്തിന്റെ മാര്‍ഗങ്ങള്‍ നിരവധിയാണ്. അതിലേറ്റവും പ്രധാനപ്പെട്ട അടിസ്ഥാന തത്വങ്ങളാണ് താഴെ വിശദീകരിക്കുന്നത്:
1- ബൗദ്ധികതയെക്കാള് ഖുര്‍ആനിനും ഹദീസിനും പ്രാധന്യം നല്‍കുക: അഹ്ലുസന്നത്തി വല്‍ജമാഅത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ആദ്യത്തേത് വിശുദ്ധ ഖുര്‍ആനും ഹദീസുമാണ്. ഇസ്ലാമിക വിശ്വാസധാരയെ ശക്തിപ്പെടുത്തുന്ന അടിസ്ഥാന ഉറവിടങ്ങളാണത്. ഇവ രണ്ടും ലഭ്യമാകുമ്പോള്‍ മൂന്നാമതൊന്ന് പകരമായി സ്വീകരിക്കുന്നത് അനുവദനീയമല്ല. വിശുദ്ധ ഖുര്‍ആനും ഹദീസും സ്ഥിരപ്പെടുത്തിയ കാര്യം സ്ഥിരപ്പെടുത്തല്‍ വിശ്വാസിയുടെയും ബാധ്യതയാണ്. അതുപോലെത്തന്നെ അവ രണ്ടും നിഷേധിച്ച കാര്യങ്ങള്‍ നിഷേധിക്കലും വിശ്വാസിക്ക് നിര്‍ബന്ധമാണ്. അവ രണ്ടും മുറുകെപ്പിടിക്കുന്നതിലാണ് നന്മയും ജീവിത വിജയവുമുള്ളത്. അല്ലാഹു പറയുന്നു: ‘ഒരു വിഷയത്തില്‍ അല്ലാഹുവും ദൂതനും ഒരു വിധി പ്രസ്താവിച്ചുകഴിഞ്ഞാല്‍, തങ്ങളുടെ കാര്യത്തില്‍ സ്വേച്ഛാനുസൃതമുള്ള മറ്റൊരു തീരുമാനമെടുക്കാന്‍ ഒരു സത്യവിശ്വാസിക്കും വിശ്വാസിനിക്കും പാടില്ല. അവനും ദൂതനും ആരൊരാള്‍ എതിര് പ്രവര്‍ത്തിക്കുന്നുവോ അയാള്‍ സ്പഷ്ടമായ മാര്‍ഗഭ്രംശത്തില്‍ നിപതിച്ചുകഴിഞ്ഞു!'(അഹ്സാബ്: 36). അല്ലാഹുവിന്റെയും റസൂലിന്റെയും കാര്യത്തില്‍ ഇതാണ് വിശ്വാസികല്‍ ചെയ്യേണ്ടത്. അതുകൊണ്ടാണ് തിരുനബി(സ്വ)യെ വഴിപ്പെടാതെ അഹന്ത നടിക്കുന്നവരെ പിന്തുടരരുതെന്ന് അല്ലാഹു കല്പിച്ചത്. അല്ലാഹു പറയുന്നു: ‘താങ്കളുടെ നാഥന് തന്നെ സത്യം, തങ്ങള്ക്കിടയിലുണ്ടായിത്തീരുന്ന തര്‍ക്കങ്ങളില്‍ അങ്ങയെ വിധികര്‍ത്താവാക്കുകയും അങ്ങയുടെ വിധിയെപ്പറ്റി മനസ്സിലൊട്ടും പ്രയാസമുണ്ടാവാതിരിക്കുകയും സമ്പൂര്‍ണമായി വിധേയത്വമുള്ളവരായിത്തീരുകയും ചെയ്യുന്നതുവരെ അവര്‍ സത്യവിശ്വാസികളാകുന്നതല്ല'(നിസാഅ്: 65).
വിശ്വാസികള്‍ക്കിടിയില്‍ ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ അവ വിശുദ്ധ ഖുര്‍ആനിലേക്കും തിരുഹദീസിലേക്കും മടക്കാനാണ് അല്ലാഹു കല്പിച്ചിരിക്കുന്നത്. കാരണം ജനങ്ങള്‍ പരസ്പരം തര്‍ക്കത്തിലാകുന്ന വിഷയങ്ങളിലെല്ലാം അവ രണ്ടും പരിഹാരം നല്‍കും. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളെ, അല്ലാഹുവിനെയും അവന്റെ റസൂലിനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക- അല്ലാഹുവിലും അന്ത്യനാളിലും നിങ്ങള്‍ വിശ്വാസിക്കുന്നുവെങ്കില്. അതാണ് ഉദാത്തവും ഏറ്റം നല്ല അന്ത്യഫലദായകവും'(നിസാഅ്: 59). പൂര്‍വ്വകാല പണ്ഡുതന്മാരുടെ കൂട്ടത്തില്‍ പ്രധാനിയാണ് ഇമാ ശാഫിഈ. ശരീഅത്തിന്റെ ഉറവിടങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണെന്നതാണ് അദ്ദേഹത്തിന്റെ വീക്ഷണം. മുഫ്തിമാര് വിഷയങ്ങളെ സമീപിക്കേണ്ടതും അവ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടു തന്നെയാണ് ഇസ്ലാമിക വിശ്വാസധാര ഊട്ടിയുറപ്പിക്കുന്നതില്‍ അടിസ്ഥാന തത്വമായി വര്‍ത്തിക്കുന്നത് വിശുദ്ധ ഖുര്‍ആനും സുന്നത്തുമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നത്. ഈ അഭിപ്രായത്തിനെതിരെ രംഗപ്രവേശം ചെയ്തവരെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പ്രതിരേധിക്കുന്നുമുണ്ട്.
ശരീഅത്തിന്റെ വിഷയത്തില്‍ ഖുര്ആനിനെപ്പോലെത്തന്നെയാണ് ഹദീസുമെന്ന് അദ്ദേഹം പറയുന്നു. ഹദീസ് സ്ഥിരപ്പെടുത്തിയതെല്ലാം യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ സ്ഥരിപ്പെടുത്തിയവയും അത് നിഷിദ്ധമാക്കിയതെല്ലാം ഖുര്‍ആന്‍ നിഷിദ്ധമാക്കിയവയും തന്നെയാണ്. അവ രണ്ടും അല്ലാഹുവില്‍ നിന്നുള്ളതാണെന്നതാണ് കാരണം. വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞ പൊരുളുകളുടെ വിശദീകരണമാണ് ഹദീസെന്ന് അല്ലാഹു പല സൂക്തങ്ങളിലൂടെയും വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു: ‘സ്വന്തത്തില്‍ നിന്നു തന്നെ ഒരു റസൂലിനെ വിശ്വാസികള്‍ക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണ് അല്ലാഹു ചെയ്തത്. അവര്‍ക്ക് അവിടന്ന് അവന്റെ ആയത്തുകള്‍ ഓതിക്കൊടുക്കുകയും സംസ്കാരമുണ്ടാക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിനുമുമ്പ് വ്യക്തമായ ദുര്‍മാര്‍ഗത്തില്‍ തന്നെയായിരുന്നു അവര്‍'(ആലു ഇംറാന്‍: 164).
ഇമാം ശാഫിഈ പിന്നീട് ഹദീസിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറയാന്‍ ഉദ്ദേശിച്ചതെന്തോ അതിന്റെ വിശദീകരണമാണ് ഹദീസ്. ഖുര്‍ആനില്‍ തെളിവുകളില്ലാത്ത കാര്യമാണെങ്കില്‍ പോലും ചില വിധികളില്‍ ഹദീസ് സ്വതന്ത്ര അധികാരം കാണിക്കും. അല്ലാഹുവിനെയും അവന്റെ ദൂതനെയും വഴിപ്പെടല്‍ നിര്‍ബന്ധമാണെന്ന് വ്യക്തമാക്കലോടുകൂടെ താഴെ പറയുന്ന കാര്യങ്ങളാണ് അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറയുകയും ചെയ്തു:
1- പൂര്‍ണമായ വിശദീരകണത്തോടുകൂടി ഖുര്‍ആന്‍ ഒരു കാര്യം കൊണ്ടുവന്നിട്ടുണ്ടെങ്കില് പിന്നെ അതല്ലാതെ മറ്റൊന്ന് സ്വീകരിക്കല്‍ അനുവദനീയമല്ല.
2- ഫര്‍ളായ കാര്യങ്ങളില്‍ വ്യക്തമായ വിശദീകരണങ്ങള്‍ ഖുര്‍ആന്‍ നല്കുന്നിടത്ത്, എങ്ങനെയത് നിര്‍ബന്ധമാക്കി, ആരുടെ മേലാണ് അത് നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്, അതിന്റെ പരിധിയില്‍ വരാത്ത ആളുകള്‍ ആരെല്ലാമാണ് തുടങ്ങിയ കാര്യങ്ങള്‍ പ്രവാചകന് വ്യക്തമാക്കും.
3- വിശുദ്ധ ഖുര്‍ആനിന്റെ പ്രാമാണികതയില്ലാതെ നബി(സ്വ) വ്യക്തമാക്കിയത്. അതെല്ലാം വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണങ്ങള്‍ മാത്രമാണ്. പ്രവാചകനെ പിന്തുടരല് സൃഷ്ടികളുടെ മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയതിനാല്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ പോലെത്തന്നെ പ്രവാചകന് സുന്നത്താക്കിയ കാര്യങ്ങളും നാം അംഗീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹുവിന്റെ റസൂലിന്റെ കല്പനകള്ക്ക് വഴിപ്പെടുകയെന്നാല് അത് അല്ലാഹുവിനെ വഴിപ്പെടലാണ്. പിന്നീട് അദ്ദേഹം ഹദീസ് തെളിവായി പിടിക്കാനുള്ള തെളിവുകള്‍ വ്യക്തമാക്കി. ഒരുപാട് പണ്ഡതന്മാര് അതിനെക്കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം ശാഫിഇയുടെ ഗ്രന്ഥമെല്ലാം ആ ഗണത്തില്‍ പെട്ടതാണ്.
4- ഖബറുല്‍ ആഹാദ്: ഹദീസ് പണ്ഡിതന്മാര് രണ്ട് വിഭാഗമായിട്ടാണ് തിരുമൊഴികളെ വേര്‍തിരിച്ചിട്ടുള്ളത്; മുതവാതിറും ആഹാദും.
മുതവാതിര്‍: കളവ് പറയാന്‍ യാതൊരു സാധ്യതയും ഇല്ലാത്ത രീതിയില്‍ ഒരുപാട് പേര് റിപ്പോര്‍ട്ട് ചെയ്ത ഹദീസ്.
ആഹാദ്: മുതവാതിറിന്റെ എല്ലാ നിബന്ധനകളും നഷ്ടപ്പെട്ടതോ അല്ലെങ്കില്‍ അതിലൊന്ന് നഷ്ടപ്പെട്ടതോ ആയ ഹദീസ്.
ഹദീസിന്റെ സ്വകാര്യതയും നിരാകരണവും അനുസരിച്ച് ധാരാളമായി അതിനെ വിഭജിക്കാം. മഖ്ബൂല്‍, ഉദ്ധാരകന്‍ നീതിമാനാണോ അല്ലയോ എന്നതനുസരിച്ച് തീരുമാനിക്കപ്പെടുന്ന മര്‍ദൂദ്. ഇമാം ശാഫിഈ ഈ വിഭജനത്തെ പൊതുവായ ജ്ഞാനവും പ്രത്യേക ജ്ഞാനവും എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അദ്ദേഹം പറയുന്നു; ഒരാള്‍ എന്നോട് ചോദിച്ചു: എന്താണ് ജ്ഞാനം? ജ്ഞാനത്തില്‍ നിന്നും ജനങ്ങളുടെമേല്‍ നിര്‍ബന്ധമാക്കപ്പെട്ടത് എന്താണ്? അന്നേരം അദ്ദേഹത്തോട് ഞാന്‍ പറയും: ‘അറിവ് രണ്ട് രീതിയിലാണ്. അതിലൊന്ന് പൊതുവിജ്ഞാനം. എല്ലാവര്ക്കും സുഗ്രാഹ്യമായ കാര്യങ്ങളാണ് പൊതുവിജ്ഞാനത്തില്‍ വരുന്നത്’. അതിനൊരു ഉദാഹരണം പറയാമോ? ‘അഞ്ച് നേരത്തെ നിസ്കാരം, റമദാന് മാസത്തെ നോമ്പ്, സാധ്യമെങ്കില്‍ ഹജ്ജ് നിര്‍വഹിക്കുക, സമ്പത്തില്‍ നിന്നും സകാത് നല്‍കുക, വ്യഭിചാരം, കൊലപാതകം, മദ്യം തുടങ്ങിയവ നിഷിദ്ധമാണ് എന്നീ കാര്യങ്ങളെല്ലാം അതിനുള്ള ഉദാഹരണങ്ങളാണ്. ഇതെല്ലാം വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുള്ളതുമാണ്. എല്ലാ മുസ്ലിംകള്ക്കും അറിവുള്ളതുമാണ്. യാതൊരു അഭിപ്രായ ഭിന്നതകളും ഇല്ലാതെത്തന്നെ ഓരോ സമൂഹവും മുന്‍കഴിഞ്ഞവരില്‍ നിന്നും ഉദ്ധരിച്ചു വന്നതാണത്. ഇത്തരം പൊതുവിജ്ഞാനങ്ങളില്‍ പിഴവ് സംഭവിക്കുകയില്ല. അതില്‍ വ്യാഖ്യാനത്തിനോ അഭിപ്രായ ഭിന്നതകള്‍ക്കോ ഇടമില്ല’.
അപ്പോള്‍ പിന്നെ ജ്ഞാനത്തിന്റെ രണ്ടാമത്തെ രീതിയെന്താണ്? ‘നിര്ബന്ധമാക്കപ്പെട്ടവയുടെ ഉപവിഭാഗങ്ങളില്‍ നിന്നും മനുഷ്യര്‍ ചെയ്യുന്നത്. അതുമായി ബന്ധപ്പെട്ട പ്രത്യേക വിധികള്‍ തുടങ്ങി ഖുര്‍ആനില്‍ വന്നിട്ടില്ലാത്തവയാണ് അത്. അതില്‍ അധികമായി ഹദീസുകളും വന്നിട്ടില്ല. അതില്‍ സുന്നത്തായി എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അത് പ്രത്യേകമായ ജ്ഞാനത്തിലാണ് ഉള്പെടുത്തപ്പെടുക. വ്യാഖ്യാനങ്ങള്‍ക്ക് ഇടമുള്ളതാണത്’.
ഹദീസ് സ്വീകാര്യമാകാനുള്ള നിബന്ധനകള്‍:
ഹദീസ് സ്വീകാര്യ യോഗ്യമാകാനുള്ള ചില നിബന്ധനകള്‍ ഇമാം ശാഫിഈ തന്റെ രിസാല എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഹദീസ് വിശാരദന്മാര് ചിട്ടപ്പെടുത്തിയ നിബന്ധനകള്‍ തന്നെയാണത്:
1 സനദ് പൂര്‍ണമാകണം.
2 ഉദ്ധാരകര്‍ നീതിമാന്മാരായിരിക്കണം.
3 ഉദ്ധാരകന്‍ വ്യക്തതയുണ്ടായിരിക്കണം.
4 വിശ്വാസ്ഥനായ ഒരു ഉദ്ധാരകനോട് എതിരായി വരുന്ന രീതിയിലുള്ള ശാദ്ദ് ആയ ഹദീസാകരുത്.
5 ന്യൂനതകളില്‍ നിന്നും രക്ഷപ്പെട്ടതായിരിക്കണം.
ഹദീസ് പണ്ഡിതന്മാര് ചിട്ടപ്പെടുത്തിയതുപോലെയല്ലെങ്കിലും ഈ നിബന്ധനകളെല്ലാം രിസാല എന്ന ഗ്രന്ഥത്തില്‍ ശാഫിഈ ഇമാം കൊണ്ടുവരുന്നുണ്ട്. നിതാനശാസ്ത്രത്തിന്റെ മഹത്വത്തെയാണ് അത് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഹദീസ് തെളിവായി പിടിക്കാമെന്നതിന് ധാരാളം തെളിവുകള്‍ ഇമാം ഉദ്ധരിക്കുന്നുണ്ട്. ആ തെളിവുകളില്‍ നിന്നും ചിലത് സ്വീകരിച്ച് ചിലതിനെ നിഷേധിച്ചവരെയും തെളിവ് മുഴുവനും നിഷേധിച്ചവരെയും മഹാന് പ്രതിരോധിക്കുന്നുമുണ്ട്.
ഖബറു വാഹിദുകൊണ്ടുള്ള ആരാധന:
ജ്ഞാനത്തെയോ ഭാവനയെയോ ആണ് ഖബറുല്‍ വാഹിദ് എന്ന് പറയുന്നവരുണ്ടെങ്കിലും അതുകൊണ്ട് പ്രവര്‍ത്തിക്കാമെന്നതില്‍ സ്വാഹാബികളും താബിഉകളും പൂര്‍വകാല പണ്ഡിതന്മാരും ഏകപക്ഷമാണ്. മുഅ്തസിലികളും റാഫിളികളും മാത്രമാണ് അതിനെ നിഷേധിച്ചിട്ടുള്ളത്. വിശ്വാസപരമായ കാര്യങ്ങളിലും മതപരമായ വിധികളിലുമെല്ലാം ഖബറു വാഹിദുകൊണ്ട് പ്രവര്‍ത്തിക്കാമെന്ന് പൂര്‍വ്വകാല പണ്ഡിതന്മാരെ ഉദ്ധരിച്ച് ശാഫിഈ ഇമാം വ്യക്തമാക്കുന്നു. ഖബറു വാഹിദിനെ സ്വീകരിക്കുന്നതില്‍ വിശ്വാസപരമായ കാര്യങ്ങളില്‍ മാത്രമെന്നോ മതപരമായ വിധികളിലെന്നോ അദ്ദേഹം വേര്‍തിരിവ് നടത്തിയിട്ടില്ല. ചാന്ദ്ര ദര്‍ശനത്തെ പ്രതിപാദിക്കുന്ന ഹദീസിനെക്കുറിച്ച് സഈദ് ബ്ന് അസദ് അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഇബ്നു അസദിന്റെ മകനെ, ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കിലും ഇനി മരിച്ചാലും ഞാനിങ്ങനെ പറഞ്ഞുവെന്ന് അങ്ങേക്ക് പറയാം; തിരുനബി(സ്വ)യില്‍ നിന്നും സ്വീകാര്യമായി വന്ന ഓരോ ഹദീസുകളെ സംബന്ധിച്ചെടുത്തോളവും എന്നിലേക്കത് നേരിട്ട് എത്തിയിട്ടില്ലെങ്കിലും ഞാനത് തെളിവായി സ്വീകരിക്കും.
3- സ്വഹാബികളും താബിഉകളും അതിന് മഹത്വം കല്പിച്ചിരുന്നു:
ഇമാം ശാഫിഈ പറയുന്നു: ഖുര്‍ആനിലും ഹദീസിലും വന്ന കാര്യത്തില്‍ ഒഴിവുകഴിവ് പറയുന്നവന്, അവ രണ്ടും പിന്തുടരുന്നത് വരെ അവനെ കേള്‍ക്കേണ്ടതില്ല. ഇനി അവ രണ്ടിലുമില്ലെങ്കില്‍ പിന്നെ സ്വഹാബികളുടെ ഉദ്ധരണികള്‍ നോക്കുക. അതില്‍ തന്നെ അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്(റ), അലി(റ) എന്നിവരുടെ വാക്കുകള്‍ സ്വീകരിക്കുക. ഇമാം ശാഫിഈ ജ്ഞാനത്തെ വിവിധ ഘട്ടങ്ങളായി തരംതിരിക്കുന്നുണ്ട്:
1- ഖുര്‍ആനും സുന്നത്തും.
2- ഖുര്‍ആനും സുന്നത്തും വ്യക്തമാക്കാത്ത കാര്യങ്ങളില്‍ പണ്ഡിതന്മാരുടെ ഏകോപനം.
3- ഒരിക്കലും എതിര്‍പ്പ് വരാന്‍ സാധ്യതയില്ലാത്ത സ്വഹാബികളുടെ വാക്കുകള്‍.
4- സ്വഹാബികളുടെ അഭിപ്രായ ഭിന്നത.
5- ചില ഘട്ടങ്ങളുടെമേലുള്ള ഖിയാസ്. ഖുര്‍ആനും സുന്നത്തും അല്ലാത്തതിലേക്ക് അത് എത്തിച്ചേരുകയില്ല. ഇവയില്‍ നിന്നെല്ലാം ഏറ്റവും ആദ്യ സ്ഥാനത്തുള്ളതാണ് സ്വീകരിക്കേണ്ടത്.
സ്വഹാബികളെ പിന്തുടരേണ്ടതുണ്ടെന്നതിനുള്ള തെളിവ് ഹസനു ബ്നു മുഹമ്മദ് സഅഫറാനിയെ ഉദ്ധരിച്ച് ഇമാം ശാഫിഈ തന്റെ പഴയ രിസാല എന്ന ഗ്രന്ഥത്തില്‍ പറഞ്ഞതായി ഇമാം ബയ്ഹഖി രേഖപ്പെടുത്തുന്നുണ്ട്: വിശുദ്ധ ഖുര്‍ആനിലൂടെയും തൗറാത്ത്, ഇഞ്ചീല്‍ എന്നിവയിലൂടെയും അല്ലാഹു സ്വഹാബികളെ പുകഴ്ത്തുകയും മഹത്വം കല്പിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ശേഷം വന്ന ഒരു സമൂഹത്തിനുമില്ലാത്ത പ്രത്യേകതകളും മഹത്വവും അവര്‍ക്കുണ്ടെന്ന് തിരുനബി(സ്വ)യും അരുളിയിട്ടുണ്ട്. സല്‍വൃത്തരുടെയും സത്യസന്ധരുടെയും രക്തസാക്ഷികളുടെയും സ്ഥാനം നല്കി അല്ലാഹു അവരെ ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. അവരാണ് നമ്മിലേക്ക് തിരുചര്യകളെ എത്തിച്ചു തന്നത്. തിരുനബി(സ്വ)യിലേക്ക് വഹിയിറങ്ങുന്നതിന് സാക്ഷികളായിരുന്നു അവര്‍. പ്രവാചകന്റെ ഓരോ വാക്കും പൊതുവായതാണോ പ്രത്യേകമായതാണോ നിര്‍ദേശമാണോ ഉപദേശമാണോ എന്നെല്ലാം വ്യക്തമായി അറിയുന്നവരാണ് സ്വഹാബികള്‍. നബിചര്യയില്‍ നിന്നും നമുക്ക് അറിയുന്നതും അല്ലാത്തതുമായ എല്ലാത്തിനെക്കുറിച്ചും ജ്ഞാനമുള്ളവരാണവര്. അറിവിലും സൂക്ഷ്മതയിലും ബുദ്ധിയിലും അവരുടെ പിന്നിലാണ് നാം. നമ്മുടെ അഭിപ്രായങ്ങളെക്കാളെല്ലാം ഉത്തമമാണ് അവരുടെ അഭിപ്രായങ്ങളും നിലപാടുകളും.
4- ബിദഇകളെയും സ്വേച്ഛപ്രകാരം പ്രവര്‍ത്തിക്കുന്നവരെയും എതിര്‍ക്കുകയും ആക്ഷേപിക്കുകയും ചെയ്യുക:
ബിദഇകളോട് കൂട്ടുകൂടരുതെന്ന് മാത്രമല്ല അവരെ പൂര്‍ണമായും വെടിയണമെന്നും പൂര്‍വകാല പണ്ഡിതന്മാര് മുസ്ലിം സമൂഹത്തെ ഉത്ബോധിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ബിദഇകള്‍ക്കെതിരെ രംഗത്ത് വന്നവരില്‍ പ്രധാനിയാണ് ഇമാം ശാഫിഇയും. ഇമാം ശാഫിഈ ബഗ്ദാദ് ഉപേക്ഷിച്ച് മിസ്വ്റിലേക്ക് പോകാന്‍ കാരണം മുഅ്തസിലികളുടെ രംഗപ്രവേശവും ജനങ്ങളുടെമേല്‍ അവര്‍ക്കുണ്ടായിരുന്ന സ്വാധീനവുമായിരുന്നുവെന്ന് പറയപ്പെടുന്നു. ഭരണകൂടവും മുഅ്തസിലികളോട് വിധേയത്വമുള്ളവരായിരുന്നു. ബിദഇകളെ വെടിയാനുള്ള കാരണമായി ഇമാം പറയുന്നു: ബിദ്അത്തില്‍ നിന്നും പിന്തിരിയില്ലെന്ന് ഉറപ്പുള്ള ഒരാളോടും ഞാന്‍ സംവാദത്തിലേര്പ്പെട്ടിട്ടില്ല. ഇമാം ബയ്ഹഖി പറയുന്നു: കാരണം, ബിദ്അത്ത് മുഖമുദ്രയാക്കിയവര് സംവാദത്തിലൂടെ നേര്വഴിയിലാകുന്നത് വിരളമാണ്. സത്യമാര്‍ഗത്തിലേക്ക് വരുമെന്ന് പ്രതീക്ഷയുള്ളവരാണെങ്കില്‍ ശാഫിഈ ഇമാം അവരോട് സംവാദത്തില്‍ ഏര്‍പ്പെടുമായിരുന്നു.
തിരു സുന്നത്തിനെ പിന്തുടരല് വിശ്വാസത്തിന്റെ അടയാളമായിട്ടാണ് ശാഫിഈ ഇമാം രേഖപ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ അതിനെതിര് പ്രവര്‍ത്തിക്കല്‍ ബിദ്അത്തിന്റെ അടയാളവുമാണ്. യൂനുസ് ബ്നു അബ്ദുല്‍ അഅ്ലാ പറയുന്നു; മുഹമ്മദ് ബ്നു ഇദ്രീസു ശാഫിഇയോട് ഞാന്‍ ചോദിച്ചു: നമ്മുടെ കൂട്ടുകാരനായ ലയ്സ് ബ്നു സഅദ് പറഞ്ഞു; സ്വേച്ഛകള്ക്കനുസരിച്ച് നടക്കുന്നൊരാള് വെള്ളത്തിന് മുകളിലൂടെ നടക്കുന്നത് കണ്ടാലും ഞാനവനില് നിന്നൊന്നും സ്വീകരിക്കുകയില്ല. അതുകേട്ട് ഇമാം ശാഫിഈ പറഞ്ഞു: എന്ന് മാത്രമല്ല. അവനിനി അന്തരീക്ഷത്തിലൂടെ നടന്നാലും ഞാനവനെ അംഗീകരിക്കുകയില്ല.
അവലംബം:
1- ഇബ്നു ഖയ്യിമുല്‍ ജൗസിയ്യ, ഇഅ്ലാമുല്‍ മൂഖീഈന്, (1/80).
2- ഇബ്നു ഹജറുല്‍ അസ്ഖലാനി, നുഖ്ബത്തുല്‍ ഫിഖ്ര്, പേ. 4-8.
3- ആമുദി, അല്‍ഇഹ്കാം ഫീ ഉസ്വൂലില്‍ അഹ്കാം, (2/31).
4- ബഗ്വി, ശറഹുസ്സുന്ന, (1/218).
5- ബയ്ഹഖി, മനാഖിബുശ്ശാഫിഈ, (1/421), (1/175), (1/470), (1/454).
6- ശൗകാനി, ഇര്‍ശാദുല്‍ ഫുഹൂല്‍ ഇലാ ഇഹ്ഖാഖില് ഹഖി മിന് ഇല്മില് ഉസ്വൂല്‍, പേ. 48-49.
7- അലി മുഹമ്മദ് സ്വലാബി, ദൗലത്തുസ്സലാജിക്കത്തി വ ബുറൂസി മശ്റൂഇന് ഇസ്ലാമിയ്യിന്‍ ലിമുഖാവമത്തി തഗല്ഗുലില് ബാത്വിനി വല്ഗസ്വിസ്സ്വലീബി, പേ. 377-382.
8- മുഹമ്മദ് ബ്നു ഇദ്രീസ് ശാഫി, രിസാല, പേ. 32, 33, 357, 359.
കിതാബുല്‍ ഉമ്മ്, (7/265).
9- മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ് അല്‍-അഖീല്‍, മന്‍ഹജുല്‍ ഇമാമിശ്ശാഫിഈ ഫീ ഇസ്ബാത്തില് അഖീദ, പേ. 80, 81, 86, 109, 129, 139.
വിവ- മുഹമ്മദ് അഹ്സൻ പുല്ലൂര്‍