Thouheed

അല്ലാഹു

മാനവസമൂഹത്തിന് ദൈവം നല്‍കിയ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം.ദൈവമാണ് അതിന്റെ കേന്ദ്രബിന്ദു. ‘അല്ലാഹു’ എന്നത് ഏകദൈവത്തിന് അറബി ഭാഷയില്‍ വിളിക്കുന്ന പേരാണ്.

അല്ലാഹുവിനെ അറിയാന്‍ സഹായകമായ ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇതാ:

‘പറയുക! അവൻ അല്ലാഹുവാകുന്നു. ഏകൻ! ആശ്രയം ആവശ്യമില്ലാത്തവൻ. അവൻ പിതാവല്ല; പുത്രനുമല്ല. അവന് തുല്യനായി ആരുമില്ല!” 112:1-4

‘അവനാണല്ലാഹു! അവനല്ലാതെ ദൈവമില്ല. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാറ്റിനെയും പരിപാലിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റെതാണ്. അവന്റെയടുക്കൽ അനുവാദമില്ലാതെ ശുപാർശ ചെയ്യാൻ കഴിയുന്നവനാര്? അവരുടെ ഇന്നലെകളിലുണ്ടായതും നാളെകളിൽ ഉണ്ടാകാനിരിക്കുന്നതും അവൻ അറിയുന്നു………’ 2: 255

‘അവനാണ് അല്ലാഹു! അവൻ അല്ലാതെ ദൈവമില്ല. കാണുന്നതും കാണാത്തതും അറിയുന്നവനാണവൻ. അവൻ ദയാപരനും കരുണാമയനുമാണ്. അവനാണല്ലാഹു! അവൻ അല്ലാതെ ദൈവമില്ല. രാജാധിരാജൻ; പരമപരിശുദ്ധൻ; സമാധാനദായകൻ; അഭയദാതാവ്; മേൽനോട്ടക്കാരൻ; അജയ്യൻ; പരമാധികാരി; സർവോന്നതൻ.എല്ലാം അവൻതന്നെ………… ‘ 59: 22,23

‘കണ്ണുകൾക്ക് അവനെ കാണാനാവില്ല. എന്നാൽ അവൻ കണ്ണുകളെ കാണുന്നു. അവൻ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും’ 6:103

‘അവനാണല്ലാഹു. നിങ്ങളുടെ നാഥൻ. അവനല്ലാതെ ദൈവമേയില്ല. സകല വസ്തുക്കളെയും സൃഷ്ടിച്ചവനാണവൻ. അതിനാൽ നിങ്ങൾ അവന് മാത്രം വഴിപ്പെടുക. എല്ലാ കാര്യങ്ങളുടെയും കൈകാര്യകർത്താവ് അവനാണ്’ 6:102

‘വാനഭുവനങ്ങളുടെ സ്രഷ്ടാവാണവൻ. അവൻ നിങ്ങൾക്ക് നിങ്ങളിൽനിന്ന് തന്നെ ഇണകളെ സൃഷ്ടിച്ച് തന്നിരിക്കുന്നു. നാൽകാലികളിലും ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അതുവഴി അവൻ നിങ്ങളെ സൃഷ്ടിച്ച് വംശം വികസിപ്പിക്കുന്നു. അല്ലാഹുവിന് തുല്യമായി ഒന്നുമില്ല. അവൻ എല്ലാം കേൾക്കുന്നവനാണ്. കാണുന്നവനും’ 42:11

‘നിങ്ങളെയവൻ മണ്ണിൽ നിന്ന് സൃഷ്ടിച്ചു. പിന്നെ നിങ്ങളതാ ഭൂമിയിൽ മനുഷ്യരായി വ്യാപരിച്ചുകൊണ്ടിരിക്കുന്നു.ഇത് അവന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണ്’ 30:20

‘ധാന്യമണികളെയും പഴക്കുരുകളെയും പിളർക്കുന്നവൻ അല്ലാഹുവാണ്. ജീവനില്ലാത്തതിൽ നിന്ന് ജീവനുള്ളതിനെ ഉൽപാദിപ്പിക്കുന്നതും ജീവനുള്ളതിൽ നിന്ന് ജീവനില്ലാത്തതിനെ പുറത്തെടുക്കുന്നതും അവനാണ്. . . . . . . . പ്രഭാതത്തെ വിടർത്തുന്നതവനാണ്. രാവിനെ അവൻ വിശ്രമ വേളയാക്കി. സൂര്യചന്ദ്രന്മാരെ സമയനിർണയത്തിനുള്ള അടിസ്ഥാനവും. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്റെ ക്രമീകരണമാണിതെല്ലാം.’ 6: 95,96

‘കരയിലെയും കടലിലെയും കൂരിരുളിൽ നിങ്ങൾക്ക് വഴി കാണിക്കാൻ നക്ഷത്രങ്ങളെ സൃഷ്ടിച്ചതും അവൻതന്നെ. കാര്യമറിയാൻ കഴിയുന്നവർക്ക് നാമിതാ തെളിവുകൾ വിശദീകരിച്ചു തരുന്നു. ഒരേയൊരു സത്തയിൽ നിന്ന് നിങ്ങളെയൊക്കെ സൃഷ്ടിച്ചതും അവനാണ്. പിന്നെ നിങ്ങൾക്കാവശ്യമായ വാസ സ്ഥലവും സങ്കേതവും ഉണ്ട്. ഗ്രഹിക്കുന്ന ജനതക്ക് വേണ്ടി നാം ഈ തെളിവുകളൊക്കെയും വിശദീകരിച്ചു തരുന്നു.’ 6: 97,98

‘അല്ലാഹു കാർമേഘത്തെ മന്ദംമന്ദം തെളിച്ചുകൊണ്ടുവരുന്നതും പിന്നീടതിനെ ഒരുമിച്ചു ചേർക്കുന്നതും എന്നിട്ട് അതിനെ അട്ടിയാക്കി വെച്ച് കട്ട പിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ? അങ്ങനെ അവയ്ക്കിടയിൽ നിന്ന് മഴത്തുള്ളികൾ പുറപ്പെടുന്നത് നിനക്കു കാണാം. മാനത്തെ മലകൾ പോലുള്ള മേഘക്കൂട്ടങ്ങളിൽ നിന്ന് അവൻ ആലിപ്പഴം വീഴ്ത്തുന്നു. എന്നിട്ട് താനിച്ഛിക്കുന്നവർക്ക് അതിന്റെ വിപത്ത് വരുത്തുന്നു. താനിച്ഛിക്കുന്നവരിൽ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നൽവെളിച്ചം കാഴ്ചകളെ ഇല്ലാതാക്കാൻ പോന്നതാണ്’ 24:43

‘ആകാശ ഭൂമികളുടെ സൃഷ്ടിപ്പിൽ, രാപ്പകലുകൾ മാറിമാറി വരുന്നതിൽ, മനുഷ്യർക്കുപകരിക്കുന്ന ചരക്കുകളുമായി സമുദ്രത്തിൽ സഞ്ചരിക്കുന്ന കപ്പലുകളിൽ, അല്ലാഹു മാനത്തു നിന്ന് മഴ വീഴ്ത്തി അതുവഴി ജീവനറ്റ ഭൂമിക്ക് ജീവനേകുന്നതിൽ, ഭൂമിയിൽ എല്ലായിനം ജീവികളെയും പരത്തി വിടുന്നതിൽ, കാറ്റിനെ ചലിപ്പിക്കുന്നതിൽ, ആകാശഭൂമികൾക്കിടയിൽ ആജ്ഞാനുവർത്തിയായി നിർത്തിയിട്ടുള്ള കാർമേഘത്തിൽ-എല്ലാറ്റിലും ചിന്തിക്കുന്ന ജനതക്ക് അനേകം തെളിവുകളുണ്ട്.’ 2:164

‘ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുണ്ട് എന്ന് നീ മനസ്സിലാക്കുന്നില്ലേ? മൂന്നാളുകൾക്കിടയിൽ ഒരു രഹസ്യ സംഭാഷണവും നടക്കുന്നില്ല, നാലാമനായി അല്ലാഹു ഇല്ലാതെ. അല്ലെങ്കിൽ അഞ്ചാളുകൾക്കിടയിൽ സ്വകാര്യ ഭാഷണം നടക്കുന്നില്ല,ആറാമനായി അവനില്ലാതെ. എണ്ണം ഇതിനേക്കാൾ കുറയട്ടെ, കൂടട്ടെ, അവർ എവിടെയുമാകട്ടെ, അല്ലാഹു അവരോടൊപ്പമുണ്ട്. പിന്നെ, അവരെന്താണ് ചെയ്തുകൊണ്ടിരുന്നത് എന്ന് പുനരുത്ഥാന നാളിൽ അവരെ ബോധിപ്പിക്കുകയും ചെയ്യും. അല്ലാഹു സർവജ്ഞനാണ്, തീർച്ച.’ 58:7

‘ഭൂമിയിൽ മുളച്ചുണ്ടാവുന്ന സസ്യങ്ങൾ, മനുഷ്യവർഗം, മനുഷ്യർക്കറിയാത്ത മറ്റനേകം വസ്തുക്കൾ, എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധൻ!’ 36:36

‘രാവും പകലും സൂര്യനും ചന്ദ്രനും അവൻ നിങ്ങൾക്ക് ഉപയുക്തമാക്കിത്തന്നു. അവന്റെ നിശ്ചയ പ്രകാരം നക്ഷത്രങ്ങളെയും. ബുദ്ധിയുള്ളവർക്ക് അതിൽ ദൃഷ്ടാന്തങ്ങളുണ്ട്. ഭൂമിയിൽ അവൻ നിങ്ങൾക്കായി സൃഷ്ടിച്ച വർണ വൈവിധ്യമുള്ള വസ്തുക്കളിലും ചിന്തിക്കുന്ന ജനതക്ക് പാഠമുണ്ട്’ 16:12, 13

‘സമുദ്രത്തെ അവൻ നിങ്ങൾക്ക് വിധേയമാക്കിത്തന്നു. നിങ്ങളതിൽ നിന്ന് പുതുമാംസം ഭക്ഷിക്കാനും നിങ്ങൾക്ക് അണിയാനുള്ള ആഭരണങ്ങൾ കണ്ടെടുക്കാനും. കപ്പൽ അതിലെ അലമാലകളെ കീറിമുറിച്ച് സഞ്ചരിക്കുന്നത് നീ കാണുന്നുണ്ടല്ലോ: അല്ലാഹുവിന്റെ അനുഗ്രഹംതേടാൻ വേണ്ടിയാണത്. അവനോട് നിങ്ങൾ നന്ദി കാണിക്കുന്നവരാകാനും’ 16:14

‘നിന്റെ നാഥൻ ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ്. അവർ ചെയ്തുകൂട്ടിയതിന്റെ പേരിൽ അവരെ അവൻ പിടികൂടുകയാണെങ്കിൽ അവർക്ക് അവൻ വളരെ പെട്ടെന്ന്തന്നെ ശിക്ഷ നൽകുമായിരുന്നു. എന്നാൽ അവർക്കൊരു നിശ്ചിത കാലാവധിയുണ്ട്. അതിനെ മറികടക്കാൻ ഒരഭയ കേന്ദ്രവും കണ്ടെത്താൻ അവർക്കാവില്ല.’ 18:58

‘പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ! അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശരാവരുത്. സംശയംവേണ്ട, അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു തരുന്നവനാണ്. ഉറപ്പായും അവൻ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും.’ 39:53

‘നിങ്ങൾക്ക് ശിക്ഷ വന്നെത്തും മുമ്പേ നിങ്ങൾ സ്വന്തം നാഥങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. അവന് കീഴ്‌പ്പെടുക. ശിക്ഷ വന്നെത്തിയാൽ പിന്നെ നിങ്ങൾക്ക് എങ്ങു നിന്നും സഹായം കിട്ടുകയില്ല. നിങ്ങളറിയാതെ, പെട്ടെന്നാണ് നിങ്ങൾക്ക് ശിക്ഷ വന്നെത്തുക. അതിനു മുമ്പേ നിങ്ങളുടെ നാഥനിൽനിന്ന് നിങ്ങൾക്ക് ഇറക്കിക്കിട്ടിയ വേദത്തിലെ വചനങ്ങളെ പിൻപറ്റുക.’ 39:54,55

You may also like

Leave a reply

Your email address will not be published. Required fields are marked *