Risalath

പ്രവാചകത്വം എന്നാല്‍ എന്ത്?

മനുഷ്യര്‍ക്കു മാര്‍ഗദര്‍ശനമാണ് പ്രവാചക നിയോഗത്തിന്റെ ലക്ഷ്യം. മനുഷ്യപ്രകൃതം ഒരു മാര്‍ഗദര്‍ശകന്റെയും മാര്‍ഗത്തിന്റെയും അനിവാര്യത തേടുന്നുണ്ട്. ഇഛാ സ്വാതന്ത്യ്രവും പ്രവര്‍ത്തന ശേഷിയുമുളള മനുഷ്യനെ സ്വതന്ത്രമായി വിടുന്നത് നാശഹേതുകമാണ്. അതിനാല്‍ തന്നെ അവനാവശ്യമായ മാര്‍ഗദര്‍ശനം പ്രപഞ്ചസ്രഷ്ടാവായ നാഥന്‍ തന്നെ നല്‍കേണ്ടതുണ്ട്. അതു മായി അല്ലാഹു നിയോഗിക്കുന്നവരാണ് പ്രവാചകന്‍മാര്‍.

നുബുവ്വത്ത്  എന്ന പദത്തിന്റെ ഭാഷാര്‍ഥം ‘വിവരമറിയിക്കല്‍’ എന്നോ ‘പ്രവചിക്കല്‍’ എന്നോ ആണ്. എന്നാല്‍ ഈ പദത്തിന്റെ കേവല അര്‍ഥപരിധിയില്‍ ഒതുങ്ങുന്നതല്ല ഈ പദവി. പ്രവാചകത്വം എന്നത് മനുഷ്യപ്രയത്‌നത്താല്‍ നേടിയെടുക്കാനാവാത്ത തികച്ചും ഇലാഹീദാനമായിട്ടുള്ള അത്യുത്തമ പദവിയാണ്. പ്രപഞ്ചനാഥന്‍ അതിമഹത്തായ അനുഗ്രഹകടാക്ഷത്താല്‍ നടത്തുന്ന ഒരു തിരഞ്ഞെടുപ്പാണത്. ഈ അടിസ്ഥാനത്തില്‍ പ്രവാചകന്‍ എന്നാല്‍ ‘അല്ലാഹു ത ന്റെ സന്ദേശങ്ങള്‍ നല്‍കുന്നതിനായി തിരഞ്ഞെടുത്തവന്‍’ എന്നാണര്‍ഥം. പ്രവാചകത്വത്തിന്റെ പ്രബോധനപരമായ ദൗത്യമാണ് രിസാലത്ത്. അതിനാല്‍ തന്നെ എല്ലാ ദൂതന്‍മാരും പ്രവാചകന്‍ മാരായിരിക്കും. എന്നാല്‍ എല്ലാ പ്രവാചകന്‍മാരും ദൂതന്മാരായിക്കൊള്ളണമെന്നില്ല.
മനുഷ്യന്റെ സംവേദനശേഷിക്കു സാഹചര്യപരമായ പരിമിതികളും പരിധികളും ഉണ്ടാവാം. ഈ പരിധികളും പരിമിതികളും തടസ്സമാവാത്ത വിധം അവനു മാര്‍ഗദര്‍ശനം ലഭിക്കണം. ഇതിന് അനുയോജ്യരായ മാര്‍ഗദര്‍ശകരുണ്ടാവേണ്ടതുണ്ട്. ഇതിനാലാണ് അല്ലാഹു മാനവരാശിയു ടെ ഐഹികപാരത്രിക സുസ്ഥിതിക്കും സമാധാനത്തിനും ആവശ്യമായ നിര്‍ദ്ദേശങ്ങളുമായി അ വരില്‍നിന്നു തന്നെ പ്രവാചകന്‍മാരെയും  ദൂതന്‍മാരെയും നിയോഗിച്ചത്. അല്ലാഹു പറയുന്നു: ‘നിശ്ചയം, നാം നമ്മുടെ ദൂതന്‍മാരെ ദൃഷ്ടാന്തങ്ങളുമായി അയച്ചിരിക്കുന്നു. അവരോടൊപ്പം ഗ്രന്ഥവും ക്രമീകരണവും നാം അവതരിപ്പിച്ചിരിക്കുന്നു; ജനങ്ങള്‍ നീതിപൂര്‍വ്വം നിലനില്‍ക്കാനായിട്ട്'(ആശയം; അല്‍ ഹദീദ്: 25).
ദൂതന്‍മാരെ നിയോഗിച്ചു ജനങ്ങളെ സല്‍സരണിയിലേക്കു ക്ഷണിക്കുന്നത് അല്ലാഹുവിന്റെ യു ക്തമായ തീരുമാനത്തിന്റെ ഭാഗമാണ്. അല്ലാഹു പറയുന്നു: ‘താക്കീത് നല്‍കുന്നവരും സന്തോ ഷവാര്‍ത്തയറിയിക്കുന്നവരുമായ ദൂതന്‍മാരെ നാം നിയുക്തരാക്കിയിട്ടുണ്ട്; ആ ദൂതന്‍മാര്‍ക്കു ശേഷം ജനങ്ങള്‍ അല്ലാഹുവിനോട് അവന്റെ നീതിനിര്‍വ്വഹണത്തിനെതിരെ എതിര്‍ന്യായം ഉന്നയിക്കാതിരിക്കാന്‍ വേണ്ടി'(ആശയം; അന്നിസാഅ്:165).
‘വിധിനിര്‍ണയനാളില്‍ അല്ലാഹുവിന്റെ തീരുമാനത്തിനെതിരെ, ഞങ്ങളിലേക്കൊരുപ്രവാചകനെ നിയോഗിച്ചു സത്യവാര്‍ത്തകളറിയിച്ചിരുന്നെങ്കില്‍ ഈ ദുര്‍ഗതിയുണ്ടാവില്ലായിരുന്നു എന്നു പറയുന്ന സാഹചര്യം പ്രവാചകന്‍മാരുടെ നിയോഗത്തിലൂടെ അല്ലാഹു ഇല്ലാതാക്കി.
മനുഷ്യന്റെ പ്രകൃതിയുടെ സ്വാഭാവികതകളറിയുന്ന നാഥന്‍ മനുഷ്യനെ സംസ്‌കരിക്കാനായി നിശ്ചയിച്ച മാര്‍ഗം ദര്‍ശനം ചെയ്യുന്നതിനായി സ്ഥാപിച്ച ഉപാധിയാണ് പ്രവാചകത്വവും ദൗത്യവും.
‘അല്ലാഹുവില്‍ നിന്ന് അവന്റെ വിധിവിലക്കുകളുമായി അവന്റെ അടിമകളിലേക്ക് നിയോഗിതരായവരാണ് പ്രവാചകന്‍മാര്‍'(അഅ്‌ലാമുന്നുബുവ്വ:പേജ് 49). നുബുവ്വത്ത് അനിവാര്യമാണെന്നതിനു ഇമാം മാവര്‍ദി(റ) അഞ്ചു ന്യായങ്ങളും ഗുണങ്ങളും അവതരിപ്പിക്കുന്നുണ്ട്:
ഒന്ന്. അല്ലാഹു തന്റെ അടിമകളെ ആവശ്യമായ നന്മകളും ഗുണങ്ങളും കൊണ്ട് അനുഗ്രഹിക്കുന്നവനാണ്. മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ കാര്യങ്ങള്‍ പ്രവാചകനിയോഗം വഴി ജനങ്ങള്‍ക്കു ലഭ്യമാവുന്നു എന്നതിനാല്‍ അതു മാനുഷ്യകത്തിന് സ്രഷ്ടാവ് ചെയ്യുന്ന നന്മയാണ്.
രണ്ട്. പ്രവാചകന്‍മാര്‍ സ്വര്‍ഗ നരക പ്രതിഫലങ്ങളെക്കുറിച്ചു പഠിപ്പിക്കുന്നതിനാല്‍ നന്മ പ്രവര്‍ത്തിച്ചു സ്വര്‍ഗം നേടാനും തിന്‍മയില്‍ നിന്നകന്ന് നരകമോചനം സാധിക്കാനും സാഹചര്യമുണ്ടാവുന്നു. സൃഷ്ടികള്‍ക്കു നന്മയോടിണങ്ങാനും സത്യത്തെ സ്വീകരിക്കാനും ഇതവസരമൊരുക്കുന്നു.
മൂന്ന്. ഗുപ്തമായ പല ഗുണങ്ങളും ദൂതന്‍മാര്‍ മുഖേനയല്ലാതെ അറിയാന്‍ നിര്‍വ്വാഹമില്ല. ബുദ്ധികൊണ്ട് മനസ്സിലാക്കാന്‍ കഴിയാത്ത പലതും ദൂതന്‍മാര്‍ മുഖേന നേടാനാവുന്നു.
നാല്. അല്ലാഹു ഇലാഹാണെന്ന യാഥാര്‍ഥ്യം ഒരു മതത്തിന്റെ സാന്നിദ്ധ്യത്തെ താല്‍പര്യപ്പെടുന്നുണ്ട്. മതമാകട്ടെ, അല്ലാഹു ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ജനങ്ങളിലേക്കെത്തിക്കുന്ന പ്ര ബോധകരെക്കൊണ്ടല്ലാതെ നടക്കുകയില്ല.
അഞ്ച്. തുല്യയോഗ്യതയുള്ളവരോട് യോജിക്കാനും സമാന സവിശേഷതയുള്ളവരെ പിന്തുടരാനും മനുഷ്യബുദ്ധി തയ്യാറാവാതിരിക്കാനാണ് കൂടുതല്‍ സാധ്യത. അതിനാല്‍തന്നെ ആരാധ്യനായവന്‍ നിയോഗിച്ച ദൂതന്‍മാര്‍ വഴി അവനെ അനുസരിക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ മാത്രമേ മനുഷ്യരെ ഏകോപിപ്പിക്കാന്‍ സാധിക്കൂ. അപ്പോള്‍ ദൂതന്‍മാര്‍ മുഖേനയുള്ള ഗുണങ്ങളായിരിക്കും സര്‍വവ്യാപകമായ ഗുണം. അവരെക്കൊണ്ട് നടക്കുന്ന ഏകോപനമായിരിക്കും സാര്‍വത്രികമായ ഐക്യം. അവരെക്കൊണ്ട് തന്നെ തര്‍ക്കത്തിന്റെയും പിണക്കത്തിന്റെയും പ്രതിരോധവും നടക്കും (അഅ്‌ലാമുന്നൂബുവ്വ:പേജ് 53,54).
പ്രവാചകന്‍മാരുടെ നിയോഗം മനുഷ്യന്റെ പ്രകൃതിപരമായ ദൗര്‍ബല്യങ്ങള്‍ക്കു പരിഹാരമാണ്. സ്വഭാവ സംസ്‌കരണത്തിനും യാഥാര്‍ഥ്യബോധവല്‍കരണത്തിനും അതനിവാര്യമാണ്. പ്രവാചകരുടെ  അഭാവത്തില്‍ ഇവയൊന്നും സാധ്യമാവില്ല എന്നതാണ് യാഥാര്‍ഥ്യം.
നുബുവ്വത്തിനെ ഒരു ഇടനിലയെന്ന അവസ്ഥയില്‍ വീക്ഷിക്കാവുന്നതാണ്; അഥവാ മനുഷ്യരുടെയും അല്ലാഹുവിന്റെയും ഇടയിലുള്ള മധ്യവര്‍ത്തി. അതിന്റെ അഭാവത്തില്‍ സൃഷ്ടികള്‍ക്കു സ്രഷ്ടാവുമായി സുതാര്യവും ഉദാത്തവുമായ ബന്ധം സാധിക്കുകയില്ല.
‘അല്ലാഹുവിന്റെയും അവന്റെ സൃഷ്ടികള്‍ക്കിടയിലെ ബുദ്ധിയുള്ളവരുടെയും ഇടയിലുള്ള മധ്യവര്‍ത്തിത്വമാണ് പ്രവാചകത്വമെന്നത്’ (ദലാഇലുന്നുബുവ്വ;1/32).
അല്ലാഹുവിന്റെയും അവന്റെ ദാസരായിരിക്കേണ്ടവരുടെയും ഇടയിലുള്ള മധ്യവര്‍ത്തി എന്ന നി ലയില്‍  നിയുക്തനാവുന്ന ആള്‍ അതിനു യോഗ്യനായിരിക്കണം. ജീവിതത്തില്‍ മാത്രമല്ല ജന്മത്തിലും പ്രകൃതിയിലുമെല്ലാം സമകാലസമൂഹത്തില്‍ നിന്നു വ്യതിരിക്തവും ഉദാത്തവുമായ സവിശേഷത ഉണ്ടായിരിക്കണം.
ഇലാഹീ ദാനം
പ്രവാചകത്വപദവി അല്ലാഹു നല്‍കിയിട്ടുള്ളതു തന്റെ അനുഗൃഹീതരായ ദാസന്‍മാര്‍ക്കാണ്. അതില്‍ പാരമ്പര്യത്തിനോ പൈതൃകത്തിനോ പ്രത്യേക പരിഗണയൊന്നുമില്ല. പിതാക്കളില്‍നിന്നു സന്താനങ്ങളിലേക്കോ സഹോദരനില്‍ നിന്നു സഹോദരനിലേക്കോ അതു കൈമാറുകയില്ല.  കൂടുതല്‍ സദ്കര്‍മ്മങ്ങളനുഷ്ഠിച്ചോ ത്യാഗപൂര്‍ണമായ ജീവിതം നയിച്ചോ പ്രാപിക്കാവുന്നതുമല്ല അത്.
നിയുക്തരായ പ്രവാചകന്മാരെല്ലാം അതാതു കാലത്ത് അതിനു യോഗ്യതയുള്ളവരായിരുന്നുവെന്നത് സമകാലികര്‍ സമ്മതിച്ചതാണ്. നിയോഗത്തിനു മുമ്പും  സുസമ്മതരും സന്മാര്‍ഗ ജീവിതം നയിച്ചവരുമായിരുന്നു എല്ലാവരും. സത്യദീനിനെ വിളംബരപ്പെടുത്തുമ്പോള്‍ മാത്രമാണ് ജനങ്ങള്‍ക്ക് എതിര്‍പ്പുകളുണ്ടായിരുന്നത്. പ്രവാചകന്മാരുടെ പവിത്രമായ ജീവിതം ആ മഹല്‍പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ലക്ഷണമായിരുന്നു.കേവലം യാദൃച്ഛികമോ ജീവിത നിലവാരത്തിന്റെ അടിസ്ഥാനത്തിലുള്ളതോ ആയ ഒരു തിരഞ്ഞെടുപ്പല്ലായിരുന്നു അതൊന്നും.
സമൂഹത്തില്‍ പലരും നേടിയിട്ടുള്ള ആദരവുകളും അംഗീകാരങ്ങളും പ്രവാചകത്വത്തിന് ഏറ്റവും അര്‍ഹര്‍ തങ്ങളാണെന്നുള്ള വിചാരം ചിലരിലുണ്ടാക്കിയിരുന്നു. അവര്‍ അതു പറയുകയും ചെയ്തിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ അതു സൂചിപ്പിക്കുന്നുണ്ട്. അതിനവര്‍ക്കു മറുപടിയുമുണ്ട്. അറേബ്യയിലെ നാട്ടുപ്രമാണിമാരായിരുന്ന അബൂജഹ്ലും വലീദുബ്‌നുല്‍ മുഗീറത്തും ഈ നിലപാടു സ്വീകരിച്ചവരായിരുന്നു. ഖുര്‍ആന്‍ പറയുന്നു:
‘അവര്‍ (നാട്ടു പ്രമാണിമാരായ ദുര്‍മാര്‍ഗികള്‍)ക്ക് ദൃഷ്ടാന്തമെത്തിയപ്പോള്‍ അവരിങ്ങനെ പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍മാര്‍ക്ക് നല്‍കപ്പെട്ടതു പോലെയുള്ളതു ഞങ്ങള്‍ക്കും നല്‍കപ്പെട്ടാലല്ലാതെ ഞങ്ങള്‍ വിശ്വസിക്കുകയില്ല. എന്നാല്‍ അല്ലാഹുവിന്റെ രിസാലത്ത് എവിടെ (ആരില്‍) നിശ്ചയിക്കണമെന്ന് അവന്‍ തന്നെയാണേറ്റവും അറിയുന്നവന്‍. അതിക്രമം കാണിക്കുന്നവര്‍ ത ങ്ങളുടെ വക്രവൃത്തി കാരണമായി അല്ലാഹുവിങ്കല്‍ നിന്ദ്യതയും വേദനാജനകമായ ശിക്ഷകളും അനുഭവിക്കുന്നതാണ്'( ആശയം; അല്‍ അന്‍ആം:124).
ദൂതന്‍മാര്‍ക്ക് ലഭ്യമായിട്ടുള്ള ഈ പദവിക്ക് അര്‍ഹര്‍ ഞങ്ങളാണെന്നും ഞങ്ങള്‍ക്കാണതു ലഭിക്കേണ്ടതെന്നും ഒരു വിഭാഗവും നുബുവ്വത്തിന്റെ സാക്ഷീകരണത്തിനായുള്ള ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്കും ലഭിക്കണമെന്ന് വേറൊരു വിഭാഗവും ആവശ്യപ്പെട്ടിരുന്നു. അതിന്റെ പരിണതി അവരനുഭവിക്കുക എന്നല്ലാതെ ഈ പദവി അവര്‍ക്ക് പ്രാപിക്കാനാവില്ല എന്ന് ഈ സൂക്തം വ്യ ക്തമാക്കുന്നു.
‘വലീദുബ്‌നുമുഗീറത്ത് പറഞ്ഞു: ‘അല്ലാഹുവാണെ, പ്രവാചകത്വം ഒരു സത്യമായിരുന്നെങ്കില്‍ മുഹമ്മദ്(സ)നെക്കാള്‍ അതിനേറ്റവും ബന്ധപ്പെട്ടവന്‍ ഞാനായിരുന്നു. കാരണം ഞാന്‍ ധാരാളം സമ്പത്തും സന്താനങ്ങളും ഉള്ളവനാണ്’. അപ്പോഴാണ് ഈ സൂക്തം അവതരിപ്പിച്ചത്’ (തഫ്‌സീര്‍ റാസി: 13/124).
‘അബൂജഹ്ല്! പറഞ്ഞു: ബനൂ അബ്ദുമനാഫ് ശ്രേഷ്ഠപദവികളില്‍ നമ്മെ അതിക്രമിച്ചു പലതും നേടിയിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ ഒരു പോലെയായിരിക്കുന്നു. എന്നിട്ടും അവരില്‍ പ്രവാചകരുണ്ടെന്നും വഹ്‌യ്‌ ലഭിക്കുന്നുണ്ടെന്നും പറയുന്നു. അല്ലാഹുവാണെ, മുഹമ്മദിനു(സ്വ) വഹ്‌യ്‌ വരുന്നതു പോലെ ഞങ്ങള്‍ക്കും വഹ്‌യ്‌ വരാതെ ഞങ്ങളാ പ്രവാചകനെ പിന്തുടരുകയോ തൃപ്തിപ്പെടുകയോ ചെയ്യില്ല’ (സ്വഫ്വത്തുത്തഫാസീര്‍ 1/416).
മക്കയിലെ അവിശ്വാസികളുടെ നിലപാടിതായിരുന്നു. എന്നാല്‍ ആരില്‍ രിസാലത്ത് നിശ്ചയിക്കണമെന്ന് അല്ലാഹുവിനാണറിയുക. അതനുസരിച്ചുള്ള അവന്റെ തിരഞ്ഞെടുപ്പായിരുന്നു നബി (സ്വ) തങ്ങള്‍.
പ്രവാചകര്‍ മനുഷ്യരില്‍ നിന്നു തന്നെ അവിശ്വാസികള്‍ ഉന്നയിച്ചിരുന്ന മറ്റൊരു വികല വാദമായിരുന്നു മനുഷ്യരില്‍ നിന്നല്ല പ്രവാചകനുണ്ടാവേണ്ടത് എന്നത്. സത്യം അംഗീകരിക്കാതെ മാറിനില്‍ക്കുന്നതിന് ഒരു ന്യായം കണ്ടെത്തുകയായിരുന്നു അവര്‍. യഥാര്‍ഥത്തില്‍ മനുഷ്യര്‍ക്കിടയില്‍ മനുഷ്യപ്രവാചകന്‍ മാത്രമേ പ്രസക്തമാവുന്നുള്ളൂ. കാരണം മനുഷ്യരായ പ്രബോധിതര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാനും അവരെ നിരന്തര സമ്പര്‍ക്കത്തിലൂടെയും  പരിചരണത്തിലൂടെയും സംസ്‌കരിക്കാനും അവരിലൊരാള്‍ക്കു തന്നെയാണ് കൂടുതല്‍ സാധിക്കുക. മനുഷ്യരില്‍ ഉന്നതവും ഉദാത്തവും അസാധാരണ വുമായ വ്യകതി പ്രഭാവം പ്രകടമാക്കിയവര്‍ മാത്രം പ്രവാചകന്‍മാരായി നിയോഗിതരായതിലെ യുക്തി അതാണ്.
ഒരു മലകോ മറ്റേതെങ്കിലും സൃഷ്ടിയോ പ്രവാചകനായിരുന്നെങ്കില്‍ അതിന്റെ (മലകിന്റെ) ജീവിത ഘട്ടങ്ങളും പ്രവര്‍ത്തനങ്ങളും അനുഭവിച്ചറിയാന്‍ മറ്റു മാര്‍ഗങ്ങളാവശ്യമായി വരും. ഈ അനുഭവസാധ്യതയുണ്ടാകുന്നതിന് ഒരു പക്ഷേ അതിന്/മലകിന് മനുഷ്യരൂപം നല്‍കുക എന്നതായിരിക്കും പരിഹാരം. അപ്പോള്‍ പിന്നെ അതു മലകാണോ മനുഷ്യനാണോ എന്നു തെളിയിക്കുന്നതിനും വഴികാണേണ്ടി വരും. ചുരുക്കത്തില്‍ മനുഷ്യരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ സാന്നിധ്യമാണ് രിസാലത്തിന്റെ  സുഗമമായ വഴി.
‘അല്ലാഹു ഒരു മനുഷ്യനെയാണോ ദൂതനായി നിയോഗിച്ചിരിക്കുന്നത് എന്നുള്ള  സംസാരമല്ലാ തെ, (ദുര്‍ന്യായമല്ലാതെ) മറ്റൊന്നുമല്ല,  സന്‍മാര്‍ഗം എത്തിയപ്പോള്‍ അതില്‍ വിശ്വസിക്കുന്നതിന് അവര്‍ക്കു തടസ്സമായത്'(ആശയം; അല്‍ ഇസ്‌റാഅ് 94).
മനുഷ്യരില്‍ നിന്നു പ്രവാചകരെ നിയോഗിക്കുക എന്നത് മാനുഷ്യകത്തിന് അല്ലാഹു ചെയ്ത അനുഗ്രഹമാണെന്നു വിശുദ്ധ ഖുര്‍ആനില്‍  പറഞ്ഞിട്ടുണ്ട്.

അനിവാര്യമായ ഗുണങ്ങള്‍
തിരഞ്ഞെടുക്കപ്പെട്ടവരെന്നത് പൂര്‍ണ്ണമായ അര്‍ഥത്തില്‍ സഫലമാവണമെങ്കില്‍ ഉപരിസൂചിപ്പിച്ചപോലെ തന്നെ സാഹചര്യമോ സംസര്‍ഗമോ സ്വാധീനിക്കാത്ത, സുരക്ഷിതവും സുവ്യക്തവുമായ പരിചരണം ലഭിച്ചിരിക്കണം. ദൌത്യനിര്‍വഹണ രംഗത്ത് പ്രതിബന്ധമായി സ്വയംകൃതാനര്‍ഥങ്ങളൊന്നുമുണ്ടാവരുത്. ദുശ്ശീലങ്ങളോആക്ഷേപകരമായ സമീപനങ്ങളോ നിലപാടുകളോ ഇല്ലാത്തവരായിരിക്കണമവര്‍. സന്നദ്ധതയും സമര്‍പ്പണ മനോഭാവവും ധൈഷണിക മേന്മയും ഉണ്ടായിരിക്കണം; അഥവാ പ്രവാചകത്വത്തിന്റെ താത്വികവും പ്രായോഗികവുമായ നിലനില്‍പ്പു തന്നെ ചില ഗുണങ്ങള്‍ അനിവാര്യമാക്കുന്നുണ്ട്.
അല്ലാഹു പറയുന്നു:’അവരെ നാം, നമ്മുടെ നിര്‍ദ്ദേശാനുസരണം നേര്‍വഴി കാണിക്കുന്ന നേതാക്കളാക്കി നിശ്ചയിച്ചിരിക്കുന്നു. അവരിലേക്ക് സല്‍പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നു. നിസ്‌കാരം നിലനിറുത്തലും സകാത്ത് വിധിപോലെ നല്‍കലും (നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്). അവര്‍ പൂര്‍ണമായി, നിഷ്‌കളങ്കരായി ഇബാദത്ത് ചെയ്യുന്നവരാണ്(ആശയം; അല്‍അമ്പിയാഉ്: 73)
ഇബ്‌റാഹീം(അ)നെയും സന്താനങ്ങളെയും പരാമര്‍ശിച്ച ശേഷം പ്രവാചകന്‍മാര്‍ എന്ന നിലയില്‍ അവരുടെ ദൌത്യം എന്തായിരുന്നു എന്നു വിവരിക്കുകയാണീ സൂക്തത്തിലൂടെ.മാതൃകായോഗ്യരാകുവാന്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നതിനര്‍ഥം അവര്‍ അങ്ങനെ ആയിരുന്നു എന്നാണ്. പ്രചരിപ്പിക്കുന്നതിന്റെ പ്രായോഗിക രൂപം അവരുടെ ജീവിതത്തില്‍ പ്രകടമായിരുന്നു. ന്യൂനതയൊന്നും വരുത്താതെയും വിശ്വാസത്തിന് കളങ്കമേല്‍ക്കാതെയും അവര്‍ പൂര്‍ണമായും അല്ലാഹുവിനു വിധേയപ്പെട്ടു കഴിഞ്ഞിരുന്നു എന്നതു വ്യക്തമാണ്.
പൂര്‍വ്വ പ്രവാചകന്‍മാര്‍ പ്രകടിപ്പിച്ചതും സ്വീകരിച്ചതുമായ ആത്മ ശിക്ഷണപരമായ നിലപാടുകളെക്കുറിച്ചും അതിനായുള്ള നിര്‍ദ്ദേശങ്ങളെക്കുറിച്ചും വിശുദ്ധ ഖുര്‍ആനില്‍ ധാരാളമായി  കാണാം. പ്രകൃതിപരമായ ചോദനകള്‍ പ്രവാചകന്‍മാര്‍ക്കും ഉള്ളതാണ്. അവരിടപഴകുന്നത് മനുഷ്യരോടായതിനാല്‍ അന്ന പാനാദികളിലും ജീവിതാവശ്യങ്ങളിലും അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ശീലവും രീതിയും മാതൃകായോഗ്യമായവതരിപ്പിക്കാന്‍ സാധിക്കുന്ന പൊതുവായ മാര്‍ഗം തന്നെയാണ് അവരിലുമുണ്ടായിരുന്നത്. എന്നാല്‍ അനിവാര്യമായ സമയങ്ങളില്‍  അമാനുഷികവും അസാധാരണവുമായ മാര്‍ഗേണ അവരുടെ ജീവസുരക്ഷക്കും പ്രബോധന വിജയത്തിനും സംവിധാനമൊരുക്കി അനുഗ്രഹിച്ചിട്ടുമുണ്ട്.
അല്ലാഹു നല്‍കുന്ന അമാനുഷിക സിദ്ധികള്‍ ഉപയോഗിച്ച് സ്വജീവിതം സുരക്ഷിതമാക്കാന്‍ അവരാരും തയ്യാറാവാതിരുന്നതിലെ യുക്തി അതാണെന്ന് മനസ്സിലാക്കാവുന്നതാണ്. വ്യക്തിപരമായ ഗുണങ്ങള്‍ക്കായി ഉപയോഗിക്കാനുള്ളതല്ല അമാനുഷിക, അസാധാരണ കഴിവുകള്‍. അത് പ്രബോധന പ്രധാനമാണ്. അതുകൊണ്ട്തന്നെ പ്രവാചകന്‍മാരാരും അവ സ്വന്തം ജീവിതസുഖത്തിനുപയോഗപ്പെടുത്തിയില്ല. പ്രബോധനം എന്ന അതിമഹത്തായ ദൗത്യനിര്‍വഹണത്തിന്ന് അനിവാര്യമായ ചില ഗുണങ്ങളുണ്ട്. അതു  യാതൊരു ന്യൂനതയുമില്ലാത്തവിധം അവരിലുണ്ടായിരിക്കേണ്ടതുണ്ട്. വ്യക്തിത്വത്തിന്റെ പ്രഭാവം കുറയ്ക്കുന്ന ന്യൂനതകള്‍ അവരില്‍ ഉണ്ടാവാനും പാടില്ല.
അനിവാര്യമായ ഗുണങ്ങള്‍ നാലെണ്ണമാണെന്നു വിശ്വാസ, ആദര്‍ശ ശാസ്ത്രശാഖ പരിചയപ്പെടുത്തുന്നു: സത്യസന്ധത, വിശ്വസ്തത, കൂര്‍മ്മബുദ്ധി, പ്രബോധനം ചെയ്യല്‍ എന്നിവയാണവ. പാപരഹിതമായ പവിത്രതയും, നീരസമുണ്ടാക്കുന്ന ന്യൂനത, രോഗങ്ങള്‍ തുടങ്ങിയവ ഇല്ലാതിരിക്കലും പ്രബോധനം ചെയ്യപ്പെടുന്ന വിഷയത്തെ നേരിട്ടു ബാധിക്കാത്തതിനാല്‍ സ്വിഫത്തുകളുടെ കൂട്ടത്തില്‍പെടുത്തിയിട്ടില്ല. ഇതും അവര്‍ക്കുണ്ടായിരുന്ന ഗുണങ്ങളായിരുന്നു. പ്രബോധനത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട കാര്യങ്ങള്‍ മറക്കാതെ മനസ്സില്‍ സൂക്ഷിക്കാനാവശ്യമായ കൂര്‍മ്മബുദ്ധി, ഇല്ലാത്തത് പ്രബോധനം നടത്താന്‍ കൂട്ടാക്കാത്ത സത്യസന്ധത, കൂട്ടിയും കുറച്ചും കലര്‍ത്തിയും തിരിമറി നടത്തിയും പ്രബോധന കാര്യങ്ങള്‍  നടത്താന്‍ തുനിയാതിരിക്കാന്‍ പ്രേരിപ്പിക്കുന്ന വിശ്വസ്തത, നിര്‍ദ്ദേശിക്കപ്പെട്ടത് പ്രബോധനം ചെയ്യുന്നതില്‍ താല്‍പര്യവും സന്നദ്ധതയും ഉണ്ടാവുക, പ്രബോധനം നിര്‍വിഘ്‌നം നടത്തുക എന്നിവ പ്രബോധനകാര്യത്തില്‍ നേരിട്ടിടപെടുന്നതാണ്. അതിനാല്‍ തന്നെ ഇതിന്റെ നേരെ വിപരീതങ്ങളായ കാര്യങ്ങള്‍ അവരില്‍ അസംഭവ്യമായിരിക്കുന്നതാണ്.

പാപസുരക്ഷിതത്വം
കളവ് പറയുക, വഞ്ചന നടത്തുക, പൂഴ്ത്തിവെക്കുക എന്നീ ദുര്‍ഗുണങ്ങള്‍ മാത്രമല്ല; ഇതര ദുര്‍ഗുണങ്ങളൊന്നും തന്നെ പ്രവാചകരില്‍ ഉണ്ടാവാന്‍ പാടില്ല. അതവരുടെ വ്യക്തിത്വത്തിന് ന്യൂ നത വരുത്തുന്നതാണ്. ന്യൂനതയുള്ളവര്‍ മാതൃകായോഗ്യരായിരിക്കുകയില്ല. പ്രവാചകന്‍മാരെ സംബന്ധിച്ചിടത്തോളം അവരുടെ ദൗത്യം മാര്‍ഗദര്‍ശനമാണ്. അതിനാല്‍ തന്നെ ദൌത്യനിര്‍വഹണത്തില്‍ അവര്‍ക്ക് വിജയിക്കാന്‍ സാധിക്കണമെങ്കില്‍ പ്രായോഗികമായ മാതൃകാജീവിതം ആ വശ്യമാണ്. അത് പ്രവാചകന്‍മാരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നിട്ടുമുണ്ട്. പ്രവാചകന്‍മാര്‍ പൂ ര്‍ണ്ണമായും പാപസുരക്ഷിതരാണെന്ന വിശ്വാസമാണ് അഹ്ലുസ്സുന്നത്തിവല്‍ ജമാഅത്തിന്നുള്ളത്.
പ്രവാചകന്‍മാര്‍ അവരുടെ ഉത്തരവാദിത്വ നിര്‍വ്വഹണത്തിന്റെ ഭാഗമായി ചെയ്ത കാര്യങ്ങളെ, ശത്രുതപരമായി സമീപിക്കുകയും എതിര്‍ക്കുകയും ചെയ്തു എന്നല്ലാതെ, അവര്‍ പാപങ്ങള്‍ എ ന്തെങ്കിലും ചെയ്തതായി സമകാലശത്രുക്കള്‍ പോലും ആരോപിച്ചിരുന്നില്ല. എന്നാല്‍ വര്‍ത്തമാന കാലത്ത് സ്വന്തം മാര്‍ഗദര്‍ശകരായി സ്വീകരിക്കേണ്ട പ്രവാചകന്‍മാരെക്കുറിച്ച് അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍  നടത്തിക്കൊണ്ടിരിക്കുന്നത് എന്തിനാണെന്നത് ദുര്‍ഗ്രഹമാണ്. ആ ശാസ്യകരമല്ലാത്ത ഈ പ്രവണത അവസാനിപ്പിക്കേണ്ടതാണ്. വിശുദ്ധ ഖുര്‍ആനിലും ഹദീസി ലും കാണുന്ന ചില പ്രയോഗങ്ങള്‍ കേവലവല്‍ക്കരിക്കുന്നത് ദുഃഖകരമാണ്. സംഭവങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും സാഹചര്യവും പശ്ചാത്തലവുമുണ്ടാവും. അവയെ അടിസ്ഥാനപ്പെടുത്തിയാണവ മനസ്സിലാക്കേണ്ടത്.

ബഹുമുഖ ദൗത്യം
പ്രവാചകന്‍മാരുടെ ദൗത്യത്തിനു വ്യത്യസ്തമായ മുഖങ്ങളുണ്ട്. അവയേതൊക്കെയെന്നു പരിശോധിക്കാം:
തൗഹീദ് മനുഷ്യരെ സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യുന്നതിലേക്കു ക്ഷണിക്കുന്നവരായിരുന്നു പ്രവാചകന്‍മാരെല്ലാം. എല്ലാവരുടെയും ദൗത്യത്തിലെ പ്രാധാന ലക്ഷ്യം ഇതുതന്നെയായിരുന്നു.
‘ഞാനല്ലാതെ ഇലാഹില്ലെന്നും എനിക്കു നിങ്ങള്‍ ഇബാദത്ത് ചെയ്യണമെന്നുമുള്ള യാഥാര്‍ഥ്യം വഹ്യായി അറിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു ദൂതനെയും അങ്ങേക്കു മുമ്പു നാം നിയോഗിച്ചിട്ടില്ല’ (ആശയം; അല്‍അമ്പിയാഅ്: 25).
വിധിവിലക്കുകള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ ദാസന്‍മാരായിത്തീരുകയും ചെയ്യുന്നവര്‍ ജീവിതത്തില്‍ പ്രവര്‍ത്തിക്കേണ്ടതും വര്‍ജ്ജിക്കേണ്ടതും ഐഛികമായതും അനുവദനീയമായതുമെല്ലാം അറിയേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ജീവിതം ക്രമീകരികുമ്പോഴേ ഒരു അടിമ എന്ന വിശേഷണത്തിന്നര്‍ഹമാവുകയുള്ളു. അതിനാല്‍ തന്റെ ജീവിതത്തെ പ്രപഞ്ചനാഥനു വിധേയമാക്കേണ്ട രീതിയറിയണം. അത് അറിയിക്കേണ്ടതു പ്രവാചകന്‍മാരുടെ ദൗത്യമാണ്. മനുഷ്യന്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഏതു തരം സാഹചര്യങ്ങളെയും ഉള്‍ക്കൊള്ളുന്ന നിയമങ്ങളുമായാണ്  പ്രവാചകര്‍ നിയുക്തരായിട്ടുള്ളത്.
‘അവര്‍ അല്ലാഹുവില്‍ നിന്നുള്ള സന്ദേശങ്ങളെ(നിയമ നിര്‍ദ്ദേശങ്ങളെ ജനങ്ങള്‍ക്കു) പ്രബോധനം ചെയ്യുന്നവരായിരുന്നു. അവര്‍ അല്ലാഹുവിനെ ഭയപ്പെടുകയും അല്ലാഹുവിനെയല്ലാതെ മറ്റൊരാളെയും ഭയപ്പെടാതിരിക്കുകയും ചെയ്തിരുന്നു’ (ആശയം; അല്‍അഹ്‌സാബ്.39).
സല്‍സരണി മനുഷ്യന്‍ ഇഛാസ്വാതന്ത്യ്രമുള്ളവനാണ്. എന്നാല്‍ തന്റെ വിശ്വാസത്തിന്റെ പൂര്‍ത്തീകരണത്തിന് ഈ ആഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. ദുര്‍മോഹങ്ങളുണ്ടാവുകയും അതു സാക്ഷാല്‍ക്കരിക്കുന്നതിനു ദുര്‍മാര്‍ഗമവലംബിക്കുകയും ചെയ്തുകൂടാ. അപ്പോള്‍ ഒരു സദാചാര ദുരാരചാര വിചിന്തനത്തിന്റെ പ്രസക്തി ഉയര്‍ന്നുവരുന്നു. അഹിതങ്ങളായ വാക്കും പ്രവൃത്തിയും വിചാരവും നിയന്ത്രിക്കാന്‍ അവരെ മാര്‍ഗദര്‍ശനം ചെയ്യുക എന്നതും പ്രവാചകന്മാരുടെ ദൗത്യമാണ്.  ആവശ്യമായ താക്കീതുകളും ശുഭവാര്‍ത്തകളും നല്‍കുകയും നന്മയുടെ പ്രകാശം പരത്തുന്ന ജീവിതം കാണിച്ചു കൊടുക്കുകയും ചെയ്യണമവര്‍. നബി(സ) തങ്ങളുടെ നിയോഗത്തിന്റെ ലക്ഷ്യങ്ങള്‍ ഈ സൂക്തം വിളംബരം ചെയ്യുന്നുണ്ട്:
‘ഓ പ്രവാചകരേ, നിശ്ചയമായും അങ്ങയെ നാം സാക്ഷിയും സുവാര്‍ത്ത നല്‍കുന്നവരും താ ക്കീതു ചെയ്യുന്നവരും അല്ലാഹുവിലേക്ക് അവന്റെ അനുമതി പ്രകാരം ജനങ്ങളെ ക്ഷണിക്കുന്നവരും പ്രകാശം പരത്തുന്ന ദീപവുമായി നിയോഗിച്ചിരിക്കുന്നു'(ആശയം; അല്‍അഹ്‌സാബ്; 45, 46).
മറ്റു പ്രവാചകന്മാരെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലും ഇത്തരം സത്യമാര്‍ഗ്ഗദര്‍ശന നിര്‍ദ്ദേശങ്ങള്‍ കാണാവുന്നതാണ്.
നിരുപമ മാതൃക പ്രസ്തുത ആയത്തില്‍ നബി(സ) തങ്ങളെ പ്രകാശം പരത്തുന്ന ദീപത്തോടുപമിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ആവാഹിക്കാന്‍ മാത്രം വ്യാപ്തിയും  പ്രഭാവവുമുള്ളതാണ് നബി(സ) തങ്ങളില്‍ നി ന്നു പ്രസരിക്കുന്ന പ്രകാശം. മാതൃകയായി അവലംബിക്കാനാവുന്നത് എന്നര്‍ഥം. അമ്പിയാക്കളെല്ലാം അതാതുകാലത്തെ ജനങ്ങള്‍ക്കു  മാതൃകകളായിരുന്നു. അനുകരണീയമായ ജീവിതമാണവരെല്ലാവരും നയിച്ചിരുന്നത്.
ഉദാത്തമായ സദ്ഗുണങ്ങള്‍ക്കു മാതൃകകളുടെ സാന്നിധ്യമുണ്ടാവുമ്പോഴാണ് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്. അതിനാല്‍ തന്നെ സാധ്യമായ മേഖലകളിലെല്ലാം മാതൃകയാവുന്നതിന് ഉപകരിക്കുന്ന ജീവിത ക്രമീകരണമാണവരില്‍ അല്ലാഹു നടത്തിയത്. നിരുപമവും അത്യുദാത്തവുമായ മാതൃക നബി(സ്വ)യുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കാണാവുന്നതാണ്.
‘നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്; അല്ലാഹുവിനെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുന്നവര്‍ക്ക്'(ആശയം; അല്‍അഹ്‌സാബ് :21).
അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ളവരെ സംബന്ധിച്ചിടത്തോളം പ്രതിഫല പ്രതീക്ഷയും ശിക്ഷയെക്കുറിച്ചുള്ള ഭയവും ഉണ്ടാവുന്നതാണ്. അങ്ങനെയുള്ളവര്‍ നബി(സ്വ) തങ്ങളെ മാതൃകയാക്കേണ്ടതാണ്. വിശ്വാസിയുടെ പാരത്രിക വിജയത്തിന്റെ ഉപാധിയാണത്. ഐഹികമായ വിജയവും സന്തോഷവും ആഗ്രഹിക്കുന്നവര്‍ക്കും പ്രായോഗികമായ ജീവിത വഴിയാണ് ദൂതന്‍മാര്‍ അവതരിപ്പിച്ചത്.
മനുഷ്യന്‍ എവിടെനിന്ന്, എങ്ങനെ വന്നു? എന്തിനു വന്നു? എവിടേക്കു, പോവുന്നു? ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രവാചകന്മാര്‍ ഉത്തരം നല്‍കിയിട്ടുണ്ട്. പ്രഥമമനുഷ്യനായ ആദം(അ)ന്റെ സൃ ഷ്ടിപ്പിനെക്കുറിച്ചും തുടര്‍ന്നുണ്ടായ വംശവര്‍ദ്ധനവിനെക്കുറിച്ചും മനുഷ്യര്‍ക്ക് ബോധനം നല്‍ കിയിട്ടുണ്ട്. പ്രപഞ്ചനാഥന്റെ അത്യുത്തമ സൃഷ്ടിയായ മനുഷ്യന്‍ സ്വന്തം നാഥനെ മഹത്വപ്പെടുത്തുന്ന ജീവിതരീതി സ്വീകരിക്കണമെന്ന നിര്‍ദ്ദേശമുണ്ടായി. കേവല ഭൗതിക ലോകത്തിനപ്പുറം അനന്ത വിശാലമായ പരലോകത്തേക്കാണ് മനുഷ്യന്റെ യാത്രയെന്നും അവിടേക്കുള്ള അന്തിമ സമ്പൂര്‍ണ്ണപ്രവേശം നടക്കുക അന്ത്യനാളിലാണെന്നും മനുഷ്യനെ പ്രവാചകന്മാര്‍ പഠിപ്പിക്കുകയുണ്ടായി.
തന്റെ പ്രകൃതിക്കും ആകൃതിക്കും പരിമിതിക്കുമൊത്ത് പ്രപഞ്ചനാഥന് വിനീത വിധേയനായിരി ക്കുക എന്ന അവസ്ഥയിലേക്കു മനുഷ്യനെ നയിക്കാനുപകരിക്കുന്ന ബോധനങ്ങള്‍ അവര്‍ നടത്തുകയുണ്ടായി. ദുര്‍നടപ്പിന്റെയും ചിന്താശൂന്യതയുടെയും ഫലമായി പരലോകത്ത് അഭിമുഖീകരിക്കേണ്ടിവരുന്ന ശിക്ഷകള്‍ അവര്‍ ലോകത്തിനു പഠിപ്പിച്ചു. ഈ ഉല്‍ബോധനത്തെക്കുറിച്ച് മനുഷ്യരോടും ജിന്നുകളോടും  അന്ത്യനാളില്‍ ചോദിക്കുന്നതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു:
‘മനുഷ്യരേ, ജിന്നുകളേ, എന്റെ ദൃഷ്ടാന്തങ്ങള്‍(നിര്‍ദ്ദേശങ്ങളും പാഠങ്ങളും) നിങ്ങള്‍ക്കു വിവരിച്ചുതരുന്നവരും ഈ ദിനത്തിലെ കണ്ടുമുട്ടലിനെക്കുറിച്ചു നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുന്ന വരുമായ ദൂതന്മാര്‍ നിങ്ങളില്‍ നിന്നു തന്നെ, നിങ്ങള്‍ക്കു വന്നില്ലായിരുന്നോ? (അപ്പോള്‍) അവര്‍ പറയും: ഞങ്ങള്‍ ഞങ്ങള്‍ക്കെതിരെ തന്നെ സാക്ഷി നില്‍ക്കുന്നു'(ആശയം; അല്‍ അന്‍ആം: 130).

ഇഹവും പരവും
ഭൗതിക ലോകത്തിനും വിഭവങ്ങള്‍ക്കും ചില മാസ്മരികതകളുണ്ട്. അതില്‍ മധുരതരവും ആ കര്‍ഷകവുമായ പലതുമുണ്ട്. ഈ ആകര്‍ഷകത്വത്തിന്റെ സ്വാധീനതയാല്‍ അതിന്റെ ഉപാസകരായി മാറാനുള്ള സാധ്യത കൂടുതലാണ്. വിഭവങ്ങളുടെ ബാഹ്യമായ അവസ്ഥ മാത്രം ശ്രദ്ധിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിനാലാണിത് സംഭവിക്കുന്നത്. ഇതു കാരണം യഥാര്‍ഥ ലക്ഷ്യം വിസ്മരിക്കപ്പെട്ടേക്കും. ഇത്തരം  സാഹചര്യത്തില്‍ മനുഷ്യനാശമാണ് സംഭവിക്കുക. അതിനാല്‍ തന്നെ ഭൗതിക ലോകത്തിന്റെയും വിഭവങ്ങളുടെയും നിജസ്ഥിതിയും പാരത്രിക ലോകത്തിന്റെ മേന്മയും ബോധ്യപ്പെത്തേണ്ടതനിവാര്യമായി വരുന്നു. മഹാന്‍മാരായ പ്രവാചകന്‍മാര്‍ നിര്‍വ്വഹിക്കുന്നതിതാണ്. വിശുദ്ധഖുര്‍ആന്‍ ഈ യാഥാര്‍ഥ്യത്തിലേക്ക് മനുഷ്യ ശ്രദ്ധ ക്ഷണിക്കുന്നതിങ്ങനെയാണ്: ‘ഈ ഭൌതിക ജീവിതം വിനോദവും നേരമ്പോക്കുമല്ലാതെ മറ്റൊന്നുമല്ല; നിശ്ചയം, പാരത്രിക ലോകം; അതത്രെ സജീവമായത്. അവരതറിയുമായിരുന്നെങ്കില്‍’ (ആശയം; അല്‍അന്‍കബൂത്: 64).
ഐഹിക ജീവിതത്തിന്റെ അവസ്ഥയെ കളിയും തമാശയുമെന്നു വിശേഷിപ്പിച്ചത് വളരെ അര്‍ഥ വത്താണ്. അതായത് കളികള്‍ക്കും തമാശകള്‍ക്കും അതിന്റേതായ പരിസമാപ്തിയുണ്ട്; നൈമിഷികവും ക്ഷണികവുമായിരിക്കുമത്. ഇടപഴകുമ്പോള്‍ മാത്രം ആസ്വാദ്യമാവുന്നത് എന്ന പരിമിതിയും അവയ്ക്കുണ്ട്. ഐഹിക ജീവിതം ഇടപഴകുമ്പോള്‍ താല്‍കാലികമായി സുഖകരവും ആസ്വാദ്യവുമാകാം; എന്നാല്‍ അത് ശാശ്വതമായിരിക്കില്ല. ചില വിനോദങ്ങള്‍ തന്നെ സുഖകരമല്ലാത്ത പരിണതിയിലെത്തിയിട്ടുമുണ്ടാവും. എന്നാല്‍ പരലോകം അങ്ങനെയല്ല; അതില്‍ അനന്തമായ സുഖദുഃഖങ്ങളാണുള്ളത്. അതിനാല്‍ തന്നെ ഭൗതികതയില്‍ മുഴുകാതെ പാരത്രിക സുഖ സമ്പൂര്‍ണ്ണതക്കായി പ്രവര്‍ത്തിക്കണമെന്നും പ്രവാചകര്‍ ഉല്‍ബോധനം നടത്തി.

ഒരു സംശയം
ഇവിടെ ഒരു സംശയമുയരാം. സര്‍വശക്തനായ അല്ലാഹുവിന് ജനങ്ങളെ നേര്‍വഴിയില്‍ നടത്താന്‍ എന്തിനാണു പ്രവാചകര്‍? ഓരോരുത്തരെയും നേര്‍വഴിയില്‍ പ്രകൃത്യാ സഞ്ചരിപ്പിച്ചാല്‍ പോരേ? പ്രവാചകനിയോഗം സ്രഷ്ടാവ് സര്‍വ്വശക്തനാണെന്ന വിശേഷണത്തിനു ന്യൂനത വരുത്തന്നുതാണെന്ന് ദ്യോതിപ്പിക്കുന്നതാണീ ചോദ്യം. യഥാര്‍ഥത്തില്‍ ഇത്  മനുഷ്യന്റെ അസ്തിത്വ പ്രധാനമായ ഗുണവിശേഷത്തെ നിഷേധിക്കലാണ്. അല്ലെങ്കില്‍ അജ്ഞതയാണ്.
ഇതരജീവികളില്‍നിന്നു മനുഷ്യനുള്ള സവിശേഷതയാണ് ഇഛാസ്വാതന്ത്യ്രം. ആലോചിക്കാനും തീരുമാനിക്കാനും അനുവര്‍ത്തിക്കാനുമുള്ള സ്വാതന്ത്യമാണവനെ നന്‍മ തിന്‍മകളുടെ സ്വീകരണ നിരാകരണത്തിനു യോഗ്യനാക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ ഏതെങ്കിലും ഒരു വഴിയെ  പ്രകൃതിപരമായി തെളിക്കപ്പെടുകയെന്നാല്‍ അതിനര്‍ഥം അവന്‍ സ്വതന്ത്രനല്ല എന്നു കൂടിയാണ്. അങ്ങനെയൊരവസ്ഥയില്‍ നന്മതിന്മകള്‍ക്കോ രക്ഷാശിക്ഷകള്‍ക്കോ പ്രസക്തിയുമുണ്ടാവില്ല. അത് കൊണ്ട് തന്നെ മനുഷ്യനു മുന്നില്‍ നന്മയും തിന്മയും വേര്‍തിരിച്ചവതരിപ്പിക്കപ്പെടുകയോ  മനസ്സിലാക്കാനവസരമുണ്ടാവുകയോ വേണം.
നന്മയും തിന്മയും മനസ്സില്‍ തോന്നിപ്പിച്ച് അതില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനവസരം നല്‍കിയാല്‍ പരിഹാരമാവില്ല. കാരണം ഇഛാസ്വാതന്ത്യ്രത്തിന്റെ ഫലമായി അതില്‍ ഏറ്റക്കുറച്ചില്‍ വരുത്താന്‍ സാധിക്കും. അതുപോലെ  നന്മയെ തിന്മയായി അവതരിപ്പിക്കാനും കഴിയും. മറ്റൊരാള്‍ക്ക് അത് തിരുത്താന്‍ സാധിക്കാതെയും വരും.
ചുരുക്കത്തില്‍ ഏതെങ്കിലും ഒരു വഴിയിലുടെ മാത്രം മനുഷ്യനെ സഞ്ചരിപ്പിക്കുന്നത് ഇഛാസ്വാതന്ത്ര്യം തകര്‍ക്കുന്നതാണ്. നന്മ തിന്മകള്‍ മനസ്സില്‍ തോന്നിപ്പിച്ച് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്യ്രം നല്‍കുന്നത് ഇഛാസ്വാതന്ത്യത്തിന്റെ ദുരുപയോഗത്തിനു കാരണമാവുകയും ചെയ്യും. അതിനാല്‍ ഇതു രണ്ടും കരണീയമല്ല. ഇത്തരം പ്രതിസന്ധിയെ അതിജീവിക്കാനുള്ള യുക്തമായ മാര്‍ഗമാണ് പ്രവാചക നിയോഗം. എല്ലാവര്‍ക്കും സുപരിചിതനായ ഒരാള്‍ എല്ലാവരോടുമായി സത്യം പ്രസ്താവിക്കുക. അതിനു വിരുദ്ധമായത് വ്യക്തമാക്കുക എന്നതാണിതിലൂടെ സാധ്യമാകുന്നത്. ആര്‍ക്കും ഇഷ്ടാനുസരണം കൂട്ടാനും കുറയ്ക്കാനും അവസരമില്ലാത്ത വിധം പരസ്യമാക്കപ്പെട്ടതിനാല്‍ ഇവിടെ ഇഛാസ്വാതന്ത്യത്തിന്റെ ദുരുപയോഗം നടക്കില്ല. നടന്നാല്‍ തന്നെ അതു തിരിച്ചറിയാന്‍ സാധിക്കുകയും ചെയ്യും.
ആരെങ്കിലും അടിച്ചേല്‍പ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്തു എന്ന പരിമിതിയുമുണ്ടാവില്ല. ഇഛാസ്വാതന്ത്യം ഉപയോഗപ്പെടുത്താനും അതടിസ്ഥാനത്തില്‍ പ്രതിഫലം നേടാനും അവസരമുണ്ടാവുകയും ചെയ്യും. എല്ലാവര്‍ക്കും സത്യം സ്വീകരിക്കുന്നതിന് ഒരു കേന്ദ്രം എന്ന സ്ഥി തി വന്നെങ്കിലേ അതിനു കെട്ടുറപ്പുണ്ടാവുകയുള്ളു. നിയോഗിതരായ മുഴുവന്‍ പ്രവാചകന്‍മാരിലും അവരുടെ സമൂഹത്തിലും ഇതിന്റെ ഫലങ്ങള്‍ പ്രകടമായിട്ടുണ്ട്.

മുഅ്ജിസത്തുകള്‍
പ്രവാചകന്‍മാരിലുടെ അല്ലാഹു വെളിപ്പെടുത്തുന്ന അമാനുഷിക സിദ്ധികളാണ് മുഅ്ജിസത്തുകള്‍. എല്ലാ പ്രവാചകന്‍മാര്‍ക്കും  ഒരേ തരത്തിലുള്ള മുഅ്ജിസത്തുകളായിരുന്നില്ല നല്‍കിയിരുന്നത്. അതാതുകാലത്തെ ശ്രദ്ധേയമായ മേഖലയിലെ അസാധ്യതകളെ അതിജയിക്കുന്ന അത്യല്‍ഭൂതങ്ങളായിരുന്നു പ്രധാനമായും മുഅ്ജിസത്തുകള്‍. ഉദാഹരണത്തിന് മൂസാ(അ)മിനെ എടുക്കാം. അദ്ദേഹത്തിന്റെ രംഗപ്രവേശം മാരണവും ആഭിചാരവും പ്രചാരം നേടുകയും കു ടിലും കൊട്ടാരവും അവയുടെ നീരാളിപ്പിടുത്തത്തിലകപ്പെടുകയും ചെയ്ത  കാലത്തായിരുന്നു. എന്തെങ്കിലും മാധ്യമമാക്കി കണ്‍കെട്ടുന്ന ഒരു തരം മായാജാലമായിരുന്നു അക്കാലത്തുണ്ടായിരുന്നത്.
അവര്‍ക്കിടയിലേക്കു നിയോഗിതനായ മുസാ(അ)ന് വടി പാമ്പാക്കുന്നതും കൈ പ്രകാശിക്കുന്നതുമായ മുഅ്ജിസത്തുകള്‍ അല്ലാഹു നല്‍കി. അതിനു മുമ്പില്‍ അക്കാലത്തെ മാരണക്കാര്‍ അടിപതറുകയുണ്ടായി. തല്‍ഫലമായി അവരില്‍ പലരും സത്യവിശ്വാസികളായിത്തീര്‍ന്നു. തങ്ങളുടെ പ്രവൃത്തികളുടെ അടിസ്ഥാനം കണ്‍കെട്ട് മാത്രമാണെന്നറിയാവുന്ന അവര്‍ മൂസാ നബി(അ)ന്റേത്  അങ്ങനെയല്ലെന്നു തിരിച്ചറിയുകയായിരുന്നു.
ഈസാ നബി(അ)ന്റെ കാലഘട്ടം രോഗ ചികിത്സാരംഗത്ത് വിദഗ്ധരായവരുടെ കാലമായിരുന്നു. ചില വിഷമകരമായ രോഗങ്ങള്‍ ഭേദപ്പെടുത്തിയവര്‍ ആ പേരില്‍ ജനങ്ങളെ ചുഷണം ചെ യ്തുകൊണ്ടിരുന്നു. അവര്‍ക്കിടയില്‍  രംഗത്തു വന്ന ഈസാ(അ) മാറാരോഗമെന്നു കരുതപ്പെട്ടിരുന്ന വെള്ളപ്പാണ്ട്  സുഖപ്പെടുത്തുകയും അത് ഒരു ചൂഷണോപാധിയാക്കാതെ ആതുര സേവന നിരതമായ ജീവിതം നയിക്കുകയും ചെയ്തു. ജന്മനായുള്ള അന്ധതയും അദ്ദേഹം ഭേദപ്പെടുത്തി.  മരണപ്പെട്ടവരെ ജീവിപ്പിക്കുകയും ചെയ്തു.
നമ്മുടെ നബി(സ) തങ്ങളുടേത് സാഹിത്യ പുരോഗതിയുടെ കാലഘട്ടമായിരുന്നു. അക്കാല ത്തെ സാഹിത്യ സമ്രാട്ടുകളെയും ആസ്വാദകരെയും മുട്ടുകുത്തിക്കുന്നതാണ് വിശുദ്ധഖുര്‍ആന്റെ സാഹിത്യവൈഭവം. സാഹിത്യത്തിനു ഒരുതരം  നാഗരികപരിവേഷമുണ്ട്. ധിഷണാപരമായ മനുഷ്യന്റെ വ്യവഹാരത്തെ അത് സജീവമാക്കി നിലനിര്‍ത്തുന്നു. വിശുദ്ധ ഖുര്‍ആന്‍ പ്രപഞ്ചനാശത്തോളം നിലനില്‍ക്കേണ്ടതാണ്. അതിനാല്‍ തന്നെ അതിജയിക്കാനാവാത്ത സാഹിത്യ മേന്‍മ ഖുര്‍ആനെന്നുമുണ്ട്. ഖുര്‍ആനുയര്‍ത്തിയ സമാന രചനക്കായുള്ള വെല്ലുവിളി ഇന്നും നിലനില്‍ക്കുകയാണ്. ഖുര്‍ആനിന്റെ അമാനുഷിക ഭാവം സാഹിത്യ മേന്മയില്‍ മാത്രം പരിമിതപ്പെടുത്തുകയല്ല. മറിച്ച് അതിന്റെ എക്കാലത്തെയും അത്യുജ്ജ്വലമായ ഒരു ഭാവത്തെ  പ്രത്യേകം സൂ ചിപ്പിക്കുകയാണ്. ഖുര്‍ആന്‍ മുഴുക്കെയും അമാനുഷികമാണ്; അക്ഷരവും ആശയവും ശൈ ലിയും ഘടനയും ക്രമവുമെല്ലാം.

സാഹചര്യകേന്ദ്രീകരണം
പ്രവാചകത്വ ദൗത്യത്തിന്റെ വിജയപ്രാപ്തിക്ക് അനിവാര്യമായ സാഹചര്യങ്ങള്‍ ഇത്തരം കഴിവുകളിലൂടെ അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. അവരുടെ ജീവിത പ്രകൃതി ക്രമീകരിക്കപ്പെട്ടതും അങ്ങനെ തന്നെയാണ്. ഈസാ(അ)ന്റെ ജീവിതം വിലയിരുത്തി നോക്കാം:
അദ്ദേഹം പിതാവില്ലാതെയാണ് പിറക്കുന്നത് .അത് ദുരാരോപണങ്ങള്‍ക്കിടയാക്കിയേക്കാമെന്നതിനാല്‍ തൊട്ടിലില്‍ നിന്നു തന്നെ  താന്‍ അല്ലാഹുവിന്റെ ദാസനാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബനൂ ഇസ്രാഈലില്‍  ഒരു പ്രവാചക കുടുംബത്തിന്റെ ശേഷിപ്പ് ഇല്ലാതിരിക്കാന്‍ അദ്ദേഹം വിവാഹാതനായില്ല. ദുര്‍ന്യായങ്ങളുമായി നടക്കുന്നവരും തന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നവരു മായ ആളുകളുടെ കപടമുഖം അനാവരണം ചെയ്യുന്നതിനായി  അദ്ദേഹം ഇനിയും രംഗത്തെത്തും. അതിനായി അദ്ദേഹം  വാനലോകത്തേക്കുയര്‍ത്തപ്പെട്ടു. അന്ത്യനാളടുക്കുമ്പോള്‍ ഇറങ്ങിവരും. താന്‍ വളരെ കൂടുതലായി ശുഭവാര്‍ത്തയറിയിച്ച പ്രവാചകനേതാവിന്റെ അനുയായി എ ന്ന പദവി അധികമായി നേടും. വളരെ കുറച്ചാളുകള്‍ മാത്രം അനുയായികളായിട്ടുണ്ടായിരുന്ന അദ്ദേഹത്തിനു മുഹമ്മദ് നബി(സ്വ) തങ്ങളുടെ അനുയായികളില്‍ ദജ്ജാലിന്റെ കുതന്ത്രത്തില്‍ നിന്നു രക്ഷപ്പെട്ടവരോടൊപ്പം ഗിരിവാസവും അവരുടെ നേതൃത്വവും നല്‍കി ആദരിക്കപ്പെടും.
മാതാപിതാക്കളുടെ മരണം, ശൈശവം, ബാല്യം, കൌമാരം, വിവാഹം തുടങ്ങി ജീവിതത്തിന്റെ എല്ലാമേഖലകളിലും നബി(സ) തങ്ങള്‍ അന്ത്യപ്രവാചകരാണെന്ന നിലയിലുള്ള ക്രമീകരണങ്ങള്‍ കാണാം.

You may also like

More in:Risalath

Leave a reply

Your email address will not be published. Required fields are marked *