IslamRisalath

മനുഷ്യകുലത്തിനുവേണ്ടി ലോകാനുഗ്രഹിയായ പ്രവാചകൻ ചെയ്തത്

നമ്മെ ഏറെ ആകർഷിക്കുകയും നമ്മുടെ സ്‌നേഹാദരങ്ങൾ നേടിയെടുക്കുകയും ചെയ്ത എന്തിനെയും വികാരപരമായി നോക്കിക്കാണാനാണ് ആരും സാധാരണ ശ്രമിക്കാറ്. ദൈവത്തിന്റെ സന്ദേശവാഹകരായ പ്രവാചകന്മാരെ പോലും അതിശയോക്തി കലർത്തിയാണ് അവതരിപ്പിക്കാറുള്ളത്. അവർ മനുഷ്യർക്കുവേണ്ടി എന്താണ് ചെയ്തതെന്നും അവർക്കെങ്ങനെ അതെല്ലാം സാധിച്ചുവെന്നും നാമെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അവരുടെ ജീവിതത്തിൽ നിന്ന് നമുക്ക് എന്ത് പാഠമാണ് കിട്ടാനുള്ളത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
ലോകാനുഗ്രഹിയായ മുഹമ്മദ് നബി മനുഷ്യജീവിതത്തിൽ എന്തു മാറ്റമാണ് വരുത്തിയത്?

ഒരേയൊരു ദൈവം
മുഹമ്മദ് നബിക്ക് ദൈവം അവതരിപ്പിച്ച വേദഗ്രന്ഥമാണ് ഖുർആൻ. ഖുർആനിലെ ആദ്യത്തെ അധ്യായമാണ് ‘ഫാതിഹ’ സർവലോകങ്ങലുടെയും നാഥനായ, കരുണാമയനായ, ദൈവത്തിനുള്ള കൃതജ്ഞതയോടുകൂടിയ പ്രാർഥനയാണ് ഈ അധ്യായം. പ്രപഞ്ചമാകെ സൃഷ്ടിച്ചു പരിപാലിക്കുന്ന ആ ഏകനായ ദൈവത്തെ കീഴ്‌വണങ്ങാനാണ് പ്രവാചകൻ മനുഷ്യസമൂഹത്തോട് പറഞ്ഞത്. ഏകനായ ആ ദൈവം എല്ലാ ഗുണങ്ങളും തികഞ്ഞവനാണ്. എല്ലാം തികഞ്ഞവൻ അവൻ മാത്രം.

‘അവനെപ്പോലെ യാതൊന്നുമില്ല’
(വിശുദ്ധ ഖുർആൻ: അധ്യായം: അശ്ശൂറാ, സൂക്തം: 11)
എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് ഒരേയൊരു ദൈവം. സ്രഷ്ടാവായ ആ ഏകദൈവത്തിന്റെ അഭീഷ്ടത്തിനൊത്ത് ജീവിക്കാൻ തിരുദൂതർ മനുഷ്യരെ പഠിപ്പിച്ചു. ദൈവവാക്യങ്ങളുടെ സമാഹാരമായ ഖുർആൻ പൊതുവിൽ മാനവസമൂഹത്തെ ഒന്നിച്ചാണ് അഭിസംബോധന ചെയ്യുന്നത്. പ്രത്യേകവിഭാഗങ്ങളോടും ദേശക്കാരോടുമുള്ള വർത്തമാനങ്ങൾ ഖുർആനിൽ പൊതുവെ കുറവാണ്. സൃഷ്ടിച്ച ഏകനായ ദൈവത്തിന്റെ സ്‌നേഹവലയത്തിലേക്കാണ് മുഴുവൻ മനുഷ്യരെയും തിരുനബിയും ഖുർആനും ക്ഷണിക്കുന്നത്.
‘ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥന് വഴിപ്പെടുക. നിങ്ങൾ സൂക്ഷമതയുള്ളവരായിത്തീരാൻ’
(വിശുദ്ധ ഖുർആൻ: അധ്യായം: അൽ ബഖറ, സൂക്തം: 21)

Also read: കുറ്റവും ശിക്ഷയും

മനുഷ്യരെല്ലാം ഒന്ന്
മനുഷ്യരെ ഒരേ മാതാപിതാക്കളുടെ മക്കളായിക്കണ്ട് എല്ലാ മനുഷ്യർക്കുംവേണ്ടി സംസാരിച്ച വിപ്ലവകാരിയാണ് മുഹമ്മദ് നബി. മുഹമ്മദ് നബിക്ക് അവതരിച്ച ആദ്യത്തെ ദൈവവചനം തന്നെ മനുഷ്യനെപ്പറ്റിയാണ് പറയുന്നത്
‘സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തിൽ നീ വായിക്കുക. അവൻ മനുഷ്യനെ രക്തപിണ്ഡത്തിൽ നിന്ന് സൃഷ്ടിച്ചു.’
(വിശുദ്ധ ഖുർആൻ: അധ്യായം: അൽ അലഖ്, സൂക്തം: 1,2)

തിരുനബിയെ ഖുർആൻ വിശേഷിപ്പിക്കുന്നത് അറബികളുടെ നബിയെന്നോ മുസ് ലിംകളുടെ നബിയെന്നോ അല്ല, ലോകാനുഗ്രഹിയായ പ്രവാചകനെന്നാണ്. മനുഷ്യനാണ് ഖുർആന്റെ ഇതിവൃത്തം. മനുഷ്യനോടാണ് ഖുർആന്റെ സംബോധന. അാനവതയുടെ വിമോചകനാണ് പ്രവാചകൻ.

വർഗവർണ വ്യത്യാസമില്ലാതെ മുഴുവൻ മനുഷ്യരെയുമാണ് അദ്ദേഹം സംബോധന ചെയ്തത്. അദ്ദേഹത്തിന്റെ അനുയായികളിൽ അക്കാലത്തെ വർഗവൈവിധ്യങ്ങളെല്ലാം ഒത്തുചേർന്നിരുന്നു. ഇതാണ് പ്രവാചക വിപ്ലവത്തിന്റെ തനിമയും പുതുമയും.

എല്ലായിടത്തേക്കുമായി വെളിച്ചം
ഓരോ മനുഷ്യനെയും ഉള്ളും പുറവും പാടെ മാറ്റി, പുതിയൊരു മനുഷ്യനാക്കുകയായിരുന്നു പ്രവാചകൻ. ഒട്ടകത്തിന്റെ കടിഞ്ഞാൺ പിടിച്ച അപരിഷ്‌കൃതരായ അറബികളെ ഭരണകൂടത്തിന്റെ ചെങ്കോലേന്തിക്കുക മാത്രമല്ല നബി ചെയ്തത്. മദ്യലഹരികളിലും മദാലസകളിലും മതിമറന്ന അവരെ ജീവിതവിശുദ്ധിയുടെ ഉത്തുംഗശ്രേണിയിലേക്കുയർത്തുകകൂടി ചെയ്തു ആ മഹാപരിഷ്‌കർത്താവ്. സ്വകാര്യജീവിതമെന്ന് സൗകര്യപൂർവം ഒഴിച്ചുനിർത്തുന്ന ജീവിതത്തിന്റെ രഹസ്യമേഖലകൾ പോലും പ്രവാചകന്റെ പരിഷ്‌ക്കരണവരുതിക്ക് പുറത്തായിരുന്നില്ല. അതുകൊണ്ടുതന്നെ നബിയുടെ മാത്യകാജീവിതത്തിന്റെ എല്ലാ ഉള്ളറകളും അനുയായികൾക്ക് പഠനവിഷയമായിരുന്നു. ഏത് അന്ധനും വായിക്കാവുന്ന തുറന്ന ഗ്രന്ഥമായിരുന്നു പ്രവാചകജീവിതം.

READ ALSO  പ്രവാചകത്വം എന്നാല്‍ എന്ത്?

മധ്യമാർഗം
ജീവിതത്തിന്റെ ഭിന്നഭാവങ്ങളെയും വിരുദ്ധതാൽപര്യങ്ങളെയും തികച്ചും സന്തുലിതമായ ഒരു മധ്യമാർഗത്തിൽ സമന്വയിപ്പിച്ചുവെന്നതാണ് മുഹമ്മദ് നബി സാധിച്ച വിപ്ലവത്തിന്റെ വിസ്മയജനകമായ സവിശേഷത. വ്യക്തി സമൂഹം, നിയമം ധർമം, ആത്മാവ് പദാർഥം, ഇഹലോകം പരലോകം, മതം രാഷ്ട്രം, ആരാധന ആയോധനം, സ്വന്തം പരക്ഷേമം, അവകാശം ബാധ്യത, സ്ത്രീ പുരുഷൻ തുടങ്ങിയ വൈവിധ്യങ്ങളെല്ലാം പ്രവാചകൻ സമന്വയിപ്പിച്ചു. ഇക്കാര്യത്തിൽ വളരെ അനുയോജ്യവും പ്രകൃതിക്കിണങ്ങുന്നതും നീതിയുക്തവുമായ ഒരു സമന്വയമാണ് പ്രവാചകൻ കണ്ടെത്തിയത്. ആ സന്തുലിത ജീവിതമാർഗത്തെയാണ് വിശുദ്ധ ഖുർആൻ മധ്യമാർഗമെന്ന് വിശേഷിപ്പിച്ചത്.

മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധി
നബിയുടെ വിചാരവിപ്ലവം മനുഷ്യന് തന്റെ സ്ഥാനവും നിലപാടും കണിശമായി നിർണയിച്ചു കൊടുത്തു. മനുഷ്യൻ ദൈവത്തിന്റെ ദാസനാണ്. അതോടൊപ്പം ഓരോ മനുഷ്യനും ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധിയാണ് എന്നതാണ് ആ സ്ഥാനം. മനുഷ്യൻ എന്തു ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ദൈവഹിതം മാനിച്ചു മാത്രമാകണം. സൃഷ്ടികൾക്ക് പാടുള്ളതും ഇല്ലാത്തതും പറയോണ്ടത് സൃഷ്ടികർത്താവാണ്. ദൈവത്തിന്റെ ഭൂമിയിൽ ദൈവത്തിന്റെ നിയമം. അതാണ് ശരി. ആ വലിയ ശരിയെ പിൻപറ്റി മാത്രം ജീവിക്കുവാൻ മനുഷ്യൻ ജന്മനാ ബാധ്യസ്ഥനും പ്രതിജ്ഞാബദ്ധനുമാണ്.

Also read: ഇസ് ലാമിക നാ​ഗരികത സുന്ദരവും സമുജ്ജലുവുമാണ്

എന്നാൽ ദൈവഹിതമാകുന്ന നിയന്ത്രണരേഖയുടെ വിശാലമായ നാഴികക്കുറ്റികൾക്കു നടുവിൽ ഒട്ടേറെ സ്വാതന്ത്ര്യം മനുഷ്യന് നൽകപ്പെട്ടിരിക്കുന്നു. ഭൂതലമാകുന്ന ദൈവികസാമ്രാജ്യത്തിലെ സ്വയംഭരണാധികാരമുള്ള അസ്തിത്വമാണ് മനുഷ്യൻ. അടിമത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വ്യത്യസ്ത ഭാവങ്ങൽ മനുഷ്യന്റെ സൃഷ്ടിപ്പിൽ നിലകൊള്ളുന്നുണ്ട്. സ്വന്തത്തെ കണ്ടെത്താൻ മനുഷ്യൻ ശ്രമിക്കുമ്പോൾ അവൻ അതുവഴി ദൈവത്തെയും കണ്ടെത്തുന്നു.

ഈ വിമോചനമാർഗം ആരുടേതാണ്?
മനുഷ്യൻ എന്തുചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ദൈവത്തിന്റെ അഭീഷ്ടമനുസരിച്ചാണ് എന്നത് ഈ ദർശനത്തിന്റെ സവിശേഷതയാണ്. ഈ പാത മുഹമ്മദ് നബി സ്വയം വെട്ടിത്തെളിച്ചതല്ല. ഈ ജീവിതദർശനം ദൈവത്തിന്റേതാണ്.
‘അദ്ദേഹം തന്നിഷ്ടപ്രകാരം ഒന്നും പറയുന്നില്ല. അവയെല്ലാം അദ്ദേഹത്തിന് നൽകിയ ദൈവികവെളിപാടുകൾ മാത്രമാണ്.’
(വിശുദ്ധ ഖുർആൻ: അധ്യായം : അന്നജ്മ്, സൂക്തം: 3,4)

ലോകത്തിന് അനുഗ്രഹമായാണ് പ്രവാചകൻ വന്നത്. ലോകത്ത് സമാധാനം കൊണ്ടുവരാൻ ആഗതനായ ദൈവദൂതരെ നമുക്ക് പിൻപറ്റാം. ശാന്തി പുലരുന്ന ഒരു ലോകത്തിനു വേണ്ടി നമുക്ക് പരിശ്രമിക്കാം. മനുഷ്യർക്കിടയിൽ ഉച്ചനിചത്വങ്ങളില്ലാത്ത, സമത്വസുന്ദരമായ ലോകം. തനിക്കിഷ്ടപ്പെട്ടത് മറ്റുള്ളവർക്കുകൂടി നൽകാൻ തയ്യാറുള്ള ത്യാഗികളുടെ ലോകം. ഹൃദയങ്ങളിൽ സ്‌നേഹവും കാരുണ്യവും നിറഞ്ഞ നല്ല മനുഷ്യരുടെ ലോകം.

You may also like

More in:Islam

Leave a reply

Your email address will not be published. Required fields are marked *