സർവ്വാതിശായിയായ വേദഗ്രന്ഥം
ഇസ്ലാം എന്ന അറബ് പദത്തിന് സമാധാനം, കീഴ്വണക്കം, സമർപ്പണം തുടങ്ങിയ അർഥഭേദങ്ങളുണ്ട്. ദൈവത്തിന്റെ മുന്നിൽ സ്വയം സമർപ്പിക്കുക എന്നാണ് ഈ പദം വിവക്ഷിക്കുന്നത്. ത്രികരണങ്ങളെക്കൊണ്ടും ഈ വിശ്വാസത്തെ സാക്ഷാൽക്കരിക്കാൻ ശ്രമിക്കുന്നവനാണ് മുസ്ലിം. അനുസരണമഖിലം അല്ലാഹുവിനർപ്പിക്കുന്നവൻ, അല്ലാഹുവിനെമാത്രം യജമാനനും ഉടമയും വിധികർത്താവും ആരാധ്യനുമായംഗീകരിക്കുന്നവൻ, തന്നെ പരിപൂർണമായി ദൈവത്തിന് സമർപ്പിച്ചുകൊണ്ട് അവന്റെ വിധിവിലക്കുകളനുസരിച്ച് ജീവിക്കുന്നവൻ എന്നൊക്കെയാണ് ഒരു മുസ്ലിമിനെ വിശേഷിപ്പിക്കാൻ സാധിക്കുക..ഈ ആദർശത്തിന്റെയും ജീവിതശൈലിയുടെയും പേരാകുന്നു ഇസ്ലാം. ഇത് തന്നെയായിരുന്നു മനുഷ്യോൽപത്തി മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജനസമുദായങ്ങളിലും സമാഗതരായ പ്രവാചകന്മാരെല്ലാം പ്രബോധിപ്പിച്ചത്. കാലത്തിനൊപ്പം നടന്നുനീങ്ങാൻ കഴിയുന്ന, കാലാതിവർത്തിയായ സൌഭാഗ്യവും നിത്യനൂതനത്വവുമാണ് ഖുർആന്റെ സവിശേഷതകൾ. മാനവജീവിതപ്രകൃതി എത്ര ചടുലമായി മാറിക്കൊണ്ടിരുന്നാലും അതത് കാലഘട്ടത്തിനാവശ്യമായ ഉപദർശനം ഖുർആനിൽ നൽകപ്പെട്ടിരിക്കുന്നതായി വിചാരമതികൾ കണ്ടെത്തിയിരിക്കുന്നു.
ദൈവം ആദികന്ദം-മൂലകാരണം-മാത്രമല്ലെന്നും അവൻ സ്രഷ്ടാവും സംവിധായകനും പരിരക്ഷകനും നിയന്താവുമാണെന്നും ആകാശഭൂമികളുടെ കടിഞ്ഞാൺ അവന്റെ പക്കലാണെന്നും ഖുർആൻ വ്യക്തമാക്കുന്നു. ഇസ്ലാം ഒരു പ്രായോഗിക ജീവിത വ്യവസ്ഥയാണ്. ജീവിത നിഷേധത്തിന്റെയോ വരട്ടുവാദത്തിൽ പെട്ടുഴലുന്ന സങ്കീർണദർശനങ്ങളുടെയോ ഒരു മതമല്ലിത്. പ്രകൃതിയെ ചിട്ടപ്പെടുത്തുന്ന, ഈശ്വരന്റെ അനിഷേധ്യ സാന്നിദ്ധ്യത്തിൽ ഇസ്ലാം ഉറച്ചു വിശ്വസിക്കുന്നു. പ്രകൃതിയുമായി ഇണങ്ങിയും സമരസപ്പെട്ടും അഭിരമിച്ചും മുന്നോട്ടുപോകാനാണ് ഇസ്ലാം ആഗ്രഹിക്കുന്നത്.മനുഷ്യപ്രകൃതിയുടെ സംസ്കരണവും പൂരണവും ഉന്നമനവുമാണ് ഇസ്ലാം നിഷ്കർഷിക്കുന്നത്. സംസ്കരണാർഥം പ്രകൃതിയുടെ സഹജപ്രകൃതം മാറ്റാൻ ഇസ്ലാംആവശ്യപ്പെടുന്നില്ല.തന്റെ വിചാരവിശ്വാസവൃത്തികളെക്കൊണ്ടും വേദഗ്രന്ഥം നീട്ടിക്കാട്ടുന്ന വഴിയിലൂടെയും അല്ലാഹുവിന്റെ സന്നിധിയിലേക്കുയരാൻ മനുഷ്യന് കഴിയണമെന്ന് ഇസ്ലാം സംസ്കൃതിയാഹ്വാനം ചെയ്യുന്നു.
കുടുംബത്തിനൊരു തലവൻ, വിദ്യാലയത്തിനൊരു ഹെഡ്മാസ്റർ, നഗരത്തിനൊരു പിതാവ്, സ്റെയ്റ്റിനൊരു ഗവർണർ, ഓരോ രാഷ്ട്രത്തിനും ഓരോ രാഷ്ട്രപതി-ഈ വസ്തുതകൾ നമ്മെ നയിക്കുന്നത് നേതൃത്വത്തിന്റെ അനിവാര്യതയിലേക്കാണ്. കണ്ടറിഞ്ഞ് നയിക്കാനൊരാളില്ലെങ്കിൽ ഒരു പ്രസ്ഥാനവും മുന്നോട്ടു നീങ്ങുകയില്ല.
പ്രപഞ്ചം എത്ര ചിട്ടയിലും ക്രമപൂർവകവുമായാണ് സ്പന്ദിക്കുന്നത്, ചലിക്കുന്നത്! ആയിരത്താണ്ടുകളായി പിഴയ്ക്കാതെ അത് അനുസ്യൂതം തുടർന്നുകൊണ്ടേയിരിക്കുന്നു. ഇതൊക്കെ ആകസ്മികം എന്ന് പറയാൻ പറ്റുമോ? ഇതൊക്കെ യാദൃഛികസംഭവങ്ങളെന്ന് അലക്ഷ്യമായി, അനായാസം വിശേഷിപ്പിക്കാമോ? മനുഷ്യന്റെ പിറവി ആകസ്മികവും യാദൃഛികവുമാണെങ്കിൽ അവന്റെ അസ്തിത്വവും അനുഭവങ്ങളുമെല്ലാം ആകസ്മികതകൾക്കൊണ്ട് അപഹാസ്യമായിത്തീരുമായിരുന്നു. പക്ഷേ, വിവേകശാലികളും വിചാരമതികളും ജീവിതത്തെ നോക്കി അർഥശൂന്യം എന്ന് അപഹസിച്ചിട്ടില്ല. സഗൌരവം വിശകലനം ചെയ്യപ്പെടേണ്ട സങ്കീർണവും ദുർമേയവുമായ പ്രതിഭാസമാണ് ജീവിതം. (Man:The Unknown എന്ന ഗ്രന്ഥത്തിൽ ദാർശനികനായ അലക്സിസ് കാറേൽ ഇക്കാര്യം എത്ര വശ്യമായ രീതിയിലാണാവിഷ്കരിച്ചിട്ടുള്ളത്!) ജീവിതപൂർണതയെ സംബന്ധിക്കുന്ന പഠന പരിശ്രമങ്ങളിൽ ഒരു ഗുരുവിന്റെ സാന്നിദ്ധ്യം അനുപേക്ഷണീയമാണെന്ന് ഭാരതീയ വിചാരമതികൾ പ്രാമാണികമായിത്തന്നെ സമർഥിച്ചിട്ടുണ്ട്. ഒരുവൻ എത്ര പ്രഗൽഭനായാലും, മനുഷ്യസിദ്ധികളുടെയും ശാസ്ത്രത്തിന്റെയും കലകളുടെയും തലത്തിൽ ഒരുവനെത്ര സമുന്നതനായാലും വഴി നയിക്കാനാചാര്യനില്ലെങ്കിൽ താളപ്പിഴയും മാർഗഭ്രംശവും അവന്റെ ജീവിതത്തെ വികലമാക്കുന്നതായിക്കാണാം. ഈ രംഗത്ത് ഖുർആൻ ഒരു വഴിവിളക്കാണ്. മുഹമ്മദിനെ നിമിത്തമാക്കിക്കൊണ്ട് അല്ലാഹു തന്നെ വഴിനയിക്കുകയാണിവിടെ. മനുഷ്യജീവിതത്തിന്റെ സൂക്ഷ്മവും സമഗ്രവുമായ തലങ്ങൾ ഇവിടെ യഥാതഥം വിശകലനം ചെയ്യപ്പെടുന്നു.മനുഷ്യന് ദൈവത്തോടും സമസ്രഷ്ടങ്ങളോടുമുള്ള ധർമദൌത്യങ്ങളെക്കുറിച്ച് ഖുർആൻ വിശദീകരിക്കുന്നു. പൂർണതയിലേക്കുള്ള നേരാംവഴി കാട്ടി അത് മനുഷ്യപഥത്തിൽ പ്രകാശം ചൊരിയുന്നു. മനുഷ്യന്റെ ഉത്തരവാദിത്വം (അമാനത്ത്) അത്യുദാത്തമാണെന്നും അലംഘനീയമാണെന്നും ഖുർആൻ അനുസ്മരിക്കുന്നു. നവംനവങ്ങളായ ആശയങ്ങൾ വിളയിച്ചെടുക്കാനും അത് കൈമോശം വരാതെ വരും തലമുറക്ക് കൈമാറാനും മനുഷ്യൻ കടപ്പെട്ടവനാണ്.വിശിഷ്ടാശയങ്ങളുടെ കൈമാറ്റത്തിനും വ്യവഹരണത്തിനുമാണ് സംസാരശേഷിയും ലേഖനചാതുരിയും ദൈവം മനുഷ്യന് സമ്മാനിച്ചത്.
വായിക്കാനും തൂലികകൊണ്ട് അക്ഷരം കുറിക്കാനും പഠിപ്പിച്ച ദൈവം, മനുഷ്യരാശിയിൽ നിന്ന് ഇതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. വിടവാങ്ങൽ പ്രസംഗവേളയിൽ അറഫാ മലയ്ക്ക് മുന്നിൽ സംബന്ധിക്കാനും പ്രവാചകവചസ്സുകൾ നേരിൽ ശ്രവിക്കാനും തരപ്പെടാത്തവരോടും പിറവിയെടുക്കാനിരിക്കുന്ന വരും തലമുറകളോടും തന്റെ വാക്കുകളറിയിക്കണമെന്ന് പ്രവാചകൻ പ്രത്യേകം നിർദേശിച്ചപ്പോൾ സംസാരശേഷിയുടെയും ലേഖനസിദ്ധിയുടെയും വരിഷ്ഠമായ പ്രയോജനം അവിടെ കീർത്തിക്കുകയായിരുന്നു.
Also read: ‘എർതുറുൽ’ മുസ്‌ലിം ഭാവനയെ പുനരുജ്ജീവിപ്പിച്ച വിധം
ധർമബോധം മനുഷ്യനിലങ്കുരിപ്പിക്കുന്ന ഖുർആൻ (91:7,8) തൊട്ടടുത്ത് പ്രതിപാദിക്കുന്നത് മനുഷ്യജീവിതത്തിലെ ജയപരാജയങ്ങളെ കുറിച്ചാണ്. ജീവിതത്തെ ധർമനിഷ്ഠമായി, സംശുദ്ധമാക്കി സംരക്ഷിച്ചു പോരുന്നവൻ വിജയിക്കുന്നുവെന്നും ധർമവിസ്മൃതി മനുഷ്യനെ ദുഃഖത്തിന്റെയും പരാജയത്തിന്റെയും പടുകുഴിയിലാഴ്ത്തുന്നുവെന്നും ഖുർആൻ അറിയിക്കുന്നു. മഹാഭാരതത്തിലെ ‘യതോ ധർമസ്തതോ ജയ’ എന്ന പ്രസിദ്ധമായ വചനം വിചാരപരമായ ഔന്നത്യത്തിലെ സജാതീയതക്കുദാഹരണമായി വർത്തിക്കുന്നു. “അതിനെ (അസ്തിത്വത്തെ) സംശുദ്ധമാക്കിയവൻ വിജയിച്ചിരിക്കുന്നു. അതിനെ കളങ്കപ്പെടുത്തിയവൻ പരാജയപ്പെട്ടിരിക്കുന്നു” (91:9,10) എന്നാണ് ഖുർആനിക വചനം.
അതിനാൽ വേദഗ്രന്ഥത്തെ വഴിവിളക്കായിക്കണ്ട് മാർഗഭ്രംശം വരാതെ മുന്നോട്ടു പോയാൽ അത് ജീവിത വിജയത്തിന്റെ സാക്ഷാൽക്കാരമായി പരിണമിക്കുമെന്ന് ഖുർആൻ പ്രബോധിപ്പിക്കുന്നു.
സ്വാതന്ത്യം അഥവാ മോചനം എന്നത് ഇവിടെയിന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്യ്രം എന്ന പദം കൊണ്ട് നാമിന്നർഥമാക്കുന്നത് രാഷ്ട്രീയ സ്വാതന്ത്യ്രമെന്നാണ്. തുടർന്ന് സാമ്പത്തിക സ്വാതന്ത്യ്രംകൂടികൈവരിച്ചാലേ പൂർണ സ്വാതന്ത്യ്രമാവുന്നുള്ളൂവെന്നും സ്വാതന്ത്യ്രവാദികൾ പറയുന്നുണ്ട്. വിശപ്പകറ്റുക,ആവശ്യങ്ങൾ സാധിക്കുന്നതിന് പോരുംവിധം സാഹചര്യങ്ങൾ ഭദ്രവും സമൃദ്ധവുമാക്കുക-ഇതിലൂടെ യഥാർഥമോചനം കൈവരിക്കാൻ കഴിയുമെന്ന പ്രഖ്യാപനവുമായാണവർ നീങ്ങുന്നത്.അവരെ നോക്കി അനുതപിച്ചുകൊണ്ട്,ജീവിതപൂർണത അഥവാ യഥാർഥമോ ചനം സാധിക്കണമെങ്കിൽ ആത്മീയവികാസമാണ് അനിവാര്യമായിട്ടുള്ളതെന്നും മറ്റെല്ലാം അതിന്റെമുന്നിൽ നിസ്സാരമാ ണെന്നും വാദിക്കുന്ന ആത്മാന്വേഷികളായ മതപ്രചാരകന്മാർ മറുവശത്തും വർത്തിക്കുന്നു.
ഭൌതികവരാഭവങ്ങളിൽനിന്നുള്ള മോചനവും ധർമാധിഷ്ഠിതമായ ജീവിതത്തിലൂടെയുള്ള ആത്മീയ വികാസ (തസ്കിയ)വും സമന്വയിച്ചുകൊണ്ടുള്ള ഒരു പൂർണ ദർശനമായി ഖുർആൻ വിരാജിക്കുന്നു. അങ്ങനെയാണ് ഖുർആനിലേക്ക് ഞാൻ ആകർഷിക്കപ്പെടുന്നത്. ഞാൻ അറിയാൻ തുടങ്ങി. ഞാൻ അദ്ഭുതപ്പെടാൻ തുടങ്ങി. ഞാൻ അനുകർത്താവായി മാറാൻ തുടങ്ങി.
ഖുർആൻ മറ്റു മതഗ്രന്ഥങ്ങളെപ്പോലെ, ആശയങ്ങളെ കേവലാശയങ്ങളായി എന്റെ മനസ്സിൽ കോരിനിറക്കാൻ ശ്രമിക്കുകയായിരുന്നില്ല. അത്യലൌകികമായ അപ്രമേയപ്രഭാവിലാസങ്ങളെക്കുറിച്ചുള്ള അമൂർത്താശയങ്ങൾ ആവഹിച്ചുകൊണ്ടുമായിരുന്നില്ല അതെന്റെ മുന്നിൽ കടന്നുവന്നത്. ഖുർആൻ എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു. ചുറ്റും നോക്കാനാവശ്യപ്പെടുന്നു.പ്രപഞ്ച വസ്തുക്കളെയും പ്രാപഞ്ചികപ്രതിഭാസങ്ങളെയും നമ്മുടെ ദൃഷ്ടിയിൽ കൊണ്ടുവരുന്നു. ഓരോന്നിന്റെയും സംരചനയിലും പരസ്പരസംബന്ധത്തിലും ശ്രദ്ധയാകർഷിക്കപ്പെടുന്നു. അവ നമ്മുടെ വിചാരകോശത്തെ പ്രവർത്തിപ്പിക്കുന്നു.മനനവും യുക്തിഭദ്രമായ കാര്യാകാര്യവിവേചനവും അവിടെ കതിർവെട്ടം ചൊരിയുന്നു. ആ പ്രകാശവലയത്തിൽ പതിരൊന്നും കണ്ടില്ല. യുക്തിനിരപേക്ഷമായി ഒന്നും തോന്നിയില്ല.സന്ദേഹത്തിന്റെയുംഅവ്യക്തതയുടെയും നിഴൽപ്പാടുകൾ അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല. വനകുല്യയിലെ തെളിനീർ പോലെ സ്വഛവും ശുദ്ധവുമാണെല്ലാം. എല്ലാം പരസ്പരാശ്രിതവും അന്യോന്യപൂരകവുമാണ്. പരംപൊരുളിന്റെ സോദ്ദേശ്യമായ, സബോധനമായ സർഗവൃത്തി അവിടെ ബോധ്യപ്പെട്ടു.അവയെല്ലാം വഴിനയിച്ചത് സൃഷ്ടികാരനായ ഏകദൈവത്തിന്റെ പവിത്രസങ്കേതത്തിലേക്കാണ്. അപ്പോൾ മനസ്സിന്റെ സൂക്ഷ്മകോശങ്ങളിൽ പോലും സംതൃപ്തി സംത്രസിക്കുന്നതായി തോന്നി. മനസ്സിനെ അവിരാമമായി അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ജിജ്ഞാസക്ക് പരിശമനം കൈവന്ന പോലൊരു ബോധ്യം. ഏതൊരു സത്യപഥത്തെ ലക്ഷ്യമാക്കി പ്രയാണമാരംഭിച്ചുവോ അവിടെ സംപ്രാപിച്ചതു പോലൊരു തോന്നൽ. സത്യവേദം എന്നിലുണ്ടാക്കിയ പ്രതികരണമതാണ്.
പിന്നെപ്പിന്നെ എന്റെ മനസ്സിലെ ചിത്രശലഭം ഖുർആൻ തുറന്നുകാട്ടിയ വസന്താരാമത്തിൽ ചുറ്റിപ്പറക്കാൻ ഭ്രമം കൊള്ളുകയായി. എന്റെ ചിന്തകളിൽ ഖുർആനിക വചസ്സുകൾ വർണച്ചായം പുരട്ടി. എന്റെ വാക്കുകളിൽ കുളിരായും മധുരമായും വർത്തിച്ചത് മറ്റൊന്നായിരുന്നില്ല. എന്റെ വിചാരവിശ്വാസങ്ങളിലാകെ വെളിച്ചം പകർന്ന വേദഗ്രന്ഥമാണ് ഖുർആൻ.എന്റെ വീക്ഷണത്തിന് വൈശദ്യവും ആത്മീയ പരിവേഷവും സാമൂഹിക പ്രസക്തിയും സമ്മാനിച്ചത് ആ വേദഗ്രന്ഥമാണ്.
Also read: ഇദ്ദേഹത്തെ അടുത്തറിയുക
പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായ ഒരുവനുണ്ടെന്ന് എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. എന്നാൽ സൃഷ്ടികർത്താവിന്റെ മഹിതഗുണങ്ങളെക്കുറിച്ചും അവന്റെ കർമപ്രപഞ്ചത്തെക്കുറിച്ചും അവൻ മാത്രമാണാരാധ്യൻ എന്ന മഹാസത്യത്തെക്കുറിച്ചും ഇസ്ലാം നൽകുന്ന ഉൽകൃഷ്ടവും സർവാദൃതവുമായ അധ്യാപനം മറ്റൊരു മതഗ്രന്ഥത്തിലും കാണാൻ സാധ്യമല്ല. സർവാരാധ്യൻ അഥവാ ഇബാദത്തിനർഹനായ വൻ ദൈവം മാത്രമാണെന്നറിയിക്കുമ്പോൾ, ലോകത്തിൽ മനുഷ്യർക്കിടയിൽ കെട്ടിപ്പൊക്കിയ ‘സർവാരാധ്യതയുടെ കപട വേഷ’ങ്ങളൊക്കെ കെട്ടഴിഞ്ഞൂർന്നു വീഴുകയാണ്. തട്ടുകളില്ലാത്ത മനുഷ്യമണ്ഡലം മറ്റേത് പരിഷ്കൃത സാമൂഹിക സങ്കല്പത്തെക്കാളും വരിഷ്ഠവും ഉദാത്തവുമായി നമ്മുടെ മുന്നിൽ തെളിഞ്ഞുവരികയും ചെയ്യുന്നു.
പ്രപഞ്ചത്തിലെ സമസ്ത ജീവപ്രതിഭാസങ്ങളുടെയും സൃഷ്ടിസ്ഥിതിസംഹാരകാരകത്വം വഹിച്ചു വർത്തിക്കുന്ന ദിവ്യമായ അസ്തിത്വത്തിന്റെ നാമാന്തരമാണ് അല്ലാഹു. ‘അഖിലാണ്ഡകോടി ബ്രഹ്മാണ്ഡകടാഹ’ത്തിന്റെ അധീശത്വവും അല്ലാഹുവിന് തന്നെ. പരമാണുവിലെ സൂക്ഷ്മസ്പന്ദം തൊട്ട് താരാപഥത്തിലെ സുസ്ഥിതിക്കാവശ്യമായ വ്യവസ്ഥാപിതനിയമങ്ങൾ വരെ അല്ലാഹുവിന്റെ നിയന്ത്രണത്തിന് വിധേയമാണ്. എന്നാൽ അല്ലാഹു കേവലമായ ഒരു ശക്തിയോ ഊർജരൂപമോ മാത്രമാണെന്ന് ഖുർആൻ നമ്മെ പ്രബോധിപ്പിക്കുന്നില്ല. മറ്റു മതദർശനങ്ങളിൽനിന്ന് ഈ ബോധ്യവും സമീപനവുമാണ് ഇസ്ലാമിനെ വ്യത്യസ്തമാക്കുന്നത്.
ദേശീയവും കാലാവസ്ഥാപരവും പരമ്പരാഗതവുമായ കാരണങ്ങളാൽ മനുഷ്യനിലുള്ള വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെ മനുഷ്യൻ ഒറ്റജാതിയാണെന്നും വർഗമോ വർണമോ ദേശഭേദമോ പാരമ്പര്യമോ മനുഷ്യനെ മനുഷ്യനിൽ നിന്ന് വേർതിരിക്കുന്നതിന് കാരണമല്ലെന്നും ഇസ്ലാം വ്യക്തമാക്കുന്നു. കുലമഹിമയിലും വംശീയതയിലും ഊറ്റംകൊണ്ട ഖുറൈശികളുടെയിടയിലാണ് ഖുർആൻ ഈ സ്ഫോടകസ്വരമുയർത്തിയത് എന്നത് അത്യന്തം ശ്രദ്ധേയമത്രെ.
സമസ്രഷ്ടങ്ങളോടുള്ള സ്നേഹവും ദൈവസന്നിധിയിലുള്ള സമർപ്പണവുമാണ് മതബോധത്തിന്റെ തെളിഞ്ഞലക്ഷണം. മനുഷ്യനും ദൈവവും തമ്മിൽ, മനുഷ്യനും മനുഷ്യനും തമ്മിൽ, മനുഷ്യനും പ്രപഞ്ചവും തമ്മിൽ ഉള്ള ബന്ധം ഖുർആൻ സുവിശദമായി പ്രതിപാദിക്കുന്നു. അത്തരമൊരു സമ്പൂർണ സംസ്കൃതി, ആധ്യാത്മിക സംസ്കാരം, ‘ഇൻസാഫ്’വളർത്തിയെടുക്കാൻ ഖുർആൻ പ്രബോധിപ്പിക്കുന്നു. ജീവിതഗന്ധിയായ ഒരു സമ്പൂർണ മതദർശനത്തിന്റെ മുഖമതാണ്. സ്ത്രീക്കും പുരുഷനും ദരിദ്രനും ധനികനും ദുർബലനും ശക്തനും കിഴക്കനും പടിഞ്ഞാറനും-ആർക്കും ഒരുപോലെ സ്വാഭിമാനം സംരക്ഷിച്ചുകൊണ്ട് ദൈവോന്മുഖമായി പ്രാർഥനാപൂർവം നിൽക്കാനും തരതമഭേദമില്ലാതെ വിശ്വാസമായും ആചാരമായും അനുഷ്ഠാനമായും അനുവർത്തിക്കാനും കഴിയുന്ന മതദർശനമാണ് ഇസ്ലാം. ഒരു പക്ഷേ, അതുകൊണ്ടായിരിക്കണം ബർണാഡ് ഷാ ഇസ്ലാമിനെ ‘ഇലാസ്റിക് മത’മെന്ന് വിശേഷിപ്പിച്ചത്. കാലാന്തരത്തിലുണ്ടാവുന്ന ഏതവസ്ഥാവിശേഷത്തിലുംപൂർണപ്രഭാവത്തോടെ വർത്തിക്കാൻ കഴിയുന്ന സത്യവേദദർശനത്തിനു മുന്നിൽ കാലവും ലോകവും കൈകൂപ്പുന്നു.
Also read: ഇതാണ് ഗ്രന്ഥം!
അതീവ ലളിതവും പ്രയോഗക്ഷമവും സാധാരണ മനസ്സിനുപോലും സംപ്രാപ്യവുമായ ഒരു മതതലം എന്ന നിലയിൽ ഇസ്ലാം യഹൂദമതത്തിൽ നിന്നും ക്രൈസ്തവമതത്തിൽ നിന്നും സൊറാസ്ട്രിയനിസത്തിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്നു എന്ന് എച്ച്.ജി.വെൽസ് പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. കേവലം അഭൌമവും അപ്രായോഗിക വുമായ ധർമോപദേശങ്ങളുടെ സമുച്ചയമല്ല ഖുർആൻ. ഖുർആനഖിലവും ജീവിതത്തിൽ പ്രായോഗികമാക്കാനുള്ളതും ദൈവഹിതം കീർത്തിക്കുന്നതുമാണ്. ജീവിതമൂല്യങ്ങൾ ഒരേ സമയത്തുതന്നെ ഭൌതികവും ആത്മീയവുമാണെന്നും അവ തമ്മിലുള്ള അഭിന്നത അവഗണിക്കാൻ പറ്റുന്നതല്ലെന്നും ഇസ്ലാം കരുതുന്നു. ഏതെങ്കിലും വ്യക്തിയുടെയോ വിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ അനുഭവങ്ങളെയല്ല ഇസ്ലാം സത്യമായ അനുഭവങ്ങളായിക്കാണുന്നത്. അവയ്ക്കെല്ലാം താൽക്കാലികവും സങ്കുചിതവും പരിസീമിതവുമായ സ്വഭാവമാണുള്ളതെന്നും നിത്യവും പ്രവിശാലവും അമേയവുമായ സവിശേഷതകളാണ് ഇസ്ലാം പ്രകാശിപ്പിക്കുന്നതെന്നും സൂക്ഷ്മദൃഷ്ടികൾക്ക് ബോധ്യമാകുന്നതാണ്. അപരിമേയമായ, അവ്യാഹതമായ, ഇഹപരസംബന്ധമാർന്ന കാലപ്രവാഹത്തെകണ്ടുകൊണ്ടാണ് ഖുർആൻ സംസാരിക്കുന്നത്.ഒരു പ്രത്യേക ജനപദത്തെയല്ല, മനുഷ്യസാമാന്യത്തെയാണത് അഭിസംബോധന ചെയ്യുന്നത്. വ്യക്തിയിൽ ആത്മാവും ശരീരവും തമ്മിലുള്ള സമീകരണവും ജീവിതത്തിൽ ആത്മീയ ഭൌതിക മൂല്യങ്ങളുടെ ഏകീകരണവുമാണ് സത്യവേദം നിഷ്കർഷിക്കുന്നത്.നിരുപാധികമായ മാനസിക സ്വാതന്ത്യ്രവും സമ്പൂർണമായ മനുഷ്യസമത്വവും സുദൃഢമായ സാമൂഹിക ബാധ്യതയും സാമൂഹ്യനീതിയിൽ ഖുർആൻ നിഷ്കർഷിക്കുന്നു.അതിനാൽ ഖുർആൻ ഒരു സമഗ്രമാനവ ദർശനമാണ്.
ഖുർആൻ എന്ന സത്യവേദഗ്രന്ഥത്തിന്റെ സർവാതിശായിത്വം അത്യന്തം ശ്രദ്ധേയമാണ്. അത് കാലദേശാതിവർത്തിയായ സ്വാധീനം ജനമനസ്സുകളിലുളവാക്കി; മനുഷ്യചിന്തയെ പ്രോജ്വലിപ്പിച്ചു; വിചാരവിശ്വാസങ്ങളിൽ വിപ്ളവം സൃഷ്ടിച്ചു. ലോകനാഗരികതയ്ക്ക് പ്രോത്സാഹകമായി; അടിമകളിൽ ആത്മവിശ്വാസം വളർത്തി; അബലകളായി അവഗണിക്കപ്പെട്ട സ്ത്രീസമൂഹത്തെ വിമോചിപ്പിച്ചു; അക്ഷരത്തിനും അറിവിനും അനൽപമായ അംഗീകാരം നൽകി; വിശ്വസാഹോദര്യം വിളംബരം ചെയ്തു.
അതുൾക്കൊള്ളുന്ന നിത്യഹരിതഭാവം കാലാതിവർത്തിത്വത്തെ സമാശ്ളേഷിക്കുന്നു എന്നതാണ് ഇസ്ലാം സംസ്കൃതിയുടെ സർവാതിശായിത്വം.