PramanangalQuran

ഖുർആൻെറ സന്ദേശം ഒറ്റനോട്ടത്തിൽ

  • നമ്മെയും നാം ജീവിക്കുന്ന പ്രപഞ്ചത്തെയും സൃഷ്ടിച്ച് സംരക്ഷിക്കുന്നത് സർവശക്തനായ അല്ലാഹുവാണ്. അവൻ ഏകനാണ്. അനാദിയും അനന്ത്യനുമാണ്. പരമകാരുണികനും നീതിമാനുമാണ്. പദാർഥാതീതനും അവിഭാജ്യനുമാണ്. സർവജ്ഞനും നിരാശ്രയനുമാണ്. അവന് സമന്മാരോ സദൃശരോ ഇല്ല.
  • അല്ലാഹുവിനു മാത്രമേ അഭൌതികമായ അറിവുള്ളൂ. കാര്യകാരണബന്ധങ്ങൾക്ക് അതീതമായി ഗുണമോ ദോഷമോ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ അവനല്ലാതെ ആർക്കും സാധ്യമല്ല. അതിനാൽ അവനെ മാത്രമേ ആരാധിക്കാവൂ. സഹായാർഥനയും പ്രാർഥനയും അവനോടു മാത്രമേ പാടുള്ളൂ.
  • നമുക്ക് ശരീരവും ശാരീരികാവയവങ്ങളും ജീവനും ജീവിതവും ആയുസ്സും ആരോഗ്യവും നൽകിയത് അല്ലാഹുവാണ്. അതിനാൽ അവനാണ് നമ്മുടെ യഥാർഥ ഉടമയും നാഥനും. അവനല്ലാതെ സംരക്ഷകനും യജമാനനുമില്ല. അല്ലാഹുവിനുമാത്രമേ മനുഷ്യന്റെ മേൽ പരമാധികാരമുള്ളൂ. മുഴുജീവിത മേഖലകളിലും നാം സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടത് ദൈവിക നിയമങ്ങളാണ്. ആരും അവനെയല്ലാതെ നിരുപാധികം അനുസരിക്കരുത്. അവന്റേതല്ലാത്ത അടിമത്തം അംഗീകരിക്കരുത്.
  • മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുന്നില്ല. ഇഹലോകം കർമവേദിയാണ് -പരലോകത്തേക്കുള്ള കൃഷിയിടം. ജീവിതം ഒരു പരീക്ഷണമാണ്. വിചാരണയും വിധിയും കർമഫലവും മരണശേഷം പരലോകത്താണ്. ഐഹികജീവിതം ക്ഷണികവും പരലോകജീവിതം ശാശ്വതവുമാണ്. ഭൂമിയിൽ ദൈവശാസന പാലിച്ച് സൽക്കർമിയായി ജീവിച്ചാൽ പരലോകത്ത് സങ്കൽപിക്കാനാവാത്ത സുഖസൌകര്യങ്ങളുള്ള സ്വർഗം പ്രതിഫലമായി ലഭിക്കും. ദൈവധിക്കാരിയായി ദുഷ്ടജീവിതം നയിച്ചാൽ കണക്കാക്കാനാവാത്ത കഷ്ടതകൾ നിറഞ്ഞ നരകശിക്ഷയാണുണ്ടാവുക.
  • മനുഷ്യരിൽ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്മാരെ ദൈവം തന്റെ സന്ദേശവാഹകരായി നിയോഗിച്ചു. ഇവ്വിധം ഒരു ലക്ഷത്തിലേറെ പ്രവാചകന്മാർ ദൈവിക സന്മാർഗവുമായി മാനവസമൂഹത്തിലേക്ക് ആഗതരായിട്ടുണ്ട്. അവരിൽ മധ്യപൂർവ ദേശത്തെ ജനത്തിന് ഏതോ നിലക്ക് കേട്ടറിവുള്ള ഇരുപത്തഞ്ചു പ്രവാചകന്മാരുടെ പേരു മാത്രമേ ഖുർആൻ പരാമർശിച്ചിട്ടുള്ളൂ. എന്നാൽ ലോകത്തിന്റെ എല്ലാ ഭാഗത്തും എല്ലാ കാലഘട്ടത്തിലും ദൈവദൂതന്മാർ നിയോഗിതരായിട്ടുണ്ട്. ആ പ്രവാചക പരമ്പരയുടെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി. അദ്ദേഹം ഉൾപ്പെടെ മുഴുവൻ പ്രവാചകന്മാരെയും അംഗീകരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. അവർക്കിടയിൽ ഒരു വിധ വിവേചനവും കൽപിക്കാൻ പാടില്ല.
  • മാനവസമൂഹത്തിന്റെ മാർഗദർശനത്തിനായി നിയോഗിതരായ മുഴുവൻ ദൈവദൂതന്മാരും മൌലികമായി ഒരേ സന്ദേശമാണ് ഉയർത്തിപ്പിടിച്ചത്. പൂർവപ്രവാചകന്മാർ സമൂഹ സമക്ഷം സമർപ്പിച്ച ദൈവിക സന്ദേശങ്ങളുടെ അന്തിമവും സമഗ്രവുമായ രൂപമാണ് മുഹമ്മദ് നബിയിലൂടെ അല്ലാഹു ലോകത്തിനു നൽകിയത്. അദ്ദേഹത്തിലൂടെ അവതീർണമായ ആ ദിവ്യവചനങ്ങളുടെ സമാഹാരമാണ് ഖുർആൻ. അത് ലോകാവസാനം വരെ എല്ലാവിധ മനുഷ്യ ഇടപെടലുകളിൽനിന്നും മുക്തമായി സുരക്ഷിതമായി നിലനിൽക്കും.
  • ദിനേന അഞ്ചുനേരം നമസ്കാരം നിഷ്ഠയോടെ നിർവഹിക്കണം. അത് ദൈവസ്മരണ നിലനിർത്തുന്നു. നിഷിദ്ധങ്ങളിൽനിന്നും നീചകൃത്യങ്ങളിൽനിന്നും മനുഷ്യനെ തടഞ്ഞുനിർത്തുന്നു.
  • റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കണം. അത് മനുഷ്യരെ ഭക്തരും സൂക്ഷ്മശാലികളുമാക്കുന്നു.
  • സാമ്പത്തികശേഷിയുള്ളവർ തങ്ങളുടെ ധനത്തിന്റെ നിശ്ചിത വിഹിതം സകാത്തായി നൽകണം. ദരിദ്രർ, അഗതികൾ, അടിയാളർ തുടങ്ങി അവശതയനുഭവിക്കുന്നവരാണ് അതിന്റെ അവകാശികൾ. സകാത്ത് ഔദാര്യമായി നൽകേണ്ട ഐച്ഛിക ദാനമല്ല. വിശ്വാസിയുടെ നിർബന്ധ ബാധ്യതയാണ്.
  • സാമ്പത്തികവും ശാരീരികവുമായി ശേഷിയുള്ളവർ ജീവിതത്തിലൊരിക്കൽ മക്കയിലെ വിശുദ്ധ മന്ദിരത്തിന്റെ അടുത്തുചെന്ന് ഹജ്ജ് നിർവഹിക്കണം.
  • മനുഷ്യൻ ആദരണീയനാണ്. ഏറ്റം നല്ല ഘടനയോടെയാണ് ദൈവം അവനെ സൃഷ്ടിച്ചത്. ജന്മനാ നന്നെ ദുർബലനാണെങ്കിലും വളർന്നു വലുതാവുന്നതോടെ അവൻ കരുത്തു നേടുന്നു. ഭൂമിയിലുള്ളതെല്ലാം തന്റെ താൽപര്യത്തിന് ഉപയോഗപ്പെടുത്താൻ കഴിയുമാറ് അല്ലാഹു അവന് മഹത്തായ യോഗ്യതകൾ നൽകിയിരിക്കുന്നു.
  • ലോകത്തുള്ള മുഴുവൻ മനുഷ്യരും ഒരേ സത്തയിൽനിന്ന് സൃഷ്ടിക്കപ്പെട്ടവരാണ്. എല്ലാവരും ഒരേ മാതാപിതാക്കളിൽനിന്നുണ്ടായവരാണ്. അതിനാൽ അവരെല്ലാം സമന്മാരാണ്. വർഗ, വർണ, ദേശ, ഭാഷാ ഭേദങ്ങളെല്ലാം പരസ്പരം തിരിച്ചറിയാനുള്ള ഉപാധികൾ മാത്രമാണ്. അവയുടെ പേരിൽ ഒരു വിധ വിവേചനവും അരുത്.
  • മനുഷ്യജീവൻ ഏറെ വിലപ്പെട്ടതാണ്. ആർക്കും ജീവൻ നൽകാൻ കഴിയാത്ത മനുഷ്യൻ അന്യായമായി അത് ഹനിക്കരുത്. ഒരു മനുഷ്യനെ കൊല്ലുന്നത് ലോകത്തുള്ള മുഴുവൻ മനുഷ്യരെയും കൊല്ലുന്നതുപോലെയാണ്. ഒരാൾക്ക് ജീവിതമേകുന്നത് മുഴുവൻ മനുഷ്യരെയും ജീവിപ്പിക്കുന്നതുപോലെയും.
  • ദൈവം മനുഷ്യനിൽനിന്ന് ഒട്ടും അകലെയല്ല. അവന്റെ കണ്ഠനാടിയെക്കാൾ അവനോടടുത്തവനാണ്. അവന്റെ മനോമന്ത്രങ്ങൾ കൂടി അല്ലാഹു അറിയുന്നു. കണ്ണിന്റെ കട്ടുനോട്ടങ്ങൾ പോലും സൂക്ഷ്മമായി കാണുന്നു. ആർക്കും ഒരു നിമിഷം പോലും ദൈവത്തിൽ നിന്ന് മറഞ്ഞിരിക്കാനാവില്ല. ദൈവസാന്നിധ്യത്തെ സംബന്ധിച്ച ഈ സജീവബോധത്തോടെ സദാ കഴിഞ്ഞുകൂടുന്നവനാണ് യഥാർഥ സത്യവിശ്വാസി.
  • മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കണം. അവർക്ക് അലോസരമുണ്ടാക്കുന്ന ഒരക്ഷരം പോലും ഉരിയാടരുത്. പ്രായാധിക്യത്തിന്റെ പരവശതയിൽ അവരെ നന്നായി പരിചരിക്കണം. അവർക്ക് കാരുണ്യത്തിന്റെ ചിറക് താഴ്ത്തിക്കൊടുക്കണം. സദാ അവർക്കു വേണ്ടി അല്ലാഹുവോട് പ്രാർഥിക്കുകയും വേണം.
  • ദാരിദ്യ്രം ഭയന്നോ മറ്റു കാരണങ്ങളാലോ കുട്ടികളെ കൊല്ലരുത്. അവരെ വധിക്കുന്നത് വൻപാപമാണ്. കുട്ടികളോട് കാരുണ്യത്തോടെ വർത്തിക്കണം. അവരുടെ മുലകുടിപ്രായം രണ്ടു വർഷമാണ്. മുലയൂട്ടൽ മഹത്തായ കൃത്യമാണ്. മുലകുടിബന്ധം രക്തബന്ധം പോലെ പവിത്രമാണ്. മക്കളാണ് മാതാപിതാക്കളുടെ ഏറ്റവും അടുത്ത അനന്തരാവകാശികൾ.
  • പ്രപഞ്ചത്തിലുള്ള എല്ലാം ഇണകളായാണ് സൃഷ്ടിക്കപ്പെട്ടത്. മനുഷ്യനും അവ്വിധം തന്നെ. വംശവർധനവിനുള്ള മാർഗം ഇണചേർന്നുള്ള ജീവിതമാണ്. വിവാഹമാണ് അതിന് വഴിയൊരുക്കുന്നത്. അതിനാൽ വിവാഹം വിശുദ്ധമായ ഒരുടമ്പടിയാണ്. പെൺകുട്ടിയുടെ രക്ഷിതാവാണ് അവളെ വിവാഹം ചെയ്തുകൊടുക്കേണ്ടത്. വിവാഹവേളയിൽ വരൻ വധുവിന് വിവാഹമൂല്യം നൽകണം.
  • ദാമ്പത്യം പാപമല്ല; പുണ്യകർമമാണ്. സ്നേഹ, കാരുണ്യ വികാരമാണ് അതിന്റെ അടിസ്ഥാനം. ദമ്പതികൾ വസ്ത്രം പോലെ പരസ്പരം കൂടിച്ചേർന്ന് ലയിച്ച് ജീവിക്കേണ്ടവരാണ്. ദമ്പതികൾ ഇരുവരും ബന്ധം തകർന്നുപോകാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തണം. അവരിരുവർക്കും നിശ്ചിതമായ അവകാശബാധ്യതകളുണ്ട്. ഏതു സാഹചര്യത്തിലും സ്ത്രീയുടെ സംരക്ഷണോത്തരവാദിത്വം പുരുഷന്നാണ്.
  • അടുത്ത ബന്ധുക്കളോട് നല്ല നിലയിൽ വർത്തിക്കണം. അവരോടുള്ള ബാധ്യത പൂർത്തീകരിക്കുകയും അവരിലെ ദരിദ്രരെ പ്രത്യേകം പരിഗണിക്കുകയും വേണം.
  • അടുത്ത ബന്ധുക്കളും അല്ലാത്തവരുമായ അയൽക്കാരോട് ഏറ്റം നല്ല നിലയിൽ സഹവസിക്കണം. അവർക്ക് നന്മയും ഉപകാരവും ചെയ്യണം.
  • എല്ലാവരോടും സൌമ്യമായി പെരുമാറണം. പരുഷമായി പെരുമാറരുത്. ഹൃദയവിശാലത വേണം. കാഠിന്യം അരുത്. നല്ലതേ പറയാവൂ. ചീത്തവാക്കുകൾ ഉപയോഗിക്കരുത്. കുത്തുവാക്കുകൾ പറയരുത്.
  • ആരും ആരെയും പരിഹസിക്കരുത്. ചീത്തപ്പേരുകൾ വിളിക്കരുത്. അന്യോന്യം അവഹേളിക്കരുത്. പരദൂഷണം പറയരുത്. അങ്ങനെ ചെയ്യുന്നത് മനുഷ്യശവം തിന്നുന്നപോലെയാണ്. ഊഹങ്ങൾ വർജിക്കണം. ഊഹങ്ങളിൽ തെറ്റു പറ്റാൻ സാധ്യതയുണ്ട്. രഹസ്യങ്ങൾ ചുഴിഞ്ഞന്വേഷിക്കരുത്.
  • അഹങ്കാരം അരുത്. ഭൂമിയിൽ വിനയത്തോടെ നടക്കണം. പൊങ്ങച്ചത്തോടെ നടക്കരുത്. ജനങ്ങളിൽനിന്ന് അഹന്തയോടെ മുഖം തിരിക്കരുത്. നടത്തത്തിൽ മിതത്വം പുലർത്തണം. സംസാരത്തിൽ ശബ്ദം നിയന്ത്രിക്കണം.
  • അപവാദാരോപണം അതിഗുരുതരമായ അപരാധമാണ്; ഇസ്ലാമികരാഷ്ട്രത്തിൽ ശിക്ഷാർഹമായ ക്രിമിനൽ കുറ്റവും.
  • അക്രമം അരുത്. അക്രമത്തിന് കൂട്ടുനിൽക്കരുത്. നാട്ടിൽ കുഴപ്പമുണ്ടാക്കരുത്. കുപ്രചാരണങ്ങളിലേർപ്പെടരുത്.
  • നീതിപാലിക്കണം. അത് സ്വന്തത്തിനും സ്വന്തക്കാർക്കും എതിരാണെങ്കിലും. ഒരു കാരണവശാലും അനീതി പ്രവർത്തിക്കരുത്. അനീതിക്ക് കൂട്ടുനിൽക്കരുത്. ശത്രുവോടു പോലും അനീതി അരുത്.
  • അസൂയ അരുത്. അമാനത്തുകൾ പാലിക്കണം. കരാറുകൾ ലംഘിക്കരുത്. വാഗ്ദാനം പൂർത്തീകരിക്കണം. ആത്മവഞ്ചന അരുത്. കള്ളം പറയരുത്. ചതിപ്രയോഗം കൊടിയപാപമാണ്. പ്രതിജ്ഞകൾ പാലിക്കണം. അവയുടെ ലംഘനം കുറ്റകരമാണ്.
  • നന്മയും തിന്മയും തുല്യമല്ല. അതിനാൽ നന്മകൊണ്ടാണ് തിന്മയെ തടയേണ്ടത്. അത് ശത്രുപോലും മിത്രമാകാൻ കാരണമായിത്തീരും.
  • ഷമ പാലിക്കണം. അല്ലാഹുവിന് ഏറെ ഇഷ്ടം ക്ഷമാശീലരെയാണ്. എല്ലാവരോടും കരുണകാണിക്കണം. ക്രൂരത അരുത്. നന്ദികാണിക്കണം. നന്ദികേട് അരുത്. കോപം വന്നാൽ അത് പ്രകടിപ്പിക്കരുത്. നിയന്ത്രിക്കണം.
  • സദാ സത്യസന്ധത പുലർത്തണം. എല്ലാറ്റിലും ആത്മാർഥത കാണിക്കണം. കാപട്യം അരുത്. അത് കഠിനമായ കുറ്റമാണ്.
  • മുഴുവൻ മനുഷ്യരോടും ഗുണകാംക്ഷ പുലർത്തണം. വിട്ടുവീഴ്ച കാണിക്കണം. ജനങ്ങൾക്ക് മാപ്പു നൽകണം.
  • ഏഷണി അരുത്. ക്ഷമാപണം നിരാകരിക്കരുത്. കള്ളസത്യം പാടില്ല. കള്ളസാക്ഷ്യം കൊടിയ പാപമാണ്.
  • അനാവശ്യ സംസാരങ്ങളിലും പ്രവൃത്തികളിലും കൂട്ടുകെട്ടുകളിലും ഇടപെടരുത്. അവയിൽ നിന്നെല്ലാം വിട്ടകന്നു നിൽക്കണം.
  • നന്മയിലും ഭക്തിയിലും പരസ്പരം സഹകരിക്കണം. തിന്മയിലും ശത്രുതയിലും അന്യോന്യം സഹായിക്കുകയോ സഹകരിക്കുകയോ അരുത്.
  • നേതാവിനെ അനുസരിക്കണം. നേതാവ് അനുയായികളോട് കൂടിയാലോചിച്ചശേഷമേ കാര്യങ്ങൾ തീരുമാനിക്കാവൂ.
  • ആലസ്യം വെടിയണം. വിധിയെ പഴിക്കരുത്. തെളിവില്ലാതെ തർക്കിക്കരുത്. സംവാദം നടത്തേണ്ടിവന്നാൽ നല്ലനിലയിലാവണം.
  • രണ്ടാളുകൾക്കിടയിൽ എന്തെങ്കിലും പ്രശ്നമോ അകൽച്ചയോ ഉണ്ടായാൽ അനുരഞ്ജനത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കണം. ശത്രുത ഇല്ലാതാക്കാൻ ആവുന്നതൊക്കെ ചെയ്യണം.
  • അഭിവാദ്യങ്ങൾക്ക് അതിനെക്കാൾ നന്നായി പ്രത്യഭിവാദ്യം ചെയ്യണം. അന്യരുടെ വീടുകളിൽ അവരുടെ അനുവാദമില്ലാതെ പ്രവേശിക്കരുത്. അധർമകാരികളുടെ വാക്കുകൾ നിജസ്ഥിതി അന്വേഷിച്ചറിയാതെ സ്വീകരിക്കരുത്.
  • ഇരിപ്പിടങ്ങളിലെ സ്ഥലം മുഴുവൻ സ്വയം ഉപയോഗിക്കാതെ മറ്റുള്ളവരെ കൂടി പരിഗണിക്കണം. അവർക്ക് സൌകര്യമൊരുക്കിക്കൊടുക്കണം.
  • മദ്യം, ചൂത്, ഷോഡതി പോലുള്ളവ നിഷിദ്ധമാണ്. അവ പൂർണമായും ഉപേക്ഷിക്കണം.
  • വ്യഭിചാരം നീചമാണ്. അതിനോട് അടുക്കുകപോലും അരുത്. സദാചാരനിഷ്ഠ പുലർത്തണം. അവിഹിതമായ വാക്കോ വികാരമോ പ്രവൃത്തിയോ ഉണ്ടാവരുത്.
  • നിർലജ്ജത നികൃഷ്ടമാണ്. അതിനാൽ നഗ്നത മറയ്ക്കണം. സ്ത്രീകൾ പുരുഷന്മാരിൽ ദുർവികാരങ്ങളുണർത്തുംവിധം നഗ്നത പ്രദർശിപ്പിക്കരുത്. ആഭാസകരമായ വസ്ത്രധാരണം അരുത്. സ്ത്രീകളും പുരുഷന്മാരും അരുതാത്തത് കാണാതിരിക്കാൻ ദൃഷ്ടികൾ താഴ്ത്തണം. സ്വന്തം വീട്ടുകാരുടെ പോലും സ്വകാര്യതകളിൽ ഇടപെടരുത്.
  • അധർമത്തിന്റെ ആധിക്യം സമൂഹങ്ങളുടെയും നാടുകളുടെയും നാശത്തിന് നിമിത്തമാകും. ഭൂമിയിൽ അധർമം വളർത്തുന്നതും കുഴപ്പം കുത്തിപ്പൊക്കുന്നതും കൊടിയ കുറ്റമാണ്.
    എ സമൂഹത്തിൽ സ്വൈരജീവിതം സാധ്യമാവാൻ പ്രതിക്രിയ അനിവാര്യമാണ്. എന്നാൽ മാപ്പ് നൽകുന്നതാണ് ഏറ്റം നല്ലത്.
  • അനാഥകളെ ആദരിക്കണം. അവരെ നിന്ദിക്കരുത്. അനാഥകളെ അവഗണിക്കുന്നത് മതനിഷേധമാണ്. അവശരെയും അംഗവൈകല്യമുള്ളവരെയും അവഗണിക്കരുത്.
  • അഗതികൾക്ക് ആഹാരം നൽകണം. അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും വേണം. അഗതികളെ വിരട്ടരുത്. അവർക്ക് ആഹാരം നൽകാൻ പ്രേരിപ്പിക്കാതിരിക്കൽ മതനിഷേധമാണ്.
  • സമ്പത്ത് സമൂഹത്തിന്റെ നിലനിൽപിനുള്ള അടിസ്ഥാനമാണ്. അതിന്റെ യഥാർഥ ഉടമാവകാശം ദൈവത്തിനാണ്. തന്റെ കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും ഭാഗമായി അത് മനുഷ്യർക്ക് കൈകാര്യം ചെയ്യാൻ നൽകിയതാണ്. അതിനാൽ ആർക്കും സമ്പത്തിന്റെമേൽ പരമമായ ഉടമാവകാശമില്ല.
  • ദൈവം തന്റെ ദാസന്മാർക്കായി നിക്ഷേപിച്ച സമ്പത്ത് തേടിപ്പിടിക്കലും അതിനായി അധ്വാനിക്കലും സൽപ്രവൃത്തികളാണ്. എന്നാൽ സ്വത്തിനോടുള്ള അമിതമായ ആസക്തിയും പ്രേമവും അരുത്. സമ്പത്തിന്റെ അടിമയാകരുത്.
  • തൊഴിൽ, കൃഷി, കച്ചവടം പോലുള്ളവയിലൂടെ ധനം സമ്പാദിക്കാം. എന്നാൽ ചൂഷണവും മോഷണവും പാടില്ല. അളത്തത്തിലും തൂക്കത്തിലും കൃത്രിമം അരുത്. പലിശ പാടില്ല. അത് വൻപാപമാണ്; സമൂഹത്തിന് നാശം വരുത്തുന്നതും. അവിഹിത മാർഗത്തിൽ ധനം സമ്പാദിക്കരുത്.
  • ധനം കുന്നുകൂട്ടി വെക്കരുത്. സമ്പന്നരുടെ സ്വത്തിൽ ചോദിച്ചുവരുന്നവർക്കും പ്രാഥമികാവശ്യങ്ങൾ പൂർത്തീകരിക്കാനാകാത്തവർക്കും അവകാശമുണ്ട്. ധനികവിഭാഗം തങ്ങളുടെ സമ്പത്ത് ദരിദ്രർക്കും അഗതികൾക്കും അശരണർക്കും കടബാധിതർക്കുംവേണ്ടി ചെലവഴിക്കണം. ദൈവമാർഗത്തിലത് വിനിയോഗിക്കാതി രിക്കുന്നത് ഗുരുതരമായ കുറ്റമാണ്.
  • പിശുക്കും ധൂർത്തും ദുർവ്യയവും ആർഭാടവും അനാവശ്യവും അരുത്. മിതവ്യയം ശീലിക്കണം. ധൂർത്ത് പൈശാചികമാണ്. പിശുക്ക് ശിക്ഷാർഹമായ പാപവും.
  • ഉത്തമവും അനുവദനീയവുമായ ആഹാരമേ ഭക്ഷിക്കാവൂ. ശവവും രക്തവും പന്നിമാംസവും നിഷിദ്ധമാണ്. അന്യന്റെ ധനം അന്യായമായി അധീനപ്പെടുത്തി ആഹരിക്കരുത്.
  • ദൈവികനിയമമനുസരിച്ചാണ് വിധി നടത്തേണ്ടത്. അത് നിരാകരിച്ച് മനുഷ്യനിർമിത നിയമങ്ങളവലംബിക്കുന്നത് കൊടിയ കുറ്റമാണ്. ഭരണാധികാരിയും ന്യായാധിപനും ദൈവികവ്യവസ്ഥ നടപ്പാക്കാൻ ബാധ്യസ്ഥരാണ്.
  • ഉത്തമ സമൂഹമെന്ന നിലയിൽ വിശ്വാസികൾ സമൂഹത്തെ നന്മയിലേക്കു നയിക്കണം. നല്ലതു കൽപിക്കണം. തിന്മ തടയണം. ധർമസംസ്ഥാപനത്തിന് നിരന്തരം യത്നിക്കണം. അധർമം അവസാനിപ്പിക്കാൻ പരമാവധി ശ്രമിക്കുകയും വേണം.
  • വിശുദ്ധ ജീവിതത്തിലൂടെ സത്യത്തിനു സാക്ഷികളാകണം. സദുപദേശത്തിലൂടെയും യുക്തിജ്ഞാനത്തിലൂടെയും ജനങ്ങളെ സന്മാർഗത്തിലേക്കു ക്ഷണിക്കണം. പ്രകൃതി പ്രതിഭാസങ്ങൾ നിരീക്ഷിക്കുകയും പഠിക്കുകയും അവയിൽനിന്ന് പാഠമുൾക്കൊള്ളുകയും വേണം.
  • ദൈവികസന്മാർഗം എല്ലാവർക്കും എത്തിക്കണം. എന്നാൽ അതു സ്വീകരിക്കാൻ ആരെയും നിർബന്ധിക്കരുത്. ഇഷ്ടാനുസൃതം വിശ്വസിക്കാനും അവിശ്വസിക്കാനും സ്വാതന്ത്യ്രം ഉണ്ടാവണം.
  • ബഹുദൈവവിശ്വാസവും ബഹുദൈവാരാധനയും വർജിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കണം. അവയിലെ അബദ്ധം തെളിയിച്ചു കാണിക്കണം. എന്നാൽ അല്ലാഹു അല്ലാതെ ആരാധിക്കപ്പെടുന്നവയെ ആക്ഷേപിക്കുകയോ അപമാനിക്കുകയോ ശകാരിക്കുകയോ അരുത്. അതോടൊപ്പം അന്ധവിശ്വാസങ്ങൾക്ക് അടിപ്പെടരുത്. അനാചാരങ്ങളുപേക്ഷിക്കണം. ശകുനം നോക്കരുത്; അതിൽ വിശ്വസിക്കരുത്. പൌരോഹിത്യം പാടില്ല.
  • മതകാര്യത്തിൽ യുദ്ധം ചെയ്യുകയോ തങ്ങളുടെ വീടുകളിൽ നിന്ന് പുറന്തള്ളുകയോ ചെയ്യാത്ത എല്ലാവർക്കും നന്മ ചെയ്യണം. അവരോടൊക്കെ നീതിയോടെ വർത്തിക്കുകയും വേണം.
  • ദൈവസ്മരണയിലൂടെ മാത്രമേ മനസ്സമാധാനം ലഭിക്കുകയുള്ളൂ. ദൈവിക ജീവിതവ്യവസ്ഥ നടപ്പാക്കിയാലേ ഭൂമിയിൽ ശാശ്വത ശാന്തിയും ഭദ്രതയും ക്ഷേമവും പുലരുകയുള്ളൂ.
  • അറിവുള്ളവരും ഇല്ലാത്തവരും ഒരുപോലെയല്ല. അതിനാൽ അറിവു നേടാൻ ആവും വിധം ശ്രമിക്കണം.
  • സുഖാവസരങ്ങളിൽ ദൈവത്തോട് നന്ദികാണിക്കണം. പ്രയാസാവസ്ഥകളിൽ സഹനമവലംബിക്കണം. ക്ഷമകേടും വിഭ്രാന്തിയും അരുത്. നിരാശ പാടില്ല. ഏത് പ്രതികൂല സാഹചര്യത്തിലും അല്ലാഹുവിൽ ഭരമേൽപിച്ച് പ്രത്യാശ പുലർത്തണം.
  • ആത്മനാശത്തിനിടവരുത്തുന്ന ഒന്നിലും ഏർപ്പെടരുത്. ആത്മഹത്യ അരുത്. അത് കൊടിയ കുറ്റമാണ്. പ്രകൃതിക്ക് പോറലേൽപിക്കരുത്. ചരിത്രം പഠിക്കുകയും അതിൽനിന്ന് പാഠമുൾക്കൊള്ളുകയും വേണം.
  • എല്ലാ മനുഷ്യരും ശുദ്ധപ്രകൃതരായാണ് ജനിക്കുന്നത്. ആരും അപരന്റെ പാപഭാരം ചുമക്കേണ്ടിവരില്ല. അതോടൊപ്പം തെറ്റു പറ്റാത്ത മനുഷ്യരില്ല. അതിനാൽ പാപത്തിലകപ്പെടുന്നവർ ആത്മാർഥമായി പശ്ചാത്തപിക്കണം. തെറ്റ് ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തണം. അല്ലാഹുവോട് പാപമോചനത്തിനായി പ്രാർഥിക്കണം. ദൈവകോപത്തിൽനിന്നും ശിക്ഷയിൽനിന്നും രക്ഷപ്പെട്ട് അവന്റെ പ്രീതിയും പ്രതിഫലമായ സ്വർഗവും നേടാൻ നിരന്തരം പ്രാർഥിക്കുകയും പ്രവർത്തിക്കുകയും വേണം.

You may also like

Leave a reply

Your email address will not be published. Required fields are marked *