Quran

ഖുര്‍ആൻെറ യുദ്ധസമീപനം

ഖുർആനിൽ യുദ്ധസംബന്ധമായ നിരവധി സൂക്തങ്ങളുണട്. അവയുടെ അവതരണ പശ്ചാത്തലം അറിയാത്തവരെ സംബന്ധിച്ചേടത്തോളം ആശയക്കുഴപ്പവും തെറ്റിദ്ധാരണകളുമുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ അവതരണ പശ്ചാത്തലത്തിൽനിന്നുകൊണട് പ്രസ്തുത ഖുർആൻ സൂക്തങ്ങൾ വായിക്കാൻ ശ്രമിക്കേണ്ടത്അനിവാര്യമായിത്തീരുന്നു.

യുദ്ധകാര്യത്തിൽ വ്യത്യസ്തമായ മൂന്നുതരം നിലപാടുകളാണ് ഖുർആൻ സ്വീകരിച്ചത്.

നിഷിദ്ധമായ സന്ദർഭം
മക്കയിലെ ഹാശിം കുടുംബത്തിൽ അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനായാണ് മുഹമ്മദ് പിറന്നത്. അദ്ദേഹം നീണ്ട നാലു പതിറ്റാണ്ടുകാലം മക്കാ നിവാസികൾക്കിടയിൽ വിശുദ്ധവും വിനീതവുമായ ജീവിതം നയിച്ചു. വിശ്വസ്തൻ എന്നർഥം വരുന്ന ‘അൽഅമീൻ’ എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. നാൽപതാമത്തെ വയസ്സിൽ ഹിറാ ഗുഹയിലെ ഏകാന്തവാസത്തിനിടയിൽ ആദ്യമായി ദിവ്യസന്ദേശം ലഭിച്ചു. പിന്നീട് ദൈവനിർദേശമനുസരിച്ച് സ്വജനതയെ സത്യമാർഗത്തിലേക്ക് ക്ഷണിച്ചു. ആദ്യം ഏറ്റം അടുത്തവരെയാണ് സമീപിച്ചത്. തുടക്കത്തിലെ മൂന്നുകൊല്ലം പരമരഹസ്യമായാണ് സത്യപ്രബോധനം നടത്തിയത്. പിന്നീട് പരസ്യമായും.

മുഹമ്മദ്‌നബി തനിക്കുലഭിച്ച സത്യസന്ദേശം സമൂഹത്തിന്റെ മുമ്പിൽ സമർപ്പിച്ചു. അവരെ അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിപ്പിക്കാൻ പരമാവധി ശ്രമിച്ചു. അക്രമത്തിനും അനീതിക്കുമെതിരെ ശബ്ദിച്ചു. അശഌലതയും നിർലജ്ജതയും അവസാനിപ്പിക്കാനാവശ്യപ്പെട്ടു. സങ്കുചിതമായ ഗോത്രമഹിമയുടെയും കുടിലമായ കുടുംബപ്പെരുമയുടെയും പേരിലുള്ള പൊങ്ങച്ചപ്രകടനങ്ങൾക്കെതിരെ നിലകൊണടു. സാമ്പത്തിക ചൂഷണങ്ങൾക്കും അവക്ക് കാവലിരിക്കുന്ന വ്യാജദൈവങ്ങൾക്കുമെതിരെ ജനങ്ങളെ ബോധവൽക്കരിച്ചു. ഇതെല്ലാം ഇരുട്ടിന്റെ ശക്തികളെ അത്യന്തം പ്രകോപിതരാക്കി. അവർ മതത്തിന്റെയും ദൈവങ്ങളുടെയും പേരിൽ ജനങ്ങളെ ഇളക്കിവിട്ടു. കുടുംബ ചിന്തകളെയും ഗോത്രവികാരങ്ങളെയും തൊട്ടുണർത്തി. അങ്ങനെ അവർ പ്രവാചകനെയും അനുചരന്മാരെയും കഠിനമായി പീഡിപ്പിച്ചു. കൊടിയ അക്രമമർദനങ്ങളഴിച്ചുവിട്ടു. സുമയ്യയെപ്പോലുള്ളവരെ ക്രൂരമായി കൊലപ്പെടുത്തി. ബിലാൽ, അമ്മാർ, യാസിർ, ഖബ്ബാബ്, ഖുബൈബ് പോലുള്ള പ്രവാചകാനുചരന്മാരെ വിവരണാതീതങ്ങളായ ദ്രോഹങ്ങൾക്കിരയാക്കി. ഗത്യന്തരമില്ലാതെ വിശ്വാസികളിലൊരു സംഘം എത്യോപ്യയിലേക്ക് പലായനം ചെയ്തപ്പോൾ അവർക്ക് അവിടെയും സ്വൈരം നൽകാതെ അഭയം ലഭിക്കാതിരിക്കാൻ ആവതും ശ്രമിച്ചു. പ്രവാചകനെയും അവർ വെറുതെ വിട്ടില്ല. പരിഹാസം കൊണടും തെറിപ്പാട്ടുകൊണടും തൃപ്തരാവാതെ, നമസ്‌കരിച്ചുകൊണടിരിക്കെ അദ്ദേഹത്തിന്റെ കഴുത്തിൽ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല കൊണടിട്ടു. ഇതുകൊണടും മതിയാക്കാതെ നബിതിരുമേനിയെയും കൂടെയുള്ള വിശ്വാസികളെയും സാമൂഹ്യ ബഹിഷ്‌കരണത്തിന് വിധേയരാക്കി. ഈ ഉപരോധം മൂന്നു വർഷം തുടർന്നു.

Also read: ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം

ഇങ്ങനെ കാലംകണ്ട ഏറ്റവും കൊടിയ അക്രമമർദനങ്ങൾക്കും കൊലക്കും വിധേയമായി മക്കയിൽ വിശ്വാസിസമൂഹം നീണ്ട പതിമൂന്നു വർഷം കഴിച്ചുകൂട്ടി. അവർ പ്രതിരോധത്തിനോ പ്രതികാരത്തിനോ മുതിർന്നില്ല. അതിനവർക്ക് അനുവാദവുമുണ്ടായിരുന്നില്ല. അക്കാര്യം ഖുർആൻ ഇങ്ങനെ ഓർമിപ്പിക്കുന്നു: ‘ആയുധമെടുക്കാതെ കൈകൾ അടക്കിവെക്കുക, നമസ്‌കാരം നിഷ്ഠയോടെ നിർവഹിക്കുക, സകാത്ത് നൽകുക; ഇവ്വിധം നിർദേശിക്കപ്പെട്ട ജനതയെ നീ കണടില്ലേ?” (4: 77).

തന്റെ അനുയായികൾ ക്രൂരമായ മർദനങ്ങൾക്കിരയായിക്കൊണ്ടിരുന്നപ്പോൾ അവരോട് ക്ഷമിക്കാനാവശ്യപ്പെടുകയും പരലോകത്ത് ലഭിക്കാനിരിക്കുന്ന പ്രതിഫലത്തെ സംബന്ധിച്ച് സുവാർത്ത അറിയിക്കുകയുമായിരുന്നു പ്രവാചകൻ ചെയ്തുകൊണടിരുന്നത്. ഖുർആന്റെ നിർദേശവും അതുതന്നെയായിരുന്നു: ‘വിശ്വസിച്ചവരേ, നിങ്ങൾ ക്ഷമയിലൂടെയും നമസ്‌കാരത്തിലൂടെയും ദിവ്യസഹായം തേടുക. തീർച്ചയായും അല്ലാഹു ക്ഷമ പാലിക്കുന്നവരോടൊപ്പമാണ്. ദൈവികമാർഗത്തിൽ വധിക്കപ്പെടുന്നവർ ‘മരിച്ചവരാ’ണെന്ന് നിങ്ങൾ പറയരുത്. അല്ല; അവർ ജീവിച്ചിരിക്കുന്നവർ തന്നെയാണ്. പക്ഷേ, അവരുടെ ജീവിതം നിങ്ങൾക്കനുഭവപ്പെടുന്നില്ലെന്നു മാത്രം” (2:153,154).

പ്രവാചകന്റെ മദീനാ യാത്രക്ക് പശ്ചാത്തലമൊരുക്കിയ ഉടമ്പടി നടന്നത് രാത്രിയുടെ നിശ്ശബ്ദതയിൽ അഖബയിലെ മലമുകളിൽ വെച്ചായിരുന്നു. പരമ രഹസ്യമായി നടന്ന ഈ സംഭവം മക്കയിലെ ഖുറൈശികൾ നിയോഗിച്ച ചാരൻ ഒളിഞ്ഞിരുന്നു കേട്ടു. അതിനാൽ അഖബാ ഉടമ്പടി പൂർത്തിയായപ്പോഴേക്കും അയാൾ ഇങ്ങനെ വിളിച്ചുപറഞ്ഞു: ‘ഖുറൈശികളേ, മുഹമ്മദും കൂട്ടരുമിതാ യുദ്ധത്തിനു വട്ടംകൂട്ടുന്നു.”
തങ്ങളുടെ രഹസ്യം ചോർത്തിയ ചാരനെയും കൂട്ടാളികളെയും നേരിടാൻ തയ്യാറായ അബ്ബാസുബ്‌നു ഉബാദ പ്രവാചകനോടു ചോദിച്ചു: ‘താങ്കളെ സത്യസന്ദേശവുമായി അയച്ചവനാണ് സത്യം. താങ്കൾ അനുവദിക്കുകയാണെങ്കിൽ ഈ വാളുമായി നാളത്തെ പ്രഭാതത്തിൽ തന്നെ മിനായുടെ മേൽ ഞങ്ങൾ ആക്രമണം നടത്താം.”

പ്രവാചകന്റെ പ്രതികരണം ഇതായിരുന്നു: ‘നാം അതിന് ആജ്ഞാപിക്കപ്പെട്ടിട്ടില്ല. നിങ്ങൾ നിങ്ങളുടെ വിശ്രമസ്ഥലത്തേക്ക് പോയിക്കൊള്ളുക.”
പ്രവാചകന്നും അനുചരന്മാർക്കും ആയുധമെടുക്കാൻ അന്നോളം അനുവാദം ലഭിച്ചിരുന്നില്ലെന്ന് ഇത് അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.

Also read: ഇസ്‌ലാം അനുശാസിക്കുന്ന ദൈവവിശ്വാസം

കരാറിനെ തുടർന്ന് മക്കയിലെ മുസ്ലിംകൾ ഓരോരുത്തരായി യഥ്രിബിലേക്ക് പലായനം ചെയ്യാൻ തുടങ്ങി. പരമരഹസ്യമായാണ് അവർ മക്കയോട് വിടപറഞ്ഞത്. എന്നാൽ വിശ്വാസികളുടെ ഈ തിരോധാനം ശത്രുക്കളിൽ ആശ്വാസമല്ല; ആശങ്കയാണ് സൃഷ്ടിച്ചത്. തങ്ങൾ മർദനങ്ങൾ കൊണട് അടക്കിനിർത്തിയിരുന്ന പ്രവാചകന്നും അനുയായികൾക്കും സൈ്വരമായി വിഹരിക്കാനും മതപ്രചാരണം നടത്താനും പുതിയ ഇടം ലഭിച്ചത് അവരെ അത്യധികം അലോസരപ്പെടുത്തി. പ്രവാചകന്റെ പലായനം തടയാനും അദ്ദേഹത്തിന്റെ കഥകഴിക്കാനും അവർ തീരുമാനിച്ചു. അതിനായി പദ്ധതി ആസൂത്രണം ചെയ്തു. മക്കയിലെ ബനൂഹാശിമല്ലാത്ത എല്ലാ കുടുംബങ്ങളിൽ നിന്നും ഓരോരുത്തരെ തെരഞ്ഞെടുത്ത് നബിയെ കൊല്ലാൻ ചുമതലപ്പെടുത്തി. അവർ നബിതിരുമേനിയുടെ വീട് വളഞ്ഞു. എന്നാൽ ദിവ്യസഹായത്താൽ പ്രവാചകൻ വിസ്മയകരമാംവിധം രക്ഷപ്പെട്ടു. ഈ സംഭവത്തെസ്സംബന്ധിച്ച് ഖുർആൻ പറയുന്നു: ‘നിന്നെ തടവിലാക്കുകയോ വധിച്ചുകളയുകയോ നാടുകടത്തുകയോ ചെയ്യാനായി സത്യനിഷേധികൾ നിനക്കെതിരെ തന്ത്രങ്ങളാവിഷ്‌കരിച്ചുകൊണടിരുന്ന സന്ദർഭം! അവർ തങ്ങളുടെ തന്ത്രം പ്രയോഗിച്ചുകൊണടിരുന്നു. അല്ലാഹുവോ, അവന്റെ തന്ത്രവും പ്രയോഗിച്ചു. തന്ത്രം പ്രയോഗിക്കുന്നവരിൽ അത്യുത്തമൻ അല്ലാഹുതന്നെ” (8:30).

ഇത്രയൊക്കെയായിട്ടും ശത്രുക്കൾക്കെതിരെ ആയുധമെടുക്കാൻ പ്രവാചകന്നും അനുചരന്മാർക്കും അനുവാദമുണ്ടായിരുന്നില്ല. ചുരുക്കത്തിൽ പ്രവാചകത്വലബ്ധിക്കുശേഷം മക്കയിൽ കഴിച്ചുകൂട്ടിയ നീണ്ട പതിമൂന്നുകൊല്ലക്കാലം കൊടിയ മർദനങ്ങളനുഭവിച്ചിട്ടും അനുയായികളിൽ പലരും ക്രൂരമായി കൊല്ലപ്പെട്ടിട്ടും സായുധ പ്രതിരോധത്തിനോ പ്രത്യാക്രമണത്തിനോ പ്രവാചകനും അനുചരന്മാർക്കും അനുമതി ലഭിച്ചില്ല. എല്ലാം ക്ഷമിക്കാനും സഹിക്കാനുമായിരുന്നു ദൈവകൽപന. മക്കയിലേതുപോലുള്ള സാഹചര്യത്തിൽ ഇസ്ലാമികസമൂഹം എന്നും എവിടെയും സ്വീകരിക്കാൻ ബാധ്യസ്ഥമായ സമീപനവും ഇതുതന്നെ.

Also read: ഇസ്‌ലാമിക നാഗരികത

അനുവദനീയമായ സന്ദർഭം

ശത്രുക്കളുടെ കൊടിയ മർദനം അതിന്റെ പാരമ്യതയിലെത്തിയപ്പോൾ പ്രവാചകനും അനുയായികളും യഥ്രിബിലേക്കുപോയി. അതോടെ അവിടം ‘പ്രവാചകന്റെ നഗരി’മദീനത്തുന്നബിയായി മാറി. എന്നിട്ടും മക്കയിലെ ഖുറൈശികൾ തങ്ങളുടെ ശത്രുതയും എതിർപ്പും അവസാനിപ്പിച്ചില്ല. അതോടൊപ്പം മദീനയിലെ നവജാത ഇസ്ലാമിക രാഷ്ട്രം അവരെ ആശങ്കാകുലരാക്കുകയും ചെയ്തു.

മക്കാനിവാസികളുടെ സിറിയയിലേക്കുള്ള കച്ചവടയാത്ര മദീനവഴിയായിരുന്നു നടന്നിരുന്നത്. അതിനാൽ മദീനയുടെ നിയന്ത്രണം മുഹമ്മദ്‌നബിയിലർപ്പിതമായത് മക്കയിലെ ശത്രുക്കളെ അത്യധികം അലോസരപ്പെടുത്തി. അവർ പ്രവാചകന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നവജാത ഇസ്ലാമിക രാഷ്ട്രത്തിനുമെതിരെ പലവിധ ഗൂഢാലോചനകളിലുമേർപ്പെട്ടു. ഇത് യഥാവിധി മനസ്സിലാക്കിയ നബി തിരുമേനി ഖുറൈശികളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും മദീനയിലൂടെയുള്ള കച്ചവടയാത്ര തടയാനുമായി ചില ചാരസംഘങ്ങളെ നിയോഗിക്കാൻ തുടങ്ങി. ചില സംഘങ്ങൾക്ക് പ്രവാചകൻ തന്നെ നേതൃത്വം നൽകുകയുണടായി. എന്നാൽ യുദ്ധമോ ശത്രുക്കളെ നേരിടലോ ഈ നിരീക്ഷണസംഘങ്ങളുടെ ലക്ഷ്യമായിരുന്നില്ല. തങ്ങളുടെ മേൽ ചാടിവീഴാൻ ധൈര്യപ്പെടാതിരിക്കുമാറ് എതിരാളികളിൽ ഭീതി വളർത്തലും അവരുടെ രഹസ്യനീക്കങ്ങൾ മനസ്സിലാക്കലുമായിരുന്നു മുഖ്യ ഉദ്ദേശ്യം. മക്കക്കാരുടെ കച്ചവടസംഘങ്ങളിൽ ചിലത് രണ്ടായിരത്തോളം ഒട്ടകങ്ങളും അമ്പതിനായിരം ദീനാർ വിലവരുന്ന ചരക്കുകളുമുള്ളവയായിരുന്നു. അവ ഭീഷണിക്കിരയാവുന്നുണ്ടെന്ന് ബോധ്യമായാൽ തങ്ങളുമായി സമാധാനത്തിൽ വർത്തിക്കാൻ ശത്രുക്കൾ നിർബന്ധിതരാവുമെന്ന് പ്രവാചകനും അനുചരന്മാരും പ്രതീക്ഷിച്ചു. എന്നാൽ ഈ സംഭവം മക്കയിലെ പ്രതിയോഗികളെ പ്രകോപിതരാക്കുകയാണുണ്ടായത്. അവർ മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തെ നശിപ്പിക്കാനും പ്രവാചകനെയും അനുയായികളെയും വകവരുത്താനും പദ്ധതികളാസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി ഹിജ്‌റക്കുമുമ്പ് മദീനക്കാരുടെ നേതാവായി അവരോധിക്കപ്പെട്ടിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യിന് അവരെഴുതി: ‘നിങ്ങൾ ഞങ്ങളുടെ ആൾക്ക് നിങ്ങളുടെ നാട്ടിൽ അഭയം നൽകിയിരിക്കുകയാണ്. നിങ്ങൾ അയാളെ എതിർക്കുകയോ പുറത്താക്കുകയോ വേണമെന്ന് ഞങ്ങളിതാ ദൈവത്തെ ആണയിട്ടു പറയുന്നു. അല്ലായെങ്കിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിങ്ങളെ ആക്രമിക്കും. നിങ്ങളുടെ പുരുഷന്മാരെ വധിക്കുകയും സ്ത്രീകളെ അടിമകളാക്കുകയും ചെയ്യും.” ഇത്തരമൊരു സാഹചര്യത്തെ നേരിടാനാണ്, ഇസ്ലാമിക സമൂഹത്തിന് യുദ്ധം ചെയ്യാനുണടായിരുന്ന വിലക്ക് നീക്കം ചെയ്തത്. അങ്ങനെ ന്യായമായ കാരണങ്ങളാൽ യുദ്ധത്തിന് അനുമതി നൽകപ്പെടുകയായിരുന്നു. അല്ലാഹു അറിയിച്ചു: ‘യുദ്ധത്തിന് ഇരയായവർക്ക് യുദ്ധം ചെയ്യുവാൻ അനുമതി നൽകിയിരിക്കുന്നു. കാരണം, അവർ മർദിതരാണെന്നതു തന്നെ. അല്ലാഹു അവരെ സഹായിക്കാൻ കഴിവുറ്റവനാണ്; തീർച്ച. സ്വന്തം വീടുകളിൽ നിന്ന് അന്യായമായി കുടിയിറക്കപ്പെട്ടവരാണവർ. ‘ഞങ്ങളുടെ നാഥൻ അല്ലാഹുവാണ്’ എന്നു പ്രഖ്യാപിച്ചതു മാത്രമാണ് അവരുടെ കുറ്റം. അല്ലാഹു ജനങ്ങളിൽ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണട് പ്രതിരോധിച്ചു കൊണടിരുന്നില്ലെങ്കിൽ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചർച്ചുകളും പ്രാർഥനാലയങ്ങളും പള്ളികളും തകർക്കപ്പെടുമായിരുന്നു. അല്ലാഹുവിനെ സഹായിക്കുന്നവരെ അവൻ തുണക്കുകതന്നെ ചെയ്യും. അല്ലാഹു സർവശക്തനും അജയ്യനുമാണ്” (22: 39, 40).

Also read: ഖുര്‍ആനിലെ ദൈവസങ്കല്‍പം

‘നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങളും യുദ്ധം ചെയ്യുക. എന്നാൽ അതിക്രമം അരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീർച്ച. നിങ്ങൾ അവരുമായി ഏറ്റുമുട്ടുന്നത് എവിടെവെച്ചായാലും അവരുമായി യുദ്ധം ചെയ്യുക. അവർ നിങ്ങളെ പുറന്തള്ളിയത് എവിടെനിന്നാണോ അവിടെ നിന്ന് നിങ്ങളവരെയും പുറന്തള്ളുക. ‘ഫിത്‌ന’ അഥവാ അടിച്ചമർത്തി ആധിപത്യം നേടൽ കൊലയേക്കാൾ ക്രൂരമത്രെ. അവർ നിങ്ങളോട് പോരാടാത്തേടത്തോളം കാലം മസ്ജിദുൽ ഹറാമിനടുത്തുവെച്ച് നിങ്ങൾ അവരോടും പടവെട്ടരുത്. എന്നാൽ അവിടെവെച്ചും അവർ നിങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കിൽ നിങ്ങളും അവരോട് പോരാടുക. അതുതന്നെയാണ് അത്തരം സത്യനിഷേധികൾക്കുള്ള പ്രതിഫലം” (2: 190,191).

‘നിങ്ങൾ യുദ്ധത്തിന് ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. അതു നിങ്ങൾക്ക് അനിഷ്ടകരം തന്നെ. എന്നാൽ ഗുണകരമായ ഒരു കാര്യം നിങ്ങൾക്ക് അരോചകമായി തോന്നിയേക്കാം. ദ്രോഹകരമായ കാര്യം ഇഷ്ടകരമായും തോന്നിയേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല” (2: 216).

യുദ്ധസംബന്ധമായി ആദ്യം അവതീർണമായ സൂക്തങ്ങളാണിവ. ഇതവതരിപ്പിക്കപ്പെട്ട ചരിത്രപശ്ചാത്തലം പരിശോധിക്കുന്ന ആർക്കും ഇസ്ലാമിൽ യുദ്ധം അനുവദിക്കപ്പെട്ടതെന്തുകൊണ്ടെന്ന് അനായാസം ബോധ്യമാകും.
നാടും വീടും സ്വത്തും സ്വന്തക്കാരുമുൾപ്പെടെ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തശേഷവും സൈ്വരം നൽകാതെ ഭീഷണിയും കുഴപ്പം കുത്തിപ്പൊക്കാനുള്ള ശ്രമവും തുടർന്നപ്പോഴാണ് അല്ലാഹു പ്രവാചകന്നും അനുചരന്മാർക്കും യുദ്ധത്തിന് അനുമതി നൽകിയത്. ഹിജ്‌റ ഒന്നാം വർഷം ദുൽഹജ്ജിലാണ് ഇതുണ്ടായത്. ഇതു സംബന്ധമായ ഖുർആൻ സൂക്തങ്ങൾ ചില വസ്തുതകൾ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.

1. യുദ്ധത്തിനിരയായതിനാലാണ് തിരിച്ച് യുദ്ധം ചെയ്യാൻ അനുവദിക്കപ്പെട്ടത്. അഥവാ; സത്യവിശ്വാസികളുടെ മേൽ യുദ്ധം അടിച്ചേൽപ്പിക്കപ്പെടുകയായിരുന്നു.

2. സ്വന്തം വീടുകളിൽ നിന്നും നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ട് കടുത്ത അതിക്രമത്തിനും അനീതിക്കും ഇരയായവർക്കാണ് യുദ്ധാനുമതി നൽകപ്പെട്ടത്.

3. ‘ഞങ്ങളുടെ നാഥൻ അല്ലാഹുവാണെ’ന്ന് പറഞ്ഞ് വിശ്വാസം പ്രഖ്യാപിച്ചുവെന്നതല്ലാതെ ഒരു തെറ്റും മുസ്ലിംകൾ ചെയ്തിരുന്നില്ല. ശത്രുക്കൾക്ക് അവരുടെ മേൽ മറ്റൊരു കുറ്റവും ആരോപിക്കാനുണ്ടായിരുന്നില്ല.

4. ഇത്തരം സന്ദർഭങ്ങളിലും പ്രതിരോധാനുമതി നൽകപ്പെടുന്നില്ലെങ്കിൽ ഭൂമിയിൽ കടുത്ത നാശമാണുണടാവുക. വിവിധ മതസമൂഹങ്ങളുടെ ആരാധനാലയങ്ങൾ സുരക്ഷിതമായി നിലനിൽക്കുകയില്ല.

5. ഇങ്ങോട്ടു യുദ്ധം ചെയ്യുന്നവരോടാണ് തിരിച്ച് യുദ്ധം ചെയ്യേണടത്.

Also read: സുഹ്‌റവര്‍ദിയുടെ ചിന്താപ്രസ്ഥാനം

6. അത്തരം ഘട്ടങ്ങളിലും പരിധിവിടരുത്. അതിക്രമം അരുത്. ഖുർആൻ 2: 190ലെ ‘അതിക്രമം അരുത്’ എന്ന നിർദേശം വിശദീകരിച്ചുകൊണ്ട് സയ്യിദ് അബുൽ അഅ്‌ലാ മൗദൂദി എഴുതുന്നു: ‘സത്യമാർഗത്തിൽ പ്രതിബന്ധങ്ങളുണ്ടാക്കാത്തവരുടെ നേരെ നിങ്ങൾ കൈ ഉയർത്തരുത്. യുദ്ധത്തിൽ അനിസ്ലാമിക മാർഗങ്ങളുപയോഗിക്കരുത്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും മുറിവേറ്റവരെയും കയ്യേറ്റം ചെയ്യരുത്. ശത്രുപക്ഷത്ത് കൊല്ലപ്പെട്ടവരെ അംഗഛേദം ചെയ്ത് വികൃതമാക്കരുത്. കൃഷിസ്ഥലങ്ങളെയും കാലികളെയും അനാവശ്യമായി നശിപ്പിക്കരുത്. ഇത്തരം മൃഗീയവും അക്രമപരവുമായ സകല പ്രവൃത്തിയും ‘അതിക്രമ’ത്തിന്റെ നിർവചനത്തിൽ പെടുന്നതാണ്. അവയെല്ലാം നബിവചനത്തിൽ നിരോധിക്കപ്പെട്ടിട്ടുണട്. ബലപ്രയോഗം, കൂടാതെകഴിയാത്തേടത്ത് മാത്രം നടത്തുക, ആവശ്യമുള്ളത്ര മാത്രം നടത്തുക എന്നതാണ് ഈ വാക്യത്തിന്റെ ഉദ്ദേശ്യം”(തഫ്ഹീമുൽ ഖുർആൻ. ഭാഗം 1, പുറം 134).

7. ഇങ്ങോട്ടു ചെയ്ത അതിക്രമങ്ങൾക്ക് തുല്യനിലയിൽ തിരിച്ചടിക്കാൻ അനുവാദമുണ്ട്.

8. ഫിത്‌ന അഥവാ, വിശ്വാസ സ്വാതന്ത്ര്യമുൾപ്പെടെ മൌലികാവകാശങ്ങൾ നിഷേധിച്ച് അടിച്ചമർത്തി ആധിപത്യം നടത്തൽ കൊലയേക്കാൾ ഗുരുതരവും ക്രൂരവുമാണ്. ‘ഫിത്‌ന’യുടെ വിവക്ഷ സയ്യിദ് മൌദൂദി ഇങ്ങനെ വിശദീകരിക്കുന്നു: ‘ഇവിടെ ഫിത്‌ന എന്ന വാക്ക് ഇംഗഌഷിൽ Persecution എന്ന വാക്കിന്റെ അതേ അർഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. അതായത് ഒരു വ്യക്തിയോ പാർട്ടിയോ നിലവിലുള്ള ആദർശ സിദ്ധാന്തങ്ങളുടെ സ്ഥാനത്ത് മറ്റു ചില ആദർശ സിദ്ധാന്തങ്ങൾ സത്യമെന്നുകണ്ട് സ്വീകരിക്കുകയും വിമർശന പ്രബോധനങ്ങൾ വഴി സമുദായത്തിലെ നിലവിലുള്ള വ്യവസ്ഥയിൽ പരിഷ്‌കരണം വരുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന ഏക കാരണത്താൽ അവരെ അക്രമമർദനങ്ങൾക്കിരയാക്കുക. മനുഷ്യന്റെ രക്തം ചിന്തുക വളരെ ചീത്ത പ്രവൃത്തി തന്നെ. മനുഷ്യരിലൊരു വിഭാഗം തങ്ങളുടെ ചിന്താപരമായ ആധിപത്യം അന്യരുടെ മേൽ നിർബന്ധപൂർവം വെച്ചുകെട്ടുകയും ജനങ്ങൾ സത്യം സ്വീകരിക്കുന്നതിനെ ബലം പ്രയോഗിച്ചു തടയുകയും സംസ്‌കരണത്തിനുള്ള ന്യായവും ബുദ്ധിപൂർവവുമായ പരിശ്രമങ്ങളെ തെളിവുകൾകൊണട് നേരിടുന്നതിനു പകരം മൃഗീയശക്തികൊണ്ട് നേരിടാൻ തുടങ്ങുകയും ചെയ്യുമ്പോൾ കൊലപാതകത്തെക്കാൾ കഠിനതരമായ തെറ്റാണ് വാസ്തവത്തിലവർ ചെയ്യുന്നത്.”(തഫ്ഹീമുൽ ഖുർആൻ 1/135)

9. യുദ്ധം നിഷിദ്ധമായ മസ്ജിദുൽ ഹറാമിൽ വെച്ചായാലും ശത്രുക്കൾ ഇങ്ങോട്ട് പോരാട്ടം നടത്തിയാൽ തിരിച്ച് പൊരുതാവുന്നതാണ്. എന്നാൽ മറ്റിടങ്ങളിലെന്നപോലെ അവിടെവെച്ചും ആദ്യം യുദ്ധമാരംഭിക്കാവതല്ല.

10. യുദ്ധം അനിവാര്യമായി വരുമ്പോൾ അതിന് ആജ്ഞാപിക്കപ്പെട്ടാൽ വിട്ടുനിൽക്കാവതല്ല. യുദ്ധം അനിഷ്ടകരമാണെങ്കിലും.
യുദ്ധകാര്യത്തിൽ ഇതിനേക്കാൾ ഉദാരവും നീതിപൂർവവും മാനുഷികവും വിട്ടുവീഴ്ചാപരവുമായ സമീപനം സ്വീകരിച്ച മറ്റൊരാദർശമോ മതമോ ജനതയോ ഇന്നോളം ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. സമകാലീന ലോകത്തും ഇതിനു സമാനത കാണുക സാധ്യമല്ല.

Also read: കാഫിര്‍ എന്നതിൻറെ വിവക്ഷ ?

യുദ്ധം നിർബന്ധമാവുന്നത്
ഇസ്ലാമിക രാഷ്ട്രത്തെ തകർക്കാനും തളർത്താനും ശ്രമിക്കുന്ന ആഭ്യന്തരവും ബാഹ്യവുമായ ശത്രുക്കളോട് യുദ്ധം ചെയ്യാൻ അവിടത്തെ പൗരന്മാരായ വിശ്വാസികൾ ബാധ്യസ്ഥരാണ്. മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തെ നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന മക്കയിലെ ശത്രുക്കളെ നേരിടാൻ ആവശ്യപ്പെട്ടുകൊണട് അല്ലാഹു പറയുന്നു: ‘നിന്റെ നാഥൻ മലക്കുകൾക്ക് ബോധനം നൽകിയ സന്ദർഭം. ഞാൻ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ വിശ്വാസികളെ ഉറപ്പിച്ചു നിർത്തുക. സത്യനിഷേധികളുടെ മനസ്സുകളിൽ ഞാൻ ഇതാ ഭീതിയുണർത്തുന്നു. നിങ്ങൾ അവരുടെ കണ്ഠങ്ങളിൽ വെട്ടുക. സന്ധികൾ തോറും വെട്ടുക. അവർ അല്ലാഹുവോടും അവന്റെ ദൂതനോടും മാത്സര്യം കാണിച്ചതിനാലാണിത്” (8: 12, 13)
പ്രവാചക ജീവിതത്തിലെ പ്രഥമ പടയോട്ടത്തിന്റെ പശ്ചാത്തലത്തിൽ അവതീർണമായ വാക്യമാണിത്. പ്രവാചകനുമായി സന്ധിയുണ്ടാക്കിയശേഷം അതു ലംഘിച്ച് അതിക്രമം കാണിച്ചവരോടും ഇതേ സമീപനം തന്നെ സ്വീകരിക്കാനാണ് ഖുർആൻ ആവശ്യപ്പെട്ടത്.

ഹിജ്‌റ ഏഴാം വർഷം പ്രവാചകനും അനുയായികളും ഉംറ നിർവഹിക്കാനായി മക്കയിലേക്കു പുറപ്പെട്ടു. ആരാധന നിർവഹിക്കാൻ മാത്രം ലക്ഷ്യം വെച്ചുള്ള യാത്രയായിരുന്നതിനാൽ ആരും കൂടെ ആയുധമെടുത്തിരുന്നില്ല. എന്നിട്ടും മക്കയിലെ ബഹുദൈവ വിശ്വാസികൾ അവരെ തടയുകയും ഉംറ നിർവഹിക്കുന്നത് വിലക്കുകയും ചെയ്തു. അതേ തുടർന്നുണടായ ദീർഘമായ സംഭാഷണങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് ഇരുവിഭാഗവും സന്ധിയിൽ ഒപ്പുവെച്ചത്. കരാർ വ്യവസ്ഥകൾ പ്രത്യക്ഷത്തിൽ മുസ്ലിംകളുടെ താൽപര്യങ്ങൾക്കെതിരായിരുന്നു. എന്നിട്ടും സന്ധി വ്യവസ്ഥകൾ ലംഘിച്ച് അതിക്രമം കാണിച്ചത് ശത്രുക്കളാണ്. ഇവ്വിധം കരാർലംഘനം നടത്തി ശത്രുതാപരമായ സമീപനം സ്വീകരിച്ച അതിക്രമകാരികളുടെ കാര്യത്തിൽ അവതീർണമായ സൂക്തങ്ങളാണ് ഒമ്പതാം അധ്യായത്തിന്റെ ആദ്യഭാഗത്തുള്ളത്. ഖുർആൻ പറയുന്നു: ‘കരാർ ചെയ്തശേഷം അവർ തങ്ങളുടെ പ്രതിജ്ഞകൾ ലംഘിക്കുകയും നിങ്ങളുടെ മതത്തെ അവഹേളിക്കുകയുമാണെങ്കിൽ സത്യനിഷേധത്തിന്റെ നായകന്മാരോട് നിങ്ങൾ യുദ്ധം ചെയ്യുക. കാരണം അവരുടെ പ്രതിജ്ഞകൾക്ക് ഒട്ടും വിലയില്ല. യുദ്ധം കാരണമായെങ്കിലും അവർ വിരമിച്ചെങ്കിലോ,” ‘തങ്ങളുടെ പ്രതിജ്ഞകൾ ലംഘിച്ചുകൊണേടയിരിക്കുകയും ദൈവദൂതനെ നാട്ടിൽ നിന്ന് പുറന്തള്ളാനൊരുമ്പെടുകയും ചെയ്യുന്ന ജനത്തോട് നിങ്ങൾ യുദ്ധം ചെയ്യുന്നില്ലെന്നോ? അക്രമം ആദ്യം ആരംഭിച്ചത് അവർ തന്നെയായിരുന്നിട്ടും? നിങ്ങളവരെ പേടിക്കുന്നുവോ? അവരേക്കാൾ ഭയപ്പെടാൻ അർഹൻ അല്ലാഹുവത്രെ. നിങ്ങൾ വിശ്വാസികളെങ്കിൽ” (9 :12,13).

‘അതിനാൽ യുദ്ധം നിഷിദ്ധമായ മാസങ്ങൾ പിന്നിട്ടാൽ പിന്നെ ബഹുദൈവ വിശ്വാസികളെ എവിടെ കണ്ടാലും കൊന്നുകളയുക. അവരെ ബന്ധികളാക്കുക. ഉപരോധിക്കുക. അവർക്കായി എല്ലാ മർമസ്ഥലങ്ങളിലും പതിയിരിക്കുകയും ചെയ്യുക. അഥവാ, അവർ പശ്ചാത്തപിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുന്നുവെങ്കിൽ അവരെ വിട്ടേക്കുക. അല്ലാഹു ഏറെ മാപ്പേകുന്നവനും ദയാപരനുമല്ലോ” (9: 5).

‘നിങ്ങൾ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകളാൽ അല്ലാഹു അവരെ ശിക്ഷിക്കും. നിന്ദിതരാക്കും. അവർക്കെതിരെ അവൻ നിങ്ങളെ സഹായിക്കും. വിശ്വാസികളായ ജനത്തിന് മനസ്സുഖമേകുകയും ചെയ്യും” (9: 14).

സന്ധിലംഘിച്ച് അതിക്രമം കാണിച്ചവർക്കുപോലും തങ്ങളുടെ നിലപാട് പുനഃപരിശോധിക്കാനും സമീപനത്തിൽ മാറ്റം വരുത്താനും നാലു മാസത്തെ അവധി അനുവദിക്കപ്പെടുകയുണടായി. അത്തൗബ അധ്യായം ആരംഭിക്കുന്നതു തന്നെ അക്കാര്യം വ്യക്തമാക്കിക്കൊണ്ടാണ്: ‘നിങ്ങളുമായി സന്ധിചെയ്തിരുന്ന ബഹുദൈവ വിശ്വാസികളോട് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഭാഗത്തു നിന്നുള്ള വിമുക്തി പ്രഖ്യാപനമിതാ: നിങ്ങളിനി നാലു മാസം നാട്ടിൽ സൈ്വമായി സഞ്ചരിച്ചുകൊള്ളുക. അറിയുക: നിങ്ങൾക്ക് അല്ലാഹുവിനെ പരാജയപ്പെടുത്താനാവില്ല. എന്നാൽ അല്ലാഹു സത്യനിഷേധികളെ നിന്ദ്യമായി പരാജയപ്പെടുത്തുന്നവനാകുന്നു” (9: 1, 2).

സന്ധിലംഘിച്ച് അതിക്രമം കാണിച്ചവർക്ക് നൽകപ്പെട്ട അവധി ഈ പ്രഖ്യാപനമുണടായ ഹിജ്‌റ ഒമ്പതാം വർഷം ദുൽഹജ്ജ് പത്ത് മുതൽ പത്താം വർഷം റബീഉൽആഖിർ പത്തുവരെയുള്ള നാലു മാസമായിരുന്നു. ഇവിടെ ഉദ്ധരിച്ച അഞ്ചാം വാക്യത്തിലെ ‘യുദ്ധം നിഷിദ്ധമായ മാസങ്ങൾ’ എന്നതിന്റെ ഉദ്ദേശ്യം കാലാവധി അനുവദിക്കപ്പെട്ട ഈ നാലു മാസമത്രെ. അതിനിടയിൽ യുക്തമായ ഏതു നിലപാട് സ്വീകരിക്കാനും ശത്രുക്കൾക്ക് അവസരം നൽകപ്പെട്ടിരുന്നു. സുരക്ഷിതമായ സങ്കേതം കണ്ടെത്തി പോകാനാണെങ്കിൽ അതിനും, അതല്ല, ശത്രുതാ നിലപാട് തുടരാനും യുദ്ധം നടത്താനുമാണ് തീരുമാനമെങ്കിൽ അതിന് സജ്ജമാവാനും ആവശ്യമായ സമയം അനുവദിക്കപ്പെടുകയാണുണ്ടായത്. അഥവാ, കാലാവധിക്കുശേഷവും അവരിൽ നിന്ന് ആരെങ്കിലും അഭയം തേടിവന്നാൽ അതനുവദിക്കുകയും അപ്പോഴും അവർക്ക് ഇസ്ലാമിനെസ്സംബന്ധിച്ച് പഠിക്കാൻ അവസരമൊരുക്കുകയും ഇഷ്ടമുണെടങ്കിൽ സ്വീകരിക്കാനും ഇല്ലെങ്കിൽ നിരാകരിക്കാനും അനുവാദം നൽകുകയും വേണമെന്നും തുടർന്നുള്ള ആറാം വാക്യം വ്യക്തമാക്കുന്നു. അപ്പോഴവർ ഇസ്ലാം സ്വീകരിക്കാതെ സത്യനിഷേധത്തിലുറച്ചു നിന്നാലും അവരെ ദ്രോഹമൊന്നുമേൽപിക്കാതെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കണമെന്നാണ് ഖുർആൻ ആവശ്യപ്പെടുന്നത്: ‘ബഹുദൈവ വിശ്വാസികളിലാരെങ്കിലും നിന്നോട് അഭയംതേടി വന്നാൽ ദൈവികവചനം കേൾക്കാൻ നീ അവസരം നൽകുക. പിന്നീട് അവനെ തന്റെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവർ അറിവില്ലാത്ത ജനമായതിനാൽ ഈ വിധമാണ് ചെയ്യേണടത്” (9: 6).

ദീർഘമായ പത്തൊമ്പത് വർഷം പ്രവാചകനെയും അനുയായികളെയും കഠിനമായി ദ്രോഹിക്കുകയും നാട്ടിൽനിന്ന് ആട്ടിയോടിക്കുകയും നാടുവിട്ട ശേഷവും സ്വൈരം നൽകാതെ യുദ്ധം ചെയ്യുകയും അവസാനം ഇരുപതാമത്തെ വർഷമുണ്ടാക്കിയ സമാധാനസന്ധി ലംഘിച്ച് അതിക്രമം കാണിക്കുകയും ചെയ്ത മക്കയിലെ കൊടിയ ശത്രുക്കളോട് സ്വീകരിക്കേണട നിലപാടാണ് ഈ സൂക്തങ്ങൾ വിശദീകരിക്കുന്നത്. ഇസ്ലാമിന്റെ ശത്രുക്കളുടെ സമീപനം എട്ടുമുതൽ പത്ത് വരെയുള്ള വാക്യങ്ങൾ ഒന്നുകൂടി വിശദീകരിക്കുന്നു:

Also read: വിധിവിശ്വാസം: ഇസ് ലാമിക വീക്ഷണം

‘സന്ധി ലംഘിക്കാത്തവരല്ലാത്ത ബഹുദൈവവിശ്വാസികളുടെ കാര്യത്തിൽ വല്ല കരാറും നിലനിൽക്കുന്നതെങ്ങനെ? അവർക്കു നിങ്ങളെ കീഴ്‌പെടുത്താൻ കഴിഞ്ഞാൽ പിന്നെ അവർ നിങ്ങളുടെ കാര്യത്തിൽ കുടുംബബന്ധങ്ങളോ സന്ധിവ്യവസ്ഥകളോ ഒന്നും തന്നെ പരിഗണിക്കുകയില്ല എന്നിരിക്കെ? സംസാരത്തിൽ അവർ നിങ്ങളെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ അവരുടെ മനസ്സുകളത് നിരാകരിക്കുകയാണ്. അവരിലേറെപ്പേരും അധർമകാരികളത്രെ. അവർ തുച്ഛവിലയ്ക്ക് ദൈവികസൂക്തങ്ങൾ വിറ്റിരിക്കുന്നു. അതോടൊപ്പം അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുകയും ചെയ്തിരിക്കുന്നു. എത്രമാത്രം ഹീനമായ പ്രവർത്തനങ്ങളാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. വിശ്വാസിയുടെ കാര്യത്തിൽ അവർ രക്തബന്ധമോ സന്ധിവ്യവസ്ഥയോ പരിഗണിക്കുന്നില്ല. അവർ അതിക്രമം കാണിക്കുന്നവർ തന്നെ” (9: 810).
ഇങ്ങനെയെല്ലാമായിരുന്നിട്ടും അവർക്ക് നാലുമാസത്തെ അവധി അനുവദിക്കുകയും അതിനുശേഷമാണ് ശത്രുത ഉപേക്ഷിച്ച് അഭയംതേടി വരുന്നതെങ്കിലും അഭയമനുവദിക്കുകയും ദൈവിക സന്ദേശം കേൾപ്പിച്ചശേഷം സുരക്ഷിത സ്ഥാനത്ത് എത്തിച്ചുകൊടുക്കുകയും വേണമെന്നാണല്ലോ ഖുർആൻ ആവശ്യപ്പെടുന്നത്.

എന്നാൽ കരാർ ലംഘിക്കാത്തവരോട് സ്വീകരിക്കേണ്ട സമീപനം ഇതേ അധ്യായത്തിലെ നാലാമത്തെയും ഏഴാമത്തെയും സൂക്തങ്ങളിൽ സംശയരഹിതമായി വിവരിച്ചിട്ടുണ്ട്:

‘നിങ്ങളുമായി കരാറിലേർപ്പെടുകയും എന്നിട്ട് അത് പാലിക്കുന്നതിൽ വീഴ്ചയൊന്നും വരുത്താതിരിക്കുകയും നിങ്ങൾക്കെതിരെ ആരെയും സഹായിക്കാതിരിക്കുകയും ചെയ്ത ബഹുദൈവവിശ്വാസികൾക്ക് ഇത് ബാധകമല്ല. അങ്ങനെയുള്ളവരോട് നിങ്ങളും കരാറിന്റെ അവധിവരെ അതുപാലിക്കുക. എന്തുകൊണ്ടെന്നാൽ സൂക്ഷ്മതയുള്ളവരെയത്രെ അല്ലാഹു ഇഷ്ടപ്പെടുന്നത്” (9: 4).

‘സന്ധി ലംഘിച്ച ഈ ബഹുദൈവവിശ്വാസികൾക്ക് അല്ലാഹുവോടും അവന്റെ ദൂതനോടും വല്ല കരാറും നിലനിൽക്കുന്നതെങ്ങനെ? മസ്ജിദുൽ ഹറാമിനരികെ വെച്ച് നിങ്ങളുമായി കരാർ ചെയ്തവരോടൊഴികെ. അവർ നിങ്ങളോട് ശരിയായി വർത്തിക്കുന്നേടത്തോളം നിങ്ങൾ അവരോടും നല്ല നിലയിൽ വർത്തിക്കുക. എന്തെന്നാൽ അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെയാണ് ഇഷ്ടപ്പെടുന്നത്” (9: 7).

രാജ്യം ശത്രുക്കളോട് യുദ്ധത്തിലേർപ്പെട്ടുകൊണ്ടിരിക്കെ ശത്രുക്കളെ സഹായിക്കുകയും നാട്ടുകാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുകയും ചാരപ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യുന്നതുൾപ്പെടെ സകല വിദ്രോഹ വൃത്തികളിലും വ്യാപൃതരാവുന്ന കപടവിശ്വാസികളായ രാജ്യദ്രോഹികളെ പൊറുപ്പിക്കാനാർക്കും സാധ്യമല്ല. അതുകൊണ്ടുതന്നെ വളരെ കർക്കശമായ സമീപനമാണ് ഖുർആൻ അവരോടു സ്വീകരിച്ചത്:

‘കപടവിശ്വാസികളും രോഗബാധിതമായ മനസ്സുള്ളവരും മദീനയിൽ സംഭ്രമജനകമായ വാർത്തകൾ പരത്തുന്നവരും തങ്ങളുടെ ചെയ്തികളിൽ നിന്ന് വിരമിക്കുന്നില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാൻ തീർച്ചയായും നാം നിന്നെ എഴുന്നേൽപിക്കുന്നതാണ്. പിന്നെ വളരെക്കുറച്ചേ അവർക്ക് ഈ പട്ടണത്തിൽ നിന്നോടൊപ്പം താമസിക്കാൻ കഴിയുകയുള്ളൂ. നാനാഭാഗത്തുനിന്നും അവരുടെ മേൽ ശാപവർഷം ഉണടാകും. എവിടെ കണെടത്തിയാലും പിടികൂടപ്പെടുകയും വഷളാംവണ്ണം വധിക്കപ്പെടുകയും ചെയ്യും. ഇത്തരം ആളുകളുടെ കാര്യത്തിൽ നേരത്തെ തുടർന്നു വന്നിട്ടുള്ള ദൈവിക നടപടിയാണിത്. അല്ലാഹുവിന്റെ നടപടിക്രമത്തിലൊരു മാറ്റവും നിനക്കു കാണാനാവില്ല” (33: 6062).

Also read: ഖുര്‍ആന്‍പഠനത്തിനു ഒരു മുഖവുര

കൂടെനിന്ന് വഞ്ചനകാണിക്കുകയും ശത്രുക്കളെ സഹായിക്കുകയും ചെയ്യുന്ന ഇത്തരം കപടവിശ്വാസികളോടു സ്വീകരിക്കേണ്ട സമീപനം പാരുഷ്യത്തിന്റേതായിരിക്കണമെന്ന് ഖുർആൻ വ്യക്തമാക്കുന്നു: ‘വിശ്വസിച്ചവരേ, നിങ്ങളോടു ചേർന്നു നിൽക്കുന്ന സത്യനിഷേധികളോട് യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ കാർക്കശ്യം കാണട്ടെ. അറിയുക. അല്ലാഹു ഭക്തന്മാരോടൊപ്പമത്രെ” (9: 123).

‘തങ്ങൾ എവ്വിധം സത്യം നിഷേധിച്ചുവോ അവ്വിധം നിങ്ങളും സത്യം നിഷേധിക്കണമെന്നും അങ്ങനെ നിങ്ങളെല്ലാവരും സമന്മാരാവണമെന്നുമാണ് അവരാഗ്രഹിക്കുന്നത്. അതിനാൽ ദൈവികമാർഗത്തിൽ സ്വദേശം വെടിഞ്ഞു വരുന്നതുവരെ അവരിൽ ആരെയും നിങ്ങൾ ആത്മമിത്രങ്ങളായി സ്വീകരിക്കരുത്. സ്വദേശം വെടിയാൻ സന്നദ്ധമാകുന്നില്ലെങ്കിൽ അവരെ കണ്ടേടത്തുവെച്ച് പിടികൂടുകയും വധിക്കുകയും ചെയ്യുക. അവരിലാരെയും നിങ്ങൾ സ്വന്തം തോഴനോ തുണയോ ആക്കാതിരിക്കുക. നിങ്ങളുമായി കരാറിലേർപ്പെട്ട ജനതയുമായി കൂടിച്ചേർന്ന കപടന്മാർ ഈ വിധിയിൽ നിന്ന് ഒഴിവാകുന്നു. അപ്രകാരം നിങ്ങളോടോ സ്വന്തം ജനത്തോടോ യുദ്ധം ചെയ്യാൻ മനസ്സൊട്ടും അനുവദിക്കാതെ നിങ്ങളെ സമീപിക്കുന്ന കപടവിശ്വാസികളും അതിൽ നിന്നൊഴിവാകുന്നു. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കിൽ അവരെ നിങ്ങൾക്കെതിരെ നിയോഗിക്കുകയും അങ്ങനെ അവർ നിങ്ങളോട് പോരാടുകയും ചെയ്യുമായിരുന്നു. അവർ നിങ്ങളോട് യുദ്ധം ചെയ്യാതെ മാറിനിൽക്കുകയും നിങ്ങളുടെ നേരെ സമാധാന ഹസ്തം നീട്ടുകയും ചെയ്യുന്നുവെങ്കിൽപിന്നെ അവരെ അക്രമിക്കാൻ അല്ലാഹു ഒരു വഴിയും നിങ്ങൾക്ക് അനുവദിച്ചു തന്നിട്ടില്ല.

എന്നാൽ, മറ്റൊരു വിഭാഗം കപടവിശ്വാസികളെ നിങ്ങൾക്കു കാണാം. അവർ നിങ്ങളോടും സ്വജനത്തോടും സമാധാനത്തിൽ കഴിയാനാഗ്രഹിക്കുന്നു. പക്ഷേ, കുഴപ്പത്തിനവസരം കിട്ടുമ്പോഴെല്ലാം അവരതിൽ പൂണ്ടു പിടിക്കുന്നു. ഇക്കൂട്ടർ നിങ്ങൾക്കെതിരെ വരുന്നതിൽനിന്ന് വിട്ടുനിൽക്കുകയും നിങ്ങളോട് സന്ധിക്കും സമാധാനത്തിനും അപേക്ഷിക്കുകയും സ്വകരങ്ങൾ അടക്കിവെക്കുകയും ചെയ്യുന്നില്ലെങ്കിൽ എവിടെവെച്ചു കണ്ടാലും അവരെ പിടികൂടുകയും വധിക്കുകയും ചെയ്യുക. അവർക്കെതിരെ നിൽക്കാൻ നാം നിങ്ങൾക്ക് വ്യക്തമായ ന്യായവും തെളിവും നൽകിയിരിക്കുന്നു”(4: 8991).

ഇസ്ലാമിനും മുസ്ലിംകൾക്കും ഏറെ ദ്രോഹമേൽപിച്ച കപടവിശ്വാസികളോടുപോലും ഇങ്ങോട്ട് യുദ്ധം ചെയ്യുകയോ ശത്രുസമൂഹത്തോട് ചേർന്നുനിൽക്കുകയോ സംഭ്രമജനകവും വ്യാജവുമായ വാർത്തകൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നുവെങ്കിൽ മാത്രമേ സായുധമായി നേരിടാവൂ എന്നും അവർ തങ്ങളുടെ കരങ്ങൾ പിൻവലിച്ചാൽ പിന്നെ അവർക്കെതിരെ നടപടി സ്വീകരിക്കരുതെന്നുമാണ് ഉപര്യുക്ത വാക്യങ്ങൾ ആവശ്യപ്പെടുന്നത്. കപടവിശ്വാസികളോടുപോലും എത്ര ഉദാരമായ നിലപാടാണ് ഖുർആൻ സ്വീകരിച്ചതെന്ന് ഈ വിശുദ്ധ വചനങ്ങൾ സുതരാം വ്യക്തമാക്കുന്നു.

ഖുർആൻ മനുഷ്യജീവന്ന് കൽപിക്കുന്ന വില വിവരണാതീതമാണ്. അകാരണമായി ഒരാളെ വധിക്കുന്നത് മുഴുവൻ മനുഷ്യരെയും വധിക്കുന്നതുപോലെയാണെന്ന് അതു പ്രഖ്യാപിക്കുന്നു. ഭൂമിയിൽ നടന്ന ആദ്യത്തെ കൊലപാതകം വിവരിച്ചശേഷം ഖുർആൻ പ്രഖ്യാപിക്കുന്നു: ‘അക്കാരണത്താൽ ഇസ്രയേൽ വംശത്തിനു നാം നിയമമാക്കി: ആരെയെങ്കിലും കൊന്നതിനു പകരമായോ ഭൂമിയിൽ കുഴപ്പം സൃഷ്ടിച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാൽ അവൻ മുഴുവൻ മനുഷ്യരെയും വധിച്ചതുപോലെയാണ്. ഒരാൾ ആർക്കെങ്കിലും ജീവിതം നൽകിയാൽ അവൻ മുഴുവൻ മനുഷ്യർക്കും ജീവിതം നൽകിയതുപോലെയാണ്”(5: 32).

വളരെയേറെ അനിവാര്യമായ സാഹചര്യത്തിലല്ലാതെ മനുഷ്യജീവൻ ഹനിക്കാവതല്ലെന്ന് ഖുർആൻ പഠിപ്പിക്കുന്നു. ഇസ്ലാമിക രാഷ്ട്രത്തെ അകത്തും പുറത്തുമുള്ള ശത്രുക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്താനും മർദിതരുടെ മോചനത്തിനും മൗലിക മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും മാത്രമേ യുദ്ധം പാടുള്ളൂവെന്ന് അത് ഊന്നിപ്പറയുന്നു. അപ്പോഴും മരണം പരമാവധി കുറക്കണമെന്ന് കണിശമായി അനുശാസിക്കുന്നു. അതുകൊണ്ടുതന്നെ യുദ്ധത്തിൽ പോലും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും യുദ്ധത്തിൽനിന്ന് വിട്ടൊഴിഞ്ഞു നിൽക്കുന്നവരെയും ആരാധനാലയങ്ങളിൽ അനുഷ്ഠാന നിഷ്ഠരായി കഴിയുന്നവരെയും ദ്രോഹിക്കാനോ വധിക്കാനോ പാടില്ലെന്ന് പഠിപ്പിക്കുന്നു. അതോടൊപ്പം ശത്രുക്കൾ യുദ്ധത്തിൽനിന്ന് വിരമിച്ചാലുടനെ പോരാട്ടം അവസാനിപ്പിക്കണമെന്നും. അതുകൊണടു തന്നെ പ്രവാചകന്റെ കാലത്തുനടന്ന 81 യുദ്ധങ്ങളിലായി 259 വിശ്വാസികളും 759 ശത്രുക്കളുമുൾപ്പെടെ 1018 പേർ മാത്രമാണ് വധിക്കപ്പെട്ടത്. യുദ്ധം അനിവാര്യമായി വന്നപ്പോഴും ജീവനഷ്ടം പരമാവധി കുറയ്ക്കാനാണ് പ്രവാചകനും അനുചരന്മാരും ശ്രമിച്ചത്. ഇസ്ലാം ആവശ്യപ്പെടുന്നതും അതുതന്നെ. അറേബ്യയിൽ ഇസ്ലാം വരുത്തിയതുപോലുള്ള സമഗ്രവും വ്യാപകവുമായ വിപഌം സൃഷ്ടിക്കാൻ അത്രയും പേരുടെ ജീവനഷ്ടമേ വേണ്ടിവന്നുള്ളൂവെന്നത് എന്നും മഹാ വിസ്മയമായാണനുഭവപ്പെടുന്നത്. എക്കാലത്തെയും ചരിത്രകാരന്മാരെ അദ്ഭുത സ്തബ്ധരാക്കുന്ന ഒന്നത്രെ ഇത്.

അതോടൊപ്പം ഇങ്ങോട്ട് യുദ്ധത്തിനു വരാത്ത മുഴുവൻ അമുസ്ലിംകളോടും സ്വീകരിക്കേണ്ട സമീപനം ഖുർആൻ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്: ‘മതത്തിന്റെ പേരിൽ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്ന് പുറത്താക്കിയിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വർത്തിക്കുന്നത് അല്ലാഹു വിലക്കുന്നില്ല. നിസ്സംശയം, നീതിനിഷ്ഠരെ അല്ലാഹു ഇഷ്ടപ്പെടുന്നു” (60:8).

Also read: സഹജീവികളോടുള്ള സമീപനം

‘മതത്തിന്റെ പേരിൽ നിങ്ങളോടു യുദ്ധം ചെയ്യുകയും നിങ്ങളെ നിങ്ങളുടെ വീടുകളിൽനിന്ന് ആട്ടിയോടിക്കുകയും ചെയ്തവരോട് നിങ്ങൾ ഉറ്റബന്ധം പുലർത്തുന്നതു മാത്രമാണ് അല്ലാഹു വിരോധിക്കുന്നത്. അത്തരക്കാരെ ഉറ്റമിത്രങ്ങളാക്കുന്നവർ അതിക്രമികൾ തന്നെ”(60: 9).
അക്രമത്തിനൊരുങ്ങാത്ത അന്യമതസ്ഥരോട് നല്ല നിലയിൽ വർത്തിക്കാനും നീതിപൂർവം പെരുമാറാനുമുള്ള ആഹ്വാനവും ഈ വിശുദ്ധവചനങ്ങൾ ഉൾക്കൊള്ളുന്നു.

പൊതുസമൂഹത്തോട് സ്വീകരിക്കേണ്ട സമീപനം ഖുർആൻ ഇങ്ങനെ വ്യക്തമാക്കുന്നു: ‘നന്മയുടെയും ഭക്തിയുടെയും കാര്യത്തിൽ നിങ്ങൾ പരസ്പരം സഹകരിക്കുക. പാപത്തിന്റെയും അതിക്രമത്തിന്റെയും കാര്യത്തിൽ അന്യോന്യം സഹകരിക്കരുത്”(5: 2).

സർവോപരി ശത്രുക്കളോടുപോലും അനീതി അരുതെന്ന് അതനുശാസിക്കുന്നു: ‘ഒരു ജനതയോടുള്ള ശത്രുത നിങ്ങളെ അനീതി ചെയ്യാൻ പ്രേരിപ്പിക്കരുത്. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്കു ചേർന്നത്. നിങ്ങൾ ദൈവഭക്തരാവുക. നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്”(5: 8)

You may also like

More in:Quran

Leave a reply

Your email address will not be published. Required fields are marked *